കല്‍ച്ചാടിയിലെ ആദിവാസികള്‍ ശുദ്ധ ജലത്തിനായി അലയുന്നു

Posted on: March 18, 2014 11:50 pm | Last updated: March 18, 2014 at 11:51 pm
SHARE

നെന്മാറ: കല്‍ച്ചാടിയിലെ ആദിവാസി കോളനിവാസികള്‍ ശുദ്ധജലത്തിനായി അലയുന്നു. പഞ്ചായത്ത് കിണര്‍ ചളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി.— കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കിണറ്റില്‍ നിന്നായിരുന്നു ജലം ശേഖരിച്ചിരുത്. എന്നാല്‍, വേനല്‍ കനത്തതോടെ കിണറ്റിലെ ജലലഭ്യത കുറഞ്ഞു.—
രൂക്ഷമായ ജലക്ഷാമത്തെ നേരിടാനായി കോളനി വാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കാട്ടുചോലയെയാണ്. കോളനിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചോലയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. അതിരാവിലെ മുതല്‍ തന്നെ കോളനിയിലെ സ്ത്രീകള്‍ കാട്ടുചോലയിലെ വെള്ളം ശേഖരിക്കാന്‍ കുടവുമായി പുറപ്പെടും. ചോലയിലെ വെള്ളം ഉപയോഗിക്കുന്നതിനാല്‍ പലര്‍ക്കും വിട്ടുമാറാത്ത ചുമയും ജലദോഷവുമുണ്ട്. ആരോഗ്യവകുപ്പധികൃതര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും ജലത്തിന് മറ്റെന്തു മാര്‍ഗമാണുള്ളതെന്ന് കോളനിക്കാര്‍ ചോദിക്കുന്നു. ചോലയില്‍നിന്ന് ചിലപ്പോള്‍ കലങ്ങിയ വെള്ളമാണ് ലഭിക്കാറ്. കോളനിയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഇതിനായി ഉത്തരവാദപ്പെട്ടവര്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും ആദിവാസി മൂപ്പന്‍ ബാലന്‍ പറഞ്ഞു.— പഞ്ചായത്ത് കിണര്‍ നവീകരിച്ച് ജലം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കിയാല്‍ ജലക്ഷാമത്തിന് അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.—
കരിമ്പാറ ജംഗ്ഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കല്‍ച്ചാടി കോളനിയില്‍ ടാങ്കറില്‍ ജലമെത്തിക്കാനുള്ള ശ്രമം നേരത്തെയുണ്ടായെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതുമൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.