ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധത്തിന് സമഗ്ര പദ്ധതികള്‍

Posted on: March 19, 2014 8:08 am | Last updated: March 19, 2014 at 9:54 am
SHARE

കോഴിക്കോട്: വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിന് തുക വിനിയോഗിക്കുന്നതിനുള്ള പ്രതേ്യക അനുമതി ഉടന്‍. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിയുന്നത്ര വേഗത്തില്‍ പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാരുമായി കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ആവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ സി എലത ആവശ്യപ്പെട്ടു. ജില്ലക്കായി ഒരു സമഗ്ര വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 4.51 കോടി രൂപ ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ 1. 32 കോടി രൂപ കുടിവെള്ള വിതരണത്തിനായി വിനിയോഗിച്ചു.
വരള്‍ച്ചാ പ്രതിരോധത്തിനുള്ള 631 പ്രവൃത്തികള്‍ക്ക് നടപ്പു വര്‍ഷം ഭരണാനുമതി നല്‍കിയതായി കലക്ടര്‍ പറഞ്ഞു. 11.91 കോടി രൂപയുടെ പ്രവൃത്തികളാണിവ. ഇതില്‍ 368 പ്രവൃത്തികള്‍ക്കുള്ള തുക അനുവദിച്ചതായും കലക്ടര്‍ വ്യക്തമാക്കി. ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ നിര്‍ദേശങ്ങള്‍ക്ക് യാതൊരു താമസവും കൂടാതെ ഭരണാനുമതി നല്‍കുന്നുണ്ട്. വരക്കല്‍ കുളം, കരിക്കാംകുളം, മൂശാരിവയല്‍കുളം തുടങ്ങിയവയുടെ നവീകരണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൂണേരി പൊതുകുളം നവീകരണത്തിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും കലക്ടര്‍ പറഞ്ഞു.
നിര്‍ദിഷ്ട കര്‍മ പദ്ധതിയില്‍ പൊതുകുളങ്ങള്‍ നവീകരിക്കാനും പൊതു ജനങ്ങളുടെയും സാമൂഹിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ മാലിന്യം നിറഞ്ഞ കുളങ്ങള്‍ ശുദ്ധീകരിച്ച് ഉപയുക്തമാക്കാനും അതുവഴി സമീപ ജലസ്രോതസ്സുകളിലെ മാലിന്യബാധ തടയാനും ലക്ഷ്യമിടുന്നു. മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും ജല സാക്ഷരതയും ലക്ഷ്യമിട്ട് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, നാഷനല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ ഏജന്‍സികള്‍ വഴിയും ബോധവത്ക്കരണ ക്ലാസുകളും പ്രശ്‌നോത്തരി മത്സരങ്ങളും തെരുവ് നാടകമുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ സംഘടിപ്പിച്ചും രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ ക്യാമ്പയിന് രൂപം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. സൂര്യാഘാതം പ്രതിരോധിക്കുന്നതിനും വരള്‍ച്ചാ സമയങ്ങളിലെ രോഗ സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും കുടിവെള്ള പ്രാധാന്യം വിവരിക്കുന്നതുമടക്കമുള്ള വിഷയങ്ങളും അടങ്ങുന്ന ലഘുലേഖകളും ബ്രോഷറുകളും തയ്യാറാക്കി വിതരണം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളും ഭൂഗര്‍ഭ ജല വകുപ്പും ജല അതോറിറ്റിയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രതേ്യക ശ്രദ്ധ ചെലുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു. തീരദേശ, മലയോര മേഖലകളിലെ ജലദൗര്‍ലഭ്യം രൂക്ഷമായ പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോട് കലക്ടര്‍ ആവശ്യപ്പെട്ടു. വേനല്‍ കനത്ത സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് ഉറപ്പു വരുത്താന്‍ ജലനിധിയെ ചുമതലപ്പെടുത്തി. തെരുവോര കച്ചവട സ്ഥാപനങ്ങളുള്‍പ്പെടെയുള്ള ശീതള പാനീയ സ്ഥാപനങ്ങളിലും സ്‌കൂളുകള്‍ക്കടുത്തുള്ള കടകളില്‍ പ്രതേ്യകിച്ചും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഭൂഗര്‍ഭ ജലത്തിന്റെ ഉപഭോഗം അമ്പത് ശതമാനമെങ്കിലും കുറക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഭൂഗര്‍ഭ ജലവകുപ്പ് ഉദേ്യാഗസ്ഥരോട് കലക്ടര്‍ നിര്‍ദേശിച്ചു.