Connect with us

Ongoing News

മൂന്നാം മുന്നണിയുടെ കിംഗ് മേക്കര്‍

Published

|

Last Updated

അറുപത് വര്‍ഷം മുമ്പ് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ യുവാവിന്റെ മുന്നില്‍ തൊഴിലവസരങ്ങള്‍ നിരവധിയുണ്ടായിരിക്കണം. പക്ഷേ, ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക അവസ്ഥ മാറ്റിവരക്കാനാണ് ആ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച യുവാവ് പിന്നീട് കര്‍ണാടക രാഷ്ട്രീയത്തില്‍ മുന്നണികളും മന്ത്രിസഭകളും ഉണ്ടാക്കിയും തകര്‍ത്തും കളിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ മുന്നണിയുണ്ടാക്കി ഇങ്ങ് തെക്ക് തമിഴ്‌നാട്ടിലെ ജയലളിത മുതല്‍ വടക്ക് മുലായം, പവാര്‍ എന്നിവര്‍ നെഞ്ചില്‍ താലോലിക്കുന്ന പ്രധാനമന്ത്രി കസേര വരെയെത്തി. എണ്‍പത്തൊന്നാം വയസ്സില്‍ ഒരിക്കല്‍ കൂടി പ്രധാനമന്ത്രി കസേരയിലിരിക്കാന്‍ പറഞ്ഞാല്‍ ഹരദനഹല്ലി ദൊഡ്ഡെഗൗഡ ദേവെഗൗഡക്ക് നൂറുവട്ടം സമ്മതം. ഇപ്രവാശ്യവും അങ്ങനെയൊരു അവസരം ലഭിച്ചുകൂടായ്കയെന്നില്ല. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണിയെന്ന ആശയം വീണ്ടും തട്ടിക്കൂട്ടി ഇടത് നേതാക്കള്‍ രംഗത്തുവന്നപ്പോള്‍ കോറസ് പാടാന്‍ ഈ “മണ്ണിന്റെ മകന്‍” ഓടിയെത്തിയത്.

ഹരദനഹല്ലി ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ഇരുപതാം വയസ്സില്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. തുടക്കം കോണ്‍ഗ്രസിലൂടെയായിരുന്നുവെങ്കിലും താനുദ്ദേശിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് മനസ്സിലാക്കാന്‍ ഒമ്പത് വര്‍ഷമെടുത്തു. പിന്നെയൊന്നും ആലോചിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 62ലെ തിരഞ്ഞെടുപ്പില്‍ ഹോരെനരസിപൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക്. ജനം ഒപ്പം നിന്നു. ഗൗഡയുടെ ജൈത്രയാത്ര അവിടെ ആരംഭിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് വട്ടം നിയമസഭയില്‍. ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിനെ പിളര്‍ത്തിയത് ഗൗഡയുടെ ജീവിതത്തിലും വഴിത്തരിവായി. സംഘടനാ കോണ്‍ഗ്രസിലേക്ക് മാറിയ ഗൗഡ അവിടെ കിരീടം വെക്കാത്ത രാജാവായി. 1972ല്‍ ഇന്ദിരയുടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരം പിടിച്ചപ്പോള്‍ നിയമസഭയില്‍ സംഘടനാ കോണ്‍ഗ്രസുകാരുടെ എണ്ണം നന്നേ കുറഞ്ഞു. കൂട്ടത്തില്‍ വലിയവനായ ഗൗഡ പ്രതിപക്ഷത്തിന്റെ നേതാവായി. അടിയന്തരാവസ്ഥക്കാലത്തും ഒരു വര്‍ഷം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നതോടെ ശ്രദ്ധേയനായി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായി. അറസ്റ്റും ജയില്‍വാസവുമായിരുന്നു ഫലം. ഈ ജയില്‍വാസത്തോടെ ഗൗഡയെ സോഷ്യലിസ്റ്റ് ആശയക്കാരുടെ ചേരിയിലെത്തിച്ചു.
1983ലാണ് ദേവെഗൗഡ കര്‍ണാടക രാഷ്ട്രീയത്തിലെ കിംഗ് മേക്കറാകുന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന രാമകൃഷ്ണ ഹെഗ്‌ഡെക്കും എസ് ആര്‍ ബൊമ്മൈക്കും ജെ എച്ച് പട്ടേലിനുമൊപ്പം ജനതാ പാര്‍ട്ടിയില്‍ നിന്നു. ബി ജെ പിയുടെയും സി പി എമ്മിന്റെയും പുറത്തുനിന്നുള്ള പിന്തുണ ഉറപ്പാക്കി ഹെഗ്‌ഡെ മന്ത്രിസഭയെ അധികാരത്തിലേറ്റിയ തന്ത്രത്തിന്റെ ബുദ്ധി ഗൗഡയുടേതായിരുന്നു. ഇന്ദിരാ സഹതാപ തരംഗത്തില്‍ ജനതാ സര്‍ക്കാര്‍ വീണപ്പോള്‍ ഹെഗ്‌ഡെ രാജിവെച്ചൊഴിഞ്ഞു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി സര്‍ക്കാറിനെ അധികാരത്തിലെത്തിച്ചതിനു പിന്നിലും ഗൗഡ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. 84ലെ മന്ത്രിസഭയില്‍ അംഗവുമായി. അഴിമതി ആരോപണവും ജനതാ രാഷ്ട്രീയത്തിന് പരമ്പരാഗതമായി ലഭിച്ച ചേരിപ്പോരും ഒരുമിച്ചെത്തിയപ്പോള്‍ ഗൗഡ രാജിവെച്ചു. മുഖ്യമന്ത്രി പദത്തിന് ചരട് വലിച്ചിരുന്ന എസ് ആര്‍ ബൊമ്മെയുമായി ചേര്‍ന്നതോടെ ഹെഗ്‌ഡെ തെറിച്ചു. ബൊമ്മെ മുഖ്യമന്ത്രിയായി.

94ല്‍ മുഖ്യമന്ത്രിയായെങ്കിലും രണ്ട് വര്‍ഷം അതിന് ആയുസ്സുണ്ടായില്ല. അതിലും വലുത് ഒന്ന് ഗൗഡയെ കാത്തിരിപ്പുണ്ടായിരുന്നു. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ ഇടതുപാര്‍ട്ടികളുടെ കാര്‍മിത്വത്തില്‍ രൂപവത്കരിച്ച ദേശീയ മുന്നണി പ്രധാനമന്ത്രിപദത്തിലേക്ക് കണ്ടെത്തിയത് ദേവെഗൗഡയെയായിരുന്നു. കോണ്‍ഗ്രസ് പാലം വലിച്ചതോടെ അവിടെയും അധികകാലം തുടരാനായില്ല.
അഞ്ച് തവണ ലോക്‌സഭയിലെത്തിയ ഗൗഡ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നുറപ്പാണ്. മൂന്നാം മുന്നണിയുടെ കിംഗ് ആയില്ലെങ്കിലും കിംഗ് മേക്കറാകാന്‍.

Latest