Connect with us

Editorial

കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധി

Published

|

Last Updated

ട്രഷറികള്‍ അടച്ചു പൂട്ടേണ്ട സാഹചര്യത്തോളം വഷളായിരിക്കയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നില. 5600 കോടിയുടെ ധനക്കമ്മിയാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. ഇത്രയും തുക കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ മുമ്പിലില്ലാത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചെലവുകള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം, ഇതിന്റെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ അപ്രഖ്യാപിത വെട്ടിക്കുറവ് നടത്തിക്കൊണ്ടിരിക്കയാണ്. 17,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് നടപ്പു വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ 60 ശതമാനം പോലും വിനിയോഗിക്കാനായിട്ടില്ല. അവശേഷിക്കുന്ന കുറഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ ഇനി ഏറെയൊന്നും ചെയ്യാനുമാകില്ല. ചെലവിടാത്ത പണം അടുത്ത വര്‍ഷം വിനിയോഗിക്കാന്‍ അനുമതി നല്‍കുന്ന പതിവും ഇക്കൊല്ലം വേണ്ടെന്നു വെച്ചതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളെയാണ് പ്രതിസന്ധി സാരമായി ബാധിക്കുക. കഴിഞ്ഞ ജൂണ്‍ മുതലുള്ള കരാറുകാരുടെ 600 കോടിയിലേറെ വരുന്ന കുടിശ്ശികയും അനുവദിക്കാതെ തടഞ്ഞു വെച്ചിരിക്കയാണ്. നിസ്സാരവീഴ്ചകള്‍ പോലും ചൂണ്ടിക്കാണിച്ചു വിവിധ വകുപ്പുകളില്‍ നിന്നെത്തുന്ന ബില്ലുകള്‍ നിരസിക്കുകയും ചെയ്യുന്നു.
കടപ്പത്രമിറക്കിയാണ് കഴിഞ്ഞ കുറേ മാസങ്ങളായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബേങ്ക് മുഖേന 12,200 കോടി കടമെടുക്കാനാണ് സംസ്ഥാനത്തിന് ഈ വര്‍ഷം അനുമതി. അത്രയും തുക ഇതിനകം വാങ്ങിക്കഴിഞ്ഞതിനാല്‍ ആ മാര്‍ഗമവും അടഞ്ഞു. അഞ്ഞൂറ് കോടി രൂപയുടെ കൂടി കടപ്പത്രം പുറപ്പെടുവിച്ചു ധനസമാഹരണം നടത്താനുള്ള പ്രത്യേകാനുവാദത്തിന് കേന്ദ്ര ധനകാര്യ ആസുത്രണ വിഭാഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പദ്ധതി നിര്‍ദേശങ്ങളിലൂടെ ആയിരം കോടി രൂപ കൂടി അനുവദിക്കണമെന്ന അഭ്യര്‍ഥനയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഇവ രണ്ടിനും അനുമതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ട്രഷറികള്‍ പൂട്ടേണ്ടിവരും.
നികുതി വരുമാനത്തിലെ കുറവാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. ജനുവരിയിലെ നികുതി വരുമാനം 1800 കോടിയായി ചുരുങ്ങി. ഫെബ്രുവരിയില്‍ ലക്ഷ്യത്തിന്റെ അടുത്തുപോലുമെത്താനായില്ല. ട്രഷറിയിലെ പണം ദേശസാത്കൃത ബേങ്കുകളിലേക്ക് മാറ്റിയ ചില ഉദ്യോഗസ്ഥമേധാവികളുടെ നടപടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന പ്രചാരണമുണ്ടെങ്കിലും, ഇത് സര്‍ക്കാറിന്റെ പിടിപ്പുകേടിന് ഉദ്യോഗസ്ഥരെ ബലിയാടാക്കലാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വന്‍കിടക്കാരുടെ നികുതി പിരിവ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് അത്തരം ഇളവുകളൊന്നുമില്ല. അപ്രഖ്യാപിത നിയമന നിരോധം അവഗണിച്ചു പിന്‍വാതിലിലൂടെയുള്ള നിയമനങ്ങളും നടന്നുവരുന്നു.
പെട്ടെന്നുണ്ടായ പ്രതിഭാസമല്ല നിലവിലെ സാമ്പത്തിക പ്രതിസന്ധി. ഭരണ വര്‍ഗത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും കെടുകാര്യസ്ഥതയുടെ ഫലമായി വര്‍ഷങ്ങളായി സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ തുടര്‍ച്ചയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ് പലപ്പോഴായി ഇതേക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമേയുള്ളുവെന്ന് വാക്കുകസര്‍ത്തുകള്‍ കൊണ്ട് വസ്തുത മറച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു അന്നൊക്കെ ധനമന്ത്രി. കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റിലും യഥാര്‍ഥ ധനക്കമ്മിയും സാമ്പത്തിക നിലയും തമസ്‌കരിച്ചു ധനസ്ഥിതി ആശാവഹമാണെന്ന തോന്നല്‍ സൃഷ്ടിക്കുകയുമുണ്ടായി. ഇന്നിപ്പോള്‍ തുറന്നു സമ്മതിക്കേണ്ട വിധം പ്രശ്‌നം അതിരൂക്ഷമായിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ ഒകടോബറില്‍ ചീഫ് സെക്രട്ടറി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുക, ഒഴിവുള്ള തസ്തികകളില്‍ പുനര്‍വിന്യാസം, പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് നിരോധിക്കുക, അത്യാവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകക്ക് എടുത്ത് ഉപയോഗിക്കുക, ഗുണകരമായ കരാറുകളുണ്ടാകുമെങ്കില്‍ മാത്രം ജനപ്രതിനിധികളുടെ വിദേശ യാത്രക്ക് അനുമതി തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല. പ്രതിസന്ധി മറികടക്കാന്‍ നികുതി കുടിശ്ശിക പിരിവിന് കര്‍മ പദ്ധതി തയ്യാറാക്കുന്നതോടൊപ്പം പുതിയ നികുതികള്‍ ചുമത്തണമെന്ന ധന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം സര്‍ക്കാറിന്റെ മുമ്പിലുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത് പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതോടെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും നില കൂടുതല്‍ പരുങ്ങലിലാകും. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ പാപഭാരം പേറേണ്ടി വരുന്നത് എന്നും പൊതുജനമാണല്ലോ.