രാഷ്ട്രീയ സാക്ഷരതയെ വെല്ലുവിളിക്കുന്നവര്‍

Posted on: March 19, 2014 6:00 am | Last updated: March 18, 2014 at 10:12 pm
SHARE

balram and deen19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചില പ്രത്യേക സാഹചര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വന്ന പദപ്രയോഗമായിരുന്നു ‘സെക്കുലറിസം’ എന്നത്. നമ്മളതിനെ മലയാളവത്കരിച്ച് ‘മതേതരം’ എന്നാക്കി. അതോടെ മതം രാഷട്രീയത്തോടും രാഷ്ട്രീയം മതത്തോടും മനസ്സിലൊളിപ്പിച്ച അയിത്തം മറച്ചു വെച്ചുകൊണ്ടു പരസ്പരം ഹസ്തദാനം നല്‍കി മുന്നോട്ടു പോകുകയായിരന്നു.
യേശുവിന്റെ ‘കുരിശുമരണ’ത്തിനും ‘ഉയിര്‍ത്തെഴുന്നേല്‍പ്പി’നും മുന്നോടിയായുള്ള അമ്പത് നോമ്പ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്ന ഏപ്രില്‍ 10ന് തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പ് വെച്ചത് ന്യൂനപക്ഷാവകാശത്തിന് എതിരായ കടന്നാക്രമണമാണെന്ന് ഇപ്പോള്‍ തന്നെ പള്ളിവൃത്തങ്ങളില്‍ സംസാരമുണ്ട്. ക്രിസ്ത്യാനികള്‍ക്ക് ഇത്രമേല്‍ സ്വാധീനമുള്ള ഒരു ഭരണം കേന്ദ്രത്തിലും കേരളത്തിലുമുള്ളപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഭരണം മാറിയാലുള്ള അവസ്ഥയില്‍ മെത്രാന്മാരുടെ സംഘത്തിന് ആശങ്ക അനുഭവപ്പെടുന്നത് സ്വാഭാവികം. കണ്ടില്ലേ, സ്വന്തം സ്‌കൂളിലെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെക്കൊണ്ട് ഇടുക്കിയിലെ പാര്‍ലിമെന്റ്അംഗം പി ടി തോമസിന്റെ ശവഘോഷയാത്ര നടത്തിപ്പോലും പ്രതിഷേധിച്ചത്. എം പിയുടെ സാങ്കല്‍പ്പിക ശവത്തില്‍ ചൂലുകൊണ്ട് അടിച്ചു പ്രതിഷേധിച്ചതിന്റെ പിന്നില്‍ വെറും കത്തോലിക്കാ വൈദികര്‍ മാത്രം ആയിരിക്കില്ല പ്രവര്‍ത്തിച്ചത്. പി ടി തോമസിനെ ഇനിയും പാര്‍ലിമെന്റ് കാണിക്കുകയില്ല എന്ന വാശിയുള്ള ചില കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കണം. ഈ കളി ജയിച്ചു. സിറ്റിംഗ് എം പിമാര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പി ടി തോമസിനെ അങ്ങ് ഡല്‍ഹിയില്‍ പെട്ടി ചുമക്കുന്ന പണിക്ക് പറഞ്ഞയച്ചിരിക്കുന്നു.
യുവകോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ തന്നെ സ്ഥാനാര്‍ഥി ആക്കുന്നതില്‍ പി ടി പക്ഷം വിജയിച്ചിരിക്കുന്നു. ഡീന്‍ കുര്യാക്കോസിന് തുടക്കത്തിലേ പാളി. സ്ഥാനാര്‍ഥിയുടെ മെത്രാന്‍ അരമന സന്ദര്‍ശനം കോണ്‍ഗ്രസില്‍ പുതിയ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ബിഷപ്പിന്റെ കൈമുത്തി അനുഗ്രഹം നേടാന്‍ കോണ്‍ഗ്രസ്പട സ്ഥാനാര്‍ഥിയെ ആനയിച്ചത് നാട്ടിലെ സര്‍വമാധ്യമങ്ങളെയും ക്യാമറക്കാരെയും കൂട്ടിയാണ്. കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിയുടെ ശിരസ്സില്‍ മെത്രാന്‍ കൈവെച്ച് അനുഗ്രഹിക്കുന്നതും മാറോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നതും തത്സമയം കാണിച്ച് ഇടുക്കി രൂപതയിലെ വിശ്വാസികളുടെ വോട്ട് മൊത്തമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അതുപക്ഷേ, മെത്രാന്‍ തിരുമേനിക്കും പരിവാരങ്ങള്‍ക്കും അത്ര രുചിച്ചില്ല. അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് പരസ്യമായങ്ങ് പറഞ്ഞുകളഞ്ഞു. അത് വിപരീത ഫലമുളവാക്കി. അതോടെ ബിഷപ്പിനെ തെറി പറഞ്ഞ് ആളാകാന്‍ കിട്ടിയ അവസരം ബലറാം എം എല്‍ എ പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ വിനിയോഗിച്ചു. പഴയ ആ നികൃഷ്ട ജീവി പ്രയോഗം രാഷ്ട്രീയത്തിലേക്ക് ഒരു രണ്ടാം വരവ് നടത്തിയിരിക്കുന്നു. ഭാഷാപ്രയോഗ സാമര്‍ഥ്യത്തില്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് കോണ്‍ഗ്രസുകാര്‍ക്കും തെളിയിക്കേണ്ടതുണ്ടല്ലോ?
രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും തമ്മിലുള്ള സഹായസഹകരണം ഏതറ്റം വരെ പോകാം എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്താണീ സമുദായം? ആരാണീ സമുദായാധ്യക്ഷന്മാര്‍ ? ജാതി മതസമുദായങ്ങളില്‍ നിന്നും മനുഷ്യസമുദായത്തിലേക്കെന്തു ദൂരം വരും? രാഷ്ട്രീയം ലക്ഷ്യമാക്കുന്നത് മുഴുവന്‍ മനുഷ്യ സമുദായങ്ങളുടെയും ക്ഷേമമാണ്. ഒരു സമുദായത്തില്‍ നിന്നു എന്തെങ്കിലും കവര്‍ന്നെടുത്ത് മറ്റൊരു സമുദായത്തിനു നല്‍കലല്ല മതേതര രാഷ്ട്രീയം. സമുദായാംഗങ്ങളെ മൊത്തം മനുഷ്യസമുദായത്തിലെ ഉദാത്തവ്യക്തിത്വങ്ങളാക്കി വളര്‍ത്താന്‍ തങ്ങള്‍ക്കെന്തു സംഭാവന അര്‍പ്പിക്കാന്‍ കഴിയും എന്നതാകട്ടെ സമുദായ നേതാക്കളുടെ ആലേചന. ഇതിനു പകരം ഒന്നുകില്‍ സമുദായസ്പര്‍ധ, അല്ലെങ്കില്‍ സമുദായ പ്രീണനം. രാഷ്ട്രീയമെന്നാല്‍ തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കിയുള്ള ഒരു ഭാഗ്യപരീക്ഷണം, ഇതല്ലേ ഇന്ന് നമ്മുടെ കേരളത്തിന്റെ അവസ്ഥ? ഇത് മനസ്സിലാക്കി നമ്മുടെ ഭരണഘടനയിലെ ‘മതേതരത്വം എന്ന പദം വെട്ടിമാറ്റി ആ സ്ഥാനത്ത് ബഹുസ്വരത (pluralism) എന്നെഴുതി ചേര്‍ത്താലും യാതൊരപകടവും സംഭവിക്കാനില്ല.
