Connect with us

Articles

ശര്‍ക്കരവെള്ളത്തിന്റെ ഔഷധ വീര്യം !

Published

|

Last Updated

നേരിയ പനിയോ അതുപോലുള്ള നിസ്സാര രോഗങ്ങളോ ബാധിക്കുമ്പോഴേക്കും ഡോക്ടറെയും ആശുപത്രികളെയും അവലംബിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. രോഗികളുടെ ഈ മനോഭാവം ചൂഷണം ചെയ്യുന്നതില്‍ ഡോക്ടര്‍മാരും വിദഗ്ധരാണ്. നിസ്സാര രോഗങ്ങള്‍ക്കു പോലും ആന്റിബയോട്ടിക്കുകളടക്കം മരുന്നുകള്‍ യഥേഷ്ടം കുറിച്ചു കൊടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ മത്സരമാണ്. കൂടുതല്‍ മരുന്നിനെഴുതുന്നവരാണ് മികച്ച ഡോക്ടര്‍മാര്‍ എന്നു വിശ്വസിക്കുന്ന സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതോടൊപ്പം മരുന്നുകമ്പനികള്‍ ഓഫര്‍ ചെയ്യുന്ന വില പിടിപ്പുള്ള സമ്മാനങ്ങള്‍ നേടാനും നീണ്ട മരുന്നിന്‍ കുറിപ്പടി ഭിഷഗ്വരന്മാരെ സഹായിക്കുന്നു. 2005നും 2010നുമിടയിലുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ ആന്റിബയോട്ടിക് ഉപയോഗത്തിലുണ്ടായ വര്‍ധന 37 ശതമാനമാണ്. 40,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം 2000 കോടി രൂപയുടെ മരുന്നുകളാണ് വില്‍ക്കുന്നത്. ഇതില്‍ 200 കോടിയുടെത് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നത്. 1800 കോടിയുടെ മരുന്നുകളും സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും വഴിയാണ് വിറ്റഴിയുന്നത്.
ഡോക്ടര്‍മാരെ അപ്പടി വിശ്വസിച്ചു വാങ്ങിക്കഴിക്കുന്ന മരുന്നുകളില്‍ ഗണ്യഭാഗവും ഗുണനിലവാരമില്ലാത്തതും ഗുരുതരമായ പാര്‍ശ്വഫലങ്ങളുളവാക്കുന്നതുമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിത മരുന്നുകള്‍ രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ വിറ്റഴിക്കപ്പെടുന്നതായി പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായതാണ്. മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലിമെന്ററി സമിതി അന്വേഷണം നടത്തിയത്. ഇതിന്റെ ഫലം ഞെട്ടലുളവാക്കുന്നതാണ്.
ഭൂരിഭാഗം വികസിത രാജ്യങ്ങളിലും വില്‍പ്പന നിരോധിച്ച മരുന്നുകളാണ് പരിശോധനാവിധേയമാക്കിയതില്‍ 13 എണ്ണം. 25 മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് യോഗ്യതയുള്ള മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നില്ല. ഇന്ത്യയിലെ ജനങ്ങളില്‍ ഏത് രീതിയിലാണ് പ്രതിപ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് വേറെ 31 മരുന്നുകള്‍ക്ക് അനുമതി നല്‍കിയത്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന 40,000 കോടി രൂപയുടെ മരുന്നില്‍ 12,000 കോടിയുടെതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. 17,000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ 70 ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ ഹാത്തി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്ന് കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക ബേങ്ക് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉപയോഗിച്ചതും കാലഹരണപ്പെട്ട മരുന്നുകളായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി.
