ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി; ചൈനയില്‍ ‘ശിശുക്കൂട്’ പൂട്ടി

Posted on: March 18, 2014 11:42 pm | Last updated: March 18, 2014 at 11:42 pm
SHARE

child birthബീജിംഗ്: രക്ഷിതാക്കള്‍ ഉപേക്ഷിക്കുന്ന ശിശുക്കളെ പരിരക്ഷിക്കാന്‍ ആരംഭിച്ച ‘ശിശുക്കൂടു’കളിലൊന്ന് അടച്ചുപൂട്ടാന്‍ തെക്കന്‍ ചൈനീസ് അധികൃതര്‍ നിര്‍ബന്ധിതരായി. ഏതാനും ആഴ്ചകള്‍ക്കകം ശിശുക്കൂട്ടില്‍ 262 ശിശുക്കളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതോടെയാണ് താത്കാലികമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കുട്ടികളുടെ മാതാപിതാക്കള്‍ ആരെന്നത് പുറത്തറിയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഗ്വാന്‍ഗു സിറ്റിയില്‍ ജനുവരി അവസാനമാണ് ‘ശിശുക്കൂട്’ പ്രവര്‍ത്തനമാരംഭിച്ചത്. അന്നുമുതല്‍ നിത്യേന ശരാശരി അഞ്ച് ശിശുക്കളെ ഇവിടെ ലഭിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ശിശുക്കൂട്ടിലെ സൗകര്യങ്ങള്‍ മോശമായി. വേണ്ടത്ര മുറികള്‍, കിടക്കകള്‍, രോഗപ്രതിരോധ സംവിധാനങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവയുടെ പോരായ്മകള്‍ കാരണമാണ് ഈ സംവിധാനം താത്കാലികമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ക്ക് മതിയായ പരിലാളനം ലഭിക്കുന്നു എന്ന് ഉറപ്പായ ശേഷമായിരിക്കും ശിശുക്കുട് വീണ്ടും തുറക്കുക. 2011ന് ശേഷം രാജ്യത്ത് 25 ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ തുറന്നിരുന്നു. ഇപ്പോള്‍ ഇവയുടെ എണ്ണം 75 ആയി ഉയര്‍ന്നിട്ടുണ്ട്. ശിശുസംരക്ഷണത്തിന് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നതിനാല്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ഇവിടെ ഉപേക്ഷിക്കുകയാണ്. ‘നാം രണ്ട് നമുക്ക് ഒന്ന്’ എന്ന നയത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ കുട്ടികളാകാം എന്നതിലേക്ക് മാറിയിട്ടുണ്ടെന്നതും ശിശുക്കൂടുകളുടെ ആവശ്യം വര്‍ധിപ്പിച്ചേക്കുമെന്നാണ് അനുമാനം. കുട്ടികള്‍ കൂടുതലാകാം എന്ന നയം വന്നതോടെ ഇപ്പോള്‍ രക്ഷിതാക്കള്‍ ആണ്‍കുട്ടികളോട് കൂടുതല്‍ താത്പര്യം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.