ജാതിമത, സാമുദായിക, സാംസ്‌കാരിക വിഷയങ്ങളിലെ ബഹുസ്വരതയെ മാനിക്കാന്‍ സര്‍വരും കടപ്പെട്ടിരിക്കുന്നതുപോലെ രാഷ്ട്രീയമായി പൊതുക്ഷേമം എന്ന ഏകസ്വരതയിലേക്കു ജനം വളരണമെങ്കില്‍ ഇത്തരം ചില പുനരാലോചനകള്‍ കൂടിയേ കഴിയൂ. അതുപോലെ തന്നെ ജാതിമതപരിഷ്‌കരണം ലക്ഷ്യമാക്കി ഒരിക്കല്‍ സ്ഥാപിതമായ സംഘടനകള്‍ അവയുടെ ലക്ഷ്യം നിറവേറ്റി കഴിഞ്ഞാല്‍ അവ സ്വയം പിരിഞ്ഞു പോകാതെ പഴയ ലാവണങ്ങളില്‍ അടിഞ്ഞു കൂടി പൂര്‍വികന്മാരുടെ പാരമ്പര്യങ്ങളില്‍ പങ്കാളികളാകാന്‍ പാടുപെടുന്നതിനെയും വിമര്‍ശ വിധേയമാക്കേണ്ടതുണ്ട്. മീന്‍ പിടിച്ചു കഴിഞ്ഞു വലയുമായി നടക്കുന്നവരെന്ന് മുല്ല നസ്‌റുദ്ദീന്‍ പരിഹസിച്ചതിവരെ ആയിരിക്കണം. തെങ്ങില്‍ കയറാന്‍ കാലില്‍ തളപ്പിടുന്നത് മനസ്സിലാക്കാം. തെങ്ങില്‍ നിന്ന് ഇറങ്ങിയാലും തളപ്പിട്ടു നടക്കുന്നതെന്തിനെന്നു മനസ്സിലാക്കാന്‍ വിഷമം.
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനു ശക്തി പകരാന്‍ ഒരു കാലത്ത് സാമുദായിക സംഘടനകള്‍ വഹിച്ച പങ്ക് ആദരണീയം തന്നെ ആയിരുന്നു. നമ്പൂതിരി മുതല്‍ പുലയന്‍ വരെയുള്ള ഇവിടുത്തെ സമുദായങ്ങള്‍ എല്ലാം തന്നെ സാമുദായികമായി സംഘടിച്ചു ശക്തി പ്രാപിച്ചവരായിരുന്നു. പക്ഷേ അവര്‍ക്കു മുമ്പില്‍ സമര്‍പ്പിതചിത്തരായ നേതാക്കളും പെെട്ടന്നു നേടിയെടുക്കാനുള്ള ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ഇതില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ (1903 ) ശ്രീനാരായണനില്‍ നിന്നും ചൈതന്യം നേടിയ ഈഴവ സമുദായം അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടര്‍ന്നു സംഘടിത ശക്തിയായതോടെ സവര്‍ണ ഹിന്ദുക്കളില്‍ നിന്നവര്‍ അനുഭവിച്ചു പോന്നിരുന്ന അവശതകള്‍ക്കും മറ്റും ഒരു പരിധി വരെ പരിഹാരം കണ്ടു. മന്നത്തു പത്മനാഭനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഉത്സാഹശാലികളായ ഒരു സംഘം യുവാക്കന്മാരും ചേര്‍ന്നാണ് 1914 ഒക്‌ടോബര്‍ 31 ന് നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിച്ചത്. ഗോപാലകൃഷ്ണ ഗോഖലെയുടെ സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ആയിരുന്നു മാതൃക. ജാതിവ്യത്യാസം ഇല്ലാതാക്കുക, നായന്മാര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന താലികെട്ട് കല്യാണം, തിരണ്ടുകുളി മുതലായ ജീര്‍ണാചാരങ്ങള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു സംഘടനയുടെ ലക്ഷ്യം. കൂട്ടുകുടംബ സമ്പ്രദായം, മരുമക്കത്തായ വ്യവസ്ഥ, അയിത്തോച്ചാടനം, സമുദായസൗഹാര്‍ദ സ്ഥാപനം തുടങ്ങി ഒട്ടേറെ മണ്ഡലങ്ങളില്‍ സൊസൈറ്റി ഫലപ്രദമായി പ്രവര്‍ത്തിച്ചു വിജയം വരിച്ചു. ആധുനിക വിദ്യാഭ്യാസവും ജനാധിപത്യ വ്യവസ്ഥയും ശക്തിപ്പെട്ട ഇന്നത്തെ കേരളസാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ ഇത്തരം സാമുദായിക ശക്തികള്‍ക്കുള്ള പ്രസക്തി തന്നെ നഷ്ടമായിരിക്കുന്നു. സ്വന്തം സമുദായത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ വളര്‍ത്തിയെടുക്കുക, മറ്റൊരു സമുദായത്തെ മുഖ്യ ശത്രുവായി കണ്ട് സാമുദായിക സ്പര്‍ധ വളര്‍ത്തുക അതിനൊക്കെയുള്ള കേന്ദ്രങ്ങളായി സമുദായാചാര്യന്മാരുടെ ആദരണീയ സ്മരണകളെയും സമാധി സ്ഥലങ്ങളെയും ദുരുപയോഗപ്പെടുത്തുക ഇതൊക്കെയല്ലേ ഇന്നു പെരുന്നയിലും വര്‍ക്കലയിലും എല്ലാം നടക്കുന്നത്. ദേശീയത തിരോഭവിക്കുകയും സംസ്ഥാനങ്ങളുടെ ഒരു സ്വതന്ത്ര ഫെഡറേഷനായി ഇന്ത്യാ രാജ്യം മാറുകയും ചെയ്യാന്‍ ഇനി അധിക കാലം വേണ്ടി വരില്ല. ആ നിലക്ക് ഓരോ സംസ്ഥാനത്തെയും ജനങ്ങള്‍ സങ്കുചിതമായ മത സമുദായ സ്പര്‍ധകള്‍ വെടിഞ്ഞു ഒരു പൊതു സമൂഹമായി ഒരുമിച്ചു നിന്നുകൊണ്ട് വിലപേശല്‍ നടത്തേണ്ട കാലമാണ് വരാന്‍ പോകുന്നത്. ആ നിലക്ക് രാഷട്രീയത്തിലെ ഉന്നതാധികാര സ്ഥാനങ്ങളിലേക്കു സ്വന്തം ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യുന്ന ജോലിയുമായി കുറെ സമുദായ സംഘടനകള്‍ ഈ നിലയില്‍ നിലനില്‍ക്കേണ്ടതുണ്ടോ എന്നു അവര്‍ക്കു തന്നെ ആലോചിക്കാവുന്നതാണ്
‘വി എം സുധീരനെപ്പോലുള്ള, കണ്ട കോണ്‍ഗ്രസ്സുകാര്‍ക്കു കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധി”സുകുമാരന്‍ നായരുടെ പ്രസ്താവന ഏറെ പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ഒരു പഴയ മാടമ്പിത്തര ധാര്‍ഷ്ട്യം നിറഞ്ഞ ഈ പ്രഖ്യാപനത്തിന് മറുപടി പറയാനൊന്നും ഒരു കോണ്‍ഗ്രാുകാരനും മുതിര്‍ന്നു കണ്ടില്ല. സുധീരനെയും സതീശനെയും പോലെയുള്ള കോണ്‍ഗ്രസ്സിലെ വിപ്ലവ പുലികള്‍ക്കു സ്വന്തം കരണത്ത് കിട്ടിയ ഒരടിയായിരുന്നു നായരുടെ ഈ പ്രസ്താവന. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന നിലയിലാണ് പല പരമ്പരാഗത കോണ്‍ഗ്രസ് വിശ്വാസികളും പ്രസ്താവനയോട് പ്രതികരിച്ചത്. അടുത്ത കാലത്തെങ്ങും കേരളത്തിലെ ഒരു സമുദായ നേതാവും ഇത്ര ധിക്കാരം നിറഞ്ഞ ഒരു പ്രസ്താവന നടത്തി സ്വന്തം അല്‍പ്പത്തരം വെളിവാക്കിയിട്ടില്ല.നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കു മതം, സമുദായം, ആള്‍ദൈവങ്ങള്‍ എന്നൊക്കെ കേള്‍ക്കുന്നതു തന്നെ ഭയമായിരിക്കുന്നു. അതല്ലേ മാതാ അമൃതാനന്ദമയിയുടെ മഠത്തിനെതിരെ അവിടുത്തെ ഒരു പൂര്‍വ അന്തേവാസിനി എഴുതിയ’ഹോളിഹെല്‍ എന്ന പുസ്തകത്തിലെ ഉള്ളടക്കത്തോട് സ്വന്തം പ്രതികരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയ വ്യക്തികള്‍ക്കെതിരെ പോലും കേസും ഭീഷണിയും ഒക്കെയായി പോലീസിനെ അഴിച്ചുവിടാന്‍ ഭരണകൂടം തയ്യാറായത്. അമൃതാനന്ദമയിയല്ല അവരുടെ ഭക്തന്മാരുടെ വോട്ടാണ് പ്രശ്‌നം!
ഒരാള്‍ കെ പി സി സി പ്രസിഡന്റായാല്‍, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താലുമൊക്കെ ഗാന്ധി പ്രതിമയിലും രക്തസാക്ഷി കുടീരത്തിലും പുഷ്പാര്‍ച്ചന നടത്തുക എന്നൊരു അലിഖിത ചട്ടമുണ്ട്. തികച്ചും യാന്ത്രികമായ ഇത്തരം ഒരനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നു സുധീരന്റ പെരുന്ന സന്ദര്‍ശനം. സമാധിയില്‍ പുഷപാര്‍ച്ചന നടത്തുന്നതിനു മുമ്പ് സുധീരന്‍ സുകുമാരന്‍ നായരുടെ പാദപൂജ നടത്തിയില്ലെന്നതായിരിക്കാം അദ്ദേഹത്തെ ചൊടിപ്പിച്ചത്. അതങ്ങനെയാണ്; ദേവനെ പ്രസാദിപ്പിക്കുന്നതിനു മുമ്പ് പൂജാരിയെ പ്രസാദിപ്പിക്കണം. അതാണ് നാട്ടുനടപ്പ്. കേരളത്തിലെ നായന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരേയൊരു ദൈവമേയുള്ളു. അദ്ദേഹമാണ് ഒരിക്കല്‍ കോണ്‍ഗ്രസുകാര്‍ ഭാരതകേസരിപ്പട്ടം നല്‍കി ആദരിച്ച സാക്ഷാല്‍ ശ്രീ മന്നത്ത് പത്മനാഭന്‍. അദ്ദേഹമാണ് അഖിലലോകനായന്മാരുടെയും മ്ശിഹാ. ആ മ്ശിഹായുടെ ഇപ്പോഴത്തെ മാര്‍പ്പാപ്പയാണ് സുകുമാരന്‍ നായര്‍. തന്റെ മുന്‍ഗാമികളായ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ലഭിച്ചു പോന്നിരുന്ന രാഷട്രീയ പരിഗണന തനിക്കു ലഭിക്കുന്നില്ലെന്ന ഒരു അപകര്‍ഷതാ ബോധം നായരെ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്നു എന്ന കാര്യം അറിയാത്ത ആളൊന്നുമല്ല സുധീരന്‍. മാത്രമല്ല, മുഖ്യമന്ത്രി നസ്രാണി ആയിരിക്കെ, സ്ഥാനം ഒഴിയുന്ന കെ പി സി സി അധ്യക്ഷസ്ഥാനം പാരമ്പര്യാനുസൃതമായി ഒരു നായര്‍ക്ക് തന്നെ ലഭിക്കേണ്ടതായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് ജാതിക്കും മതത്തിനും സാമുദായിക സങ്കുചിതത്വത്തിനും എല്ലാം എതിരായി ഒളിയുദ്ധം നടത്തി കോണ്‍ഗ്രസിലെ പുരോഗമന പക്ഷക്കാരോടൊപ്പം നില്‍ക്കാറുള്ള വി എം സുധീരനെ, ജാതി, മതം, സമുദായം എന്നൊക്കെപ്പറഞ്ഞാല്‍ അതെന്താണെന്നു പോലും അറിയാത്ത കേന്ദ്രത്തിലെ ആ പയ്യന്‍ പിടിച്ചു കെ പി സി സി പ്രസിഡന്റാക്കിയിരിക്കുന്നത്.
ആര്‍ക്കെങ്ങനെ വോട്ട് ചെയ്യണമെന്ന് വിശ്വാസികളെ പ്രബോധിപ്പിക്കുന്ന കെ സി ബി സിയുടെ ഇടയലേഖനം സഭാവിശ്വാസികളുടെ രാഷ്ട്രീയ സാക്ഷരതക്കെതിരായ പരോക്ഷമായ വെല്ലുവിളിയാണ്. കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിന്റെ ഉള്ളടക്കം കേട്ടാല്‍ ആരും ചിരിച്ചുപോകും. അഴിമതി, സ്വജനപക്ഷപാദിത്വം, നിരീശ്വരവാദം, സന്മാര്‍ഗവിരുദ്ധത ഇവയൊന്നും തൊട്ടുതീണ്ടാത്ത സ്ഥാനാര്‍ഥികളെ നോക്കിവേണം വോട്ട് ചെയ്യാനെന്നാണ് ഇടയന്മാര്‍ ആടുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരക്കാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നു കുറെയേറെ മലക്കുകളെ തന്നെ ഇങ്ങോട്ട് കെട്ടിയിറക്കേണ്ടി വരും. ഇത്തരം വളച്ചുകെട്ടലുകളും തലക്കു പിന്നിലൂടെയുള്ള സ്വന്തം മൂക്കേല്‍പ്പിടുത്തവും ഒക്കെ എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും നമ്മള്‍ കാണാറുള്ളതാണ്. ഇടയലേഖനങ്ങളില്‍ പറയുന്ന ഗുണഗണങ്ങളെല്ലാം ഏത് സ്ഥാനാര്‍ഥിക്കാണുള്ളതെന്നു വോട്ടര്‍മാര്‍ക്കു സംശയം ഉണ്ടെങ്കില്‍ വിശ്വാസികള്‍ രഹസ്യമായി അവരുടെ വികാരിയച്ചന്മാരോട് ചോദിച്ചാല്‍ മതി. അവര്‍ കാണിച്ചു തരും സത്ഗുണസമ്പൂര്‍ണരായ സ്ഥാനമോഹികളെ. പോരേ പൂരം.
ഇതൊക്കെ തിരിച്ചറിയുന്നതിനെയാണ് രാഷ്ട്രീയ പ്രബുദ്ധത എന്നൊക്കെപ്പറയുന്നത്. അതാണ് നമുക്കില്ലാത്തതും. ഇതെല്ലാം ശുദ്ധ വിലപേശല്‍ തന്ത്രങ്ങളാണ്. ഇനിയും ഒരങ്കത്തിനു ബാല്യം തങ്ങളില്‍ അവശേഷിച്ചിട്ടില്ലെന്നുത്തമ ബോധ്യമുള്ള ഈ പല്ലും ജടയും കൊഴിഞ്ഞ ശുദ്ധ സസ്യഹാരികളായി മാറിയ ഈ സമുദായ സിംഹങ്ങള്‍ ജനങ്ങളെ തങ്ങള്‍ വരച്ച കളത്തിനുള്ളില്‍ എക്കാലത്തും തളച്ചിടാന്‍ കഴിയുമോ എന്നു പരീക്ഷിക്കുകയാണ്. ഇവര്‍ക്കു മുമ്പില്‍ ഒരിക്കല്‍ തല കുനിച്ചു പോയാല്‍പ്പിന്നെ ആ തല പൊങ്ങിയ ചരിത്രം ഇല്ല.