Connect with us

Kozhikode

നരിക്കുനി ബൈത്തുല്‍ ഇസ്സ 20 ന്റെ നിറവില്‍

Published

|

Last Updated

നരിക്കുനി: സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക സേവന രംഗത്ത് വിവിധ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന നരിക്കുനി ബൈത്തുല്‍ ഇസ്സ ഇരുപതിന്റെ നിറവില്‍. ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ഇരുപതാം വാര്‍ഷിക സമ്മേളനം സ്ഥാപനത്തിന്റെ ശില്‍പ്പിയും പ്രഥമ പ്രസിഡന്റുമായിരുന്ന മര്‍ഹൂം പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയര്‍ നഗരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അനാഥരെയും സാമ്പത്തിക പരാധീനത കാരണം മതഭൗതിക വിദ്യാഭ്യാസം വഴിമുട്ടിയവരെയും സംരക്ഷിക്കുന്നതിനായി 1993ല്‍ സ്ഥാപിച്ച അഗതി അനാഥ മന്ദിരമാണ് പ്രഥമ സംരംഭം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ക്യാമ്പസുകളായി സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കുന്ന ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, സി എം വലിയ്യുല്ലാഹി സ്മാരക ദര്‍സ്, മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുന്ന ദഅ്‌വാ കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റിലീഫ് സെന്റര്‍, ബോര്‍ഡിംഗ് മദ്‌റസ എന്നിവ പ്രധാന സംരംഭങ്ങളാണ്. 2003 ല്‍ ബൈത്തുല്‍ ഇസ്സക്ക് കീഴില്‍ ആരംഭിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സുന്നി പ്രസ്ഥാനരംഗത്തെ ആദ്യസംരംഭമാണ്. സര്‍ക്കാറിന്റെ അംഗീകാരത്തോടെയും കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെയും ബി കോം കമ്പ്യൂട്ടര്‍, ബി ബി എ, ബി സി എ, ബി എ ട്രാവല്‍ ആന്‍ഡ് ടൂറിസം, സോഷ്യോളജി, ബി കോം ഫിനാന്‍സ് എന്നീ ഡിഗ്രി കോഴ്‌സുകള്‍ക്കൊപ്പം എം കോം, പി ജി കോഴ്‌സുകളും പഠിപ്പിക്കുന്ന ആര്‍ട്‌സ് കോളജിനൊപ്പം ബി എ അഫ്‌സലുല്‍ ഉലമ ഡിഗ്രി നേടാന്‍ ഉപകരിക്കുന്ന അറബിക് കോളജും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി ഇരുപത് വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കും. അഞ്ച് ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ചെലവ് പൂര്‍ണമായി ബൈത്തുല്‍ ഇസ്സ വഹിക്കും. കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഈ മാസം 23ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബൈത്തുല്‍ ഇസ്സയില്‍ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇ എന്‍ ടി, പ്രഷര്‍-ഷുഗര്‍ പരിശോധന എന്നിവയുണ്ടാകും. പ്രമുഖ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സൗജന്യ മരുന്ന് വിതരണവും നടക്കും. താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ എബ്രഹാം ഉദ്ഘാടനം ചെയ്യും. വി എം ഉമ്മര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ജില്ലാവാഹന പ്രചാരണ ജാഥ ഈ മാസം 25, 26, 27 തീയതികളില്‍ നടക്കും. 25ന് രാവിലെ കുഞ്ഞിപ്പള്ളിയില്‍ നിന്ന് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ 27ന് വൈകീട്ട് കുറ്റിച്ചിറയില്‍ സമാപിക്കും. 28ന് സമ്മേളന വിളംബര ദിനമായി ആചരിക്കും. വൈകീട്ട് അഞ്ചിന് നരിക്കുനിയില്‍ വിളംബര ജാഥ നടക്കും. 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ പ്രഗത്ഭ പണ്ഡിതന്‍മാരുടെ മതപ്രഭാഷണം നരിക്കുനിയില്‍ നടക്കും. 29ന് സംസ്ഥാനതല ദഅ്‌വാ ഫെസ്റ്റും നടക്കും. ഏപ്രില്‍ നാലിന് തുടങ്ങുന്ന സമ്മേളനത്തില്‍ അനുസ്മരണ സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, ന്യൂനപക്ഷ സമ്മേളനം, ആത്മീയ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, പ്രവാസി സംഗമം, രക്ഷാകര്‍തൃ സംഗമം, പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സെക്രട്ടറി പി മുഹമ്മദ് മാസ്റ്റര്‍, മാനേജര്‍ ടി എ മുഹമ്മദ് അഹ്‌സനി, സ്വാഗത സംഘം ചെയര്‍മാന്‍ കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട്, കണ്‍വീനര്‍ പി വി അഹമ്മദ് കബീര്‍ പങ്കെടുത്തു.

 

Latest