Connect with us

Palakkad

അട്ടപ്പാടിയിലും കുഞ്ചിയാര്‍പതിയിലും കാട്ടുതീ; 600 ഹെക്ടര്‍ വനം കത്തിയമര്‍ന്നു

Published

|

Last Updated

വടക്കഞ്ചേരി: ആലത്തൂര്‍ വനം റേഞ്ചില്‍പെട്ട കുഞ്ചിയാര്‍പതി വനം കത്തിയമരുന്നു. നാല് ദിവസമായി വനത്തില്‍ തീ കയറിയിട്ട്. തീ അണക്കുന്നതിനുള്ള യാതൊരു ശ്രമവും ഇല്ലാത്തതിനാല്‍ ലക്ഷങ്ങളുടെ വനസമ്പത്ത് അഗ്നിക്കിരയായി. കരിങ്കയം, വിആര്‍ ടി, മാനിള, ഓടന്തോട്, പടങ്ങിടിട്ടതോട് എന്നിവിടങ്ങളിലായി 500 ഹെക്ടര്‍ വനം കത്തിതീര്‍ന്നു. വനത്തിലെ അടിക്കാടുകളും ഓഷധച്ചെടികളും ഉണങ്ങിവീണതും വീഴാതെ നില്‍ക്കുന്നതുമായ വലുതും ചെറുതുമായ മരങ്ങളും കത്തി നശിക്കുകയാണ്.

രാത്രിയില്‍ ഏറെ ദൂരത്തുനിന്ന് പോലും വനം കത്തിയമരുന്നതിന്റെ തീജ്വാല പുറത്തു കാണാം. പകല്‍സമയത്ത് പുകയാല്‍ കുഞ്ചിയാര്‍പതി വനമേഖല മറഞ്ഞു കിടക്കുകയാണ്. നാല് ദിവസം മുമ്പ് വി ആര്‍ ടിയില്‍ ഒരു സ്വകാര്യ ഭൂമിയിലെ കാവല്‍ക്കാരന്‍ താമസിക്കുന്ന ഷെഡില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷെഡിന് തീപിടിച്ച് തോട്ടത്തില്‍ തീ പടര്‍ന്നു. പിന്നീട് ആ തീ വനത്തിലേക്കു പടരുകയായിരുന്നു. വിവരം കരിങ്കയത്തുള്ള വനം സ്‌റ്റേഷനില്‍ അറിയിച്ചുവെങ്കിലും തീ പടരുന്നത് തടയാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മേഖലയിലൊന്നും വനത്തില്‍ തീ പടരുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തവണ ഫയര്‍ ലൈന്‍ തെളിക്കല്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ കടുത്തിട്ടും ഇതുവരെ വനത്തില്‍ തീ പടരാതിരിക്കുകയായിരുന്നു. അതിനാല്‍ വനാതിര്‍ത്തിയിലുള്ള കര്‍ഷകരും തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തീ കയറാതിരിക്കുന്നതിനുളള ശ്രമം നടത്തിയതുമില്ല. നാല് ദിവസമായിട്ടും വനത്തിലെ തീ അണക്കാനാകാത്തത് ഈ മേഖലയിലെ കര്‍ഷകരെ ഭയപ്പാടിലാക്കിയിട്ടുണ്ട്. ഇവിടെ ധാരാളം വന്യമൃഗങ്ങളുടെ ആവാസ മേഖലകൂടിയാണ്. വനത്തില്‍ തീ പടര്‍ന്നതോടുകൂടി അവയും ജീവന്‍ രക്ഷിക്കുവാന്‍ പരക്കം പായുകയാണ്. വനത്തില്‍ തീ അണയാത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ തീ ചമ്മിനി വനമേഖലയിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നൂറ് ഹെക്ടര്‍ വനം കത്തി നശിച്ചു. കാട് കത്തിയതില്‍ ദുരൂഹതയുണ്ടെന്ന് മണ്ണാര്‍ക്കാട് ഡി എഫ് ഒയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടിയിലെ കാടുകളിലുണ്ടായ അഗ്നിബാധയില്‍ വന്‍നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അട്ടപ്പാടി റെയ്ഞ്ചില്‍ മാത്രം 85ഹെക്ടര്‍ വനം തീക്കിരയായി. “ഭവാനി, അഗളി റെയ്ഞ്ചുകളിലെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.48മണിക്കൂറിനുള്ളില്‍ വനത്തില്‍ 18ഇടത്താണ് അഗ്നിബാധയുണ്ടായത്.
മുക്കാലിമുതല്‍ പുതൂര്‍ വരെയുള്ള മലകളിലെല്ലാം തീ പടര്‍ന്നു. ബൊമ്മിയാംപടിയിലെ കൃഷ്ണവനത്തിന്റെ കുറെഭാഗങ്ങള്‍ കത്തിനശിച്ചു. ഷോളയൂരിലും ചാവടിയൂരിലും ഓന്തന്‍മലയിലും തീ കെടുത്താനായിട്ടില്ല.
ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ തീ പടര്‍ന്നതോടെ കെടുത്താനായി വനപാലകര്‍ നെട്ടോട്ടമോടേണ്ടിവന്നു. മണ്ണാര്‍ക്കാട്ടെയും അട്ടപ്പാടിയിലെ നാല് റെയ്ഞ്ചിലെയും ജീവനക്കാരും വാച്ചര്‍മാരും മണിക്കൂറുകളോളം പാടുപെട്ടാണ് ഭാഗികമായെങ്കിലും നിയന്ത്രിക്കാനായത്. രാത്രി വൈകിയും ശ്രമം തുടരുകയാണ്.
കത്തിയ പ്രദേശത്തിന്റെ വിസ്തൃതിയും നാശനഷ്ടവും തിട്ടപ്പെടുത്താനായി സര്‍വെ നടത്തും. പരക്കെ കാടുകത്തിയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ഡി എഫ് ഒ ടി സി ത്യാഗരാജന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സാമൂഹ്യവിരുദ്ധര്‍ മനപൂര്‍വം തീയിട്ടതാകാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഡി എഫ് ഒ അറിയിച്ചു. കാട് സംരക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest