ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കുന്ന ഇലക്ഷന്‍ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

Posted on: March 18, 2014 10:21 pm | Last updated: March 18, 2014 at 10:21 pm
SHARE

കല്‍പ്പറ്റ: ടിവി, റേഡിയോ, എഫ് എം തുടങ്ങി ഏതുവിധത്തിലുമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും നല്‍കുന്ന ഇലക്ഷന്‍ പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റി (എം സി എം സി) യുടെ മുന്‍കൂര്‍ അനുമതി വേണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
എന്നാല്‍ പത്രപരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ അനുമതിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ജില്ലാതലത്തില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍, സബ്കളക്ടര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും എന്നിവരടങ്ങുന്നതാണ് സമിതി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് സമിതിയുടെ നോഡല്‍ ഓഫീസറും മെമ്പര്‍ സെക്രട്ടറിയും.
നിശ്ചിത ഫോറത്തിലാണ് പരസ്യത്തിന്റെ അംഗീകാരത്തിന് അപേക്ഷ നല്‍കേണ്ടത്. ഇതിന്റെ മാതൃക ജില്ലാ ഇലക്ഷന്‍ മീഡിയാ സെന്ററിലോ( ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്) ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലോ ലഭിക്കും. വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമെ പരസ്യം നിര്‍മ്മിക്കാനുണ്ടായ ചെലവ്, സംപ്രേഷണം ചെയ്യുന്ന തീയതി സമയം, ആവൃത്തി, സംപ്രേഷണ ചെലവ് തുടങ്ങിയ വിവരങ്ങളും ഫോറത്തില്‍ രേഖപ്പെടുത്തണം.
ചെക്കോ, ഡി.ഡിയോ ആയി മാത്രമെ പരസ്യക്കൂലി നല്‍കുവാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം. പരസ്യ ചിത്രത്തിന്റെ രണ്ട് സിഡി പകര്‍പ്പുകള്‍ ഇതിന്റെ ട്രാന്‍സ്‌ക്രിപ്റ്റിന്റെ രണ്ട് പകര്‍പ്പുകള്‍ എന്നിവയും വേണം.
ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം സംപ്രേഷണം ചെയ്യാനുദ്ദേശിക്കുന്നതിനു മൂന്ന് ദിവസമെങ്കിലും മുമ്പും മറ്റുള്ളവര്‍ ഏഴ് ദിവസം മുമ്പുമാണ് അപേക്ഷ നല്‍കേണ്ടത്.
എം.സി.എം.സി.യുടെ ഡിക്ലറേഷനോടു കൂടിയല്ലാതെ ലഭിക്കുന്ന പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളും സ്വീകരിക്കരുത്.