ഗതി മാറി വീശാത്ത കാറ്റ്

  Posted on: March 18, 2014 11:29 pm | Last updated: March 18, 2014 at 11:29 pm
  SHARE

  Palakkad LCകഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ എന്ത് വില നല്‍കിയും ചെങ്കോട്ട നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. ഇടവേളകളില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതൊഴിച്ചാല്‍ 1957ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നത് മുതല്‍ ഇടതിന്റെ ആധിപത്യമായിരുന്നു.

  കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി നിയോജക മണ്ഡലങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഇടതിനൊപ്പമാണ്. പാലക്കാടും മണ്ണാര്‍ക്കാടും പട്ടാമ്പിയുമാണ് യു ഡി എഫിനൊപ്പമുള്ളത്. നേരത്തെ പാലക്കാടും മണ്ണാര്‍ക്കാടും എല്‍ ഡി എഫിനൊപ്പമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പില്‍ കൈവിട്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ഇടതു മുന്നണി.
  1957ലും 62ലും സി പി എം സ്ഥാനാര്‍ഥി പി കുഞ്ഞനാണ് വിജയിച്ചത്. 67ല്‍ ഇ കെ നായനാര്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചപ്പോള്‍ 71ല്‍ എ കെ ഗോപാലനും വിജയിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിലൂടനീളം കോണ്‍ഗ്രസ് വിരുദ്ധതരംഗം ആഞ്ഞടിച്ച 77ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് വിജയം നേടുകയായിരുന്നു. എ സുന്നാസാഹിബ്ബായിരുന്നു ഇതിന്റെ നായകന്‍. തുടര്‍ന്ന് 80, 84 തിരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് മുന്‍ ഡി സി സി പ്രസിഡന്റ് വി എസ് വിജയരാഘവന്‍ വിജയിച്ചു. 89ല്‍ യുവ നേതാവായ എ വിജയരാഘവനെ രംഗത്തിറക്കിയാണ് സി പി എം മണ്ഡലം തിരിച്ചുപിടിച്ചത്. 92ലെ തിരഞ്ഞെടുപ്പില്‍ വി എസ് വിജയരാഘവന്‍ കോണ്‍ഗ്രസിന് വേണ്ടി വിജയം കണ്ടു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പമായിരുന്നു പാലക്കാട് മണ്ഡലം. 96, 98, 99, 2004 തിരെഞ്ഞടുപ്പുകളില്‍ സി പി എമ്മിന്റെ എന്‍ എന്‍ കൃഷ്ണദാസ് തുടര്‍ച്ചയായി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി എം ബി രാജേഷ് മത്സരിച്ചപ്പോള്‍ സതീശന്‍ പാച്ചേനിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ 1820 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് എം ബി രാജേഷിന് ലഭിച്ചത്. 2004ല്‍ എന്‍ എന്‍ കൃഷ്ണദാസ് 98,158 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
  മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇരു മുന്നണികളും ഒരുപോലെ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ മുണ്ടൂരിലും ഷൊര്‍ണൂരിലും എന്‍ എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണ രംഗത്ത് നിന്ന് വിട്ടുനിന്നതാണ് സി പി എമ്മിന് തിരച്ചടിയായത്. എന്നാല്‍, മുണ്ടൂരില്‍ ഗോകുല്‍ദാസും ഷൊര്‍ണൂരില്‍ എം ആര്‍ മുരളിയും സി പി എമ്മിനോട് തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇത്തവണ. അതോടൊപ്പം എന്‍ എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള വി എസ് പക്ഷ നേതാക്കള്‍ ഔദ്യോഗിക പക്ഷത്തും വന്ന് ചേര്‍ന്നതും സി പി എമ്മിന്റെ സ്വപ്‌നത്തിന് നിറം പകരുന്നു. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച എം ആര്‍ മുരളി 20,896 വോട്ടുകളാണ് സ്വന്തമാക്കിയത്. മുരളി ഇടത് സ്ഥാനാര്‍ഥിക്കായി രംഗത്തിറങ്ങുന്നതോടെ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടത് അനുകൂല വോട്ടുകള്‍ സ്വന്തമാക്കാനാകുമെന്നാണ് സി പി എം കണക്കു കൂട്ടുന്നത്.
  അതേസമയം സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നതോടെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പുകളും ഇത്തവണയുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ തവണ എ വി ഗോപിനാഥനടക്കമുള്ളവര്‍ സതീശന്‍ പാച്ചേനിക്കെതിരെ തിരിഞ്ഞതാണ് പരാജയത്തിന്റെ കാരണമെന്നാണ് യു ഡി എഫ് വിലയിരുത്തല്‍. സിറ്റിംഗ് എം പിയായ എം ബി രാജേഷിനെ തന്നെയാണ് സി പി എം ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ് ബി ജെ പി സ്ഥാനാര്‍ഥി. പട്ടാമ്പി താലൂക്ക് രൂപവത്കരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യു ഡി എഫ് വോട്ട് തേടുന്നത്. എം പി ഫണ്ട് ഉപയോഗത്തിലൂടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് മുന്നോട്ടു വെക്കുന്നത്.