എന്‍ സി പിയില്‍ ഭിന്നത; ഒരു വിഭാഗം യു ഡി എഫിലേക്ക്

Posted on: March 18, 2014 11:25 pm | Last updated: March 18, 2014 at 11:25 pm
SHARE

ncpതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി എല്‍ ഡി എഫ് വിടാനുള്ള എന്‍ സി പിയുടെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് എല്‍ ഡി എഫ് വിട്ട് യു ഡി എഫിന്റെ ഭാഗമാകാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍, എ കെ ശശീന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള മറുവിഭാഗം എല്‍ ഡി എഫില്‍ തുടരുമെന്ന നിലപാടിലാണ്. സംസ്ഥാന ഘടകത്തിലെ ഭിന്നത മറനീക്കിയതോടെ പാര്‍ട്ടി എം എല്‍ എമാരായ എ കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും ചര്‍ച്ചകള്‍ക്കായി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ വിളിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം 20ന് ശരത് പവാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ച് മുന്നണി വിടണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാനപ്രസിഡന്റ് പീതാംബരന്റെ നേതൃത്വത്തിലായിരുന്നു ഈ നീക്കങ്ങള്‍. കേന്ദ്രത്തില്‍ യു പി എയുടെ ഘടകകക്ഷിയായതിനാല്‍ ഇവിടെയും യു ഡി എഫിന്റെ ഭാഗമാകണമെന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍ ഡി എഫ് യോഗത്തില്‍ സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഘടകകക്ഷികള്‍ ഒന്നിച്ച് എതിര്‍ത്തതോടെ ഈ നീക്കം കൂടുതല്‍ സജീവമായി.
അതേസമയം, മുന്നണി വിടുന്നത് ആത്മഹത്യപരമാണെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. ഇപ്പോള്‍ മുന്നണി വിടേണ്ട സാഹചര്യമൊന്നുമില്ല. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം എല്‍ ഡി എഫിന് അനുകൂലമാണെന്നും മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി എം നിരാകരിച്ചിരുന്നു. യു പി എയെ പിന്തുണക്കുന്ന കക്ഷിക്ക് സീറ്റ് നല്‍കുന്നത് ഉചിതമല്ലെന്ന് ഘടകകക്ഷികളെല്ലാം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആര്‍ എസ് പിയെ പോലെ മുന്നണി വിടാനാണോ ഭാവമെന്ന മട്ടില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രതികരണവും നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന് എന്‍ സി പി ആദ്യം ശക്തമായ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും സി പി എമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളില്‍ നിലപാട് മയപ്പെടുത്തി. സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധത്തോടെ എല്‍ ഡി എഫില്‍ തുടരാനും എന്‍ സി പി യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍, എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം ഉടലെടുക്കുകയും മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുകയുമായിരുന്നു. സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ദേശീയനേതൃത്വം ഇടപെട്ടത്. ഇരുവിഭാഗവുമായി ഈ മാസം 20ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തും.