യാതൊരു ചേരുവയുമില്ലാതെ ശര്‍ക്കരവെള്ളവും ആല്‍ക്കഹോളും ചേര്‍ത്തതാണ് വിപണിയില്‍ ലഭിക്കുന്ന ടോണിക്കുകളില്‍ പലതും. പ്രധാന കമ്പനികളുടെ മരുന്നുകളുടെ പേരിലെ ഏതെങ്കിലും ഒരക്ഷരം മാറ്റി രംഗത്തെത്തുന്നതാണ് ചില വ്യാജമരുന്നുകള്‍. കമ്പനിയുടെ അതേ പേരില്‍ തന്നെ വ്യാജനിറക്കുന്നവരുമുണ്ട്. വിറ്റാമിന്‍ ഗുളികകള്‍, ചുമ നിവാരണികള്‍, അയേണ്‍ ടോണിക്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് വ്യാജന്‍മാര്‍ ഏറെയും വരുന്നത്. വ്യാജന്മാരുടെ പിടിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ പോലും മുക്തമല്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി വഴി വിതരണം ചെയ്യുന്ന 122 മരുന്നുകളില്‍ 29 എണ്ണവും ഗുണനിലവാരമില്ലാത്തതാണെന്ന് വി ഡി സതീശന്‍ എം എല്‍ എ രേഖകള്‍ നിരത്തി നിയമസഭയെ ബോധ്യപ്പെടുത്തിയിരുന്നു. ഒരു തരത്തിലുമുള്ള പരിശോധനയും നടത്താതെ പ്രതിമാസം ഒരു മരുന്നിനെങ്കിലും ഇന്ത്യയില്‍ അനുമതി നല്‍കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവരുട വെളിപ്പെടുത്തല്‍. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദമാണ് കൃത്യപരിശോധന നടത്താതെ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗുണനിലവാരമില്ലാത്തവ കണ്ടെത്താനും അവയുടെ വിപണനം തടയാനും ലോക രാജ്യങ്ങളില്‍ കാര്യക്ഷമമായ സംവിധാനങ്ങളുണ്ട്. നിലവാരമില്ലാത്ത മരുന്ന് വിറ്റതിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മുന്‍നിര മരുന്നു നിര്‍മാതാക്കളായ റാന്‍ബാക്‌സി ലബോറട്ടറീസ് കമ്പനിക്ക് അമേരിക്ക 50 കോടി ഡോളര്‍ പിഴ ചുമത്തുകയും കമ്പനിയുടെ മുപ്പത് മരുന്നുകള്‍ അവിടെ നിരോധിക്കുകയും ചെയ്തിരുന്നു. അതേസമയം നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതിന് റാന്‍ബാക്‌സി കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി കഴിഞ്ഞ വാരത്തില്‍ ഇന്ത്യയിലെ പരമോന്നത കോടതി തള്ളുകയാണുണ്ടായത്. കമ്പനിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്ന് കാണിച്ചാണ് ഹരജി തള്ളിയത്.
മരുന്ന് നിര്‍മാതാക്കളും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ വൃന്ദവും മെഡിക്കല്‍ വിദഗ്ധരും തമ്മില്‍ അവിഹിത ബന്ധം നിലനില്‍ക്കുന്നുണ്ടെന്നത് സംശയരഹിതമായ യാഥാര്‍ഥ്യമാണ്. ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി വി ഡീ പ്ലെയര്‍, ഫ്രിഡ്ജ്, മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ്, വിദേശയാത്രാ സ്‌പോണ്‍സര്‍ഷിപ്പ് വരെ നീളുന്നു “കോമ്പഌമെന്റ്” എന്ന ഓമനപ്പേരിലുള്ള കൈക്കൂലി. മരുന്നു കമ്പനികള്‍ ഡോക്ടര്‍മാരെ സ്വാധീനിച്ചാണ് ആരോഗ്യമേഖലയില്‍ പിടിമുറുക്കുന്നതെന്ന് കോണ്‍ഗ്രസ് എം പി ജ്യോതി മിര്‍ധ തെളിവു സഹിതം സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും വേനലവധിക്കാലം ആഘോഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങക്കുമായി ഒരു പ്രമുഖ മരുന്നു കമ്പനി നല്‍കിയ 30 വിമാന ടിക്കറ്റുകളാണ് അദ്ദേഹം തെൡവിനായി ഹാജരാക്കിയത്. ഇതടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ മരുന്നു കമ്പനികളുടെ ആതിഥേയത്വവും ആനുകൂല്യങ്ങളും സ്വീകരിക്കുന്നത് തടയാനുള്ള മാര്‍ഗരേഖകള്‍ തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.