സ്വകാര്യ മേഖലയിലെ ശമ്പള വര്‍ധന: ഗള്‍ഫ് നാടുകളില്‍ ഒമാന്‍ മുന്നില്‍

Posted on: March 18, 2014 8:22 pm | Last updated: March 18, 2014 at 8:22 pm
SHARE

salaryമസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്ന രാജ്യം ഒമാന്‍. യു എ ഇ ഉള്‍പെടെയുള്ള കൂടുതല്‍ സ്വകാര്യ സംരംഭങ്ങളും മള്‍ട്ടി നാഷനല്‍ കമ്പനികളുമുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്‍ മുന്നിലെത്തിയത്. ജോബ് റിക്രൂട്ടിംഗ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് ഡോട് കോം നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ഈ വര്‍ഷം ഒമാനിലെ സ്വകാര്യ മേഖലയില്‍ എട്ടു ശതമാനം വരെ ശമ്പള വര്‍ധവുണ്ടാകുമെന്നും തൊഴില്‍ രംഗത്തെയും വേതന ഘടനയിലെയും പ്രവണതകളെക്കുറിച്ച് നടത്തിയ പഠനം കണ്ടെത്തുന്നു. രണ്ടാം സ്ഥാനത്ത് സഊദി അറേബ്യയാണ്. 6.8 ശതമാമാണ് ഇവിടെ പ്രതീക്ഷ. മൂന്നാമത് ഖത്തര്‍ (6.7 ശതമാനം), തുടര്‍ന്ന് യു എ ഇ (5.9 ശതമാനം), കുവൈത്ത് (5.8 ശതമാനം), ബഹ്‌റൈന്‍ (3.9 ശതമാനം) ഇങ്ങനെയുമാണ് റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളിലും മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഈ വര്‍ഷത്തെ ശമ്പള വര്‍ധനവെന്നും സര്‍വേ കണ്ടെത്തുന്നു. സാമ്പത്തിക പ്രതിസന്ധി തോതിലും സ്വകാര്യ മേഖല കൂടുതല്‍ മെച്ചപ്പെട്ടു വരും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു സര്‍വേ കണ്ടെത്തുന്നു. ഖത്തറിലെ 75 ശതമാനം കമ്പനികളും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലോകകപ്പിനു വേദിയൊരുക്കുന്നിതിന്റെ ഭാഗമായി ഇവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ തൊഴിലവസരള്‍ സൃഷ്ടിക്കപ്പെടാന്‍ വഴിയൊരുക്കുന്നത്. തൊഴിലവസര സാധ്യതയില്‍ രണ്ടാംസ്ഥാനം സഊദിക്കും മൂന്നാംസ്ഥാനം യു എ ഇക്കാണ്. ഇവിടെ 63, 57 ശതമാനം വീതമാണ് കമ്പനികള്‍ തൊഴിലവസരം വര്‍ധിക്കാന്‍ തയാറെടുക്കുന്നത്. ബഹ്‌റൈനിലെ കമ്പനികള്‍ 30 ശതമാനം തൊഴിലവസരം സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷം ഒമ്പതു ശതമാനം മാത്രമായിരുന്നു ബഹ്‌റൈനിലെ തൊഴില്‍ വളര്‍ച്ച.
കഴിഞ്ഞ വര്‍ഷം സഊദിയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇവിടെ 62 ശതമാനം കമ്പനികള്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ജീവനക്കാരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നിതാഖാത് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ സഊദി കമ്പനകളില്‍നിന്നും നിരവധി വിദേശികള്‍ ഒഴിഞ്ഞു പോയതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതില്‍ രണ്ടാംസ്ഥാനത്തുള്ളത് യു എ ഇയും കുവൈത്തുമാണ്. കഴിഞ്ഞ വര്‍ഷവും ഈ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ സേവന മേഖലയിലാണ് ഏറ്റവുമധികം ജീവനക്കാര്‍ എത്തിയത്. സര്‍ക്കാര്‍ രംഗത്തു നിന്നും കൂടുതല്‍ നിക്ഷേം ഉണ്ടായതും ഈ മേഖലയിലേക്കാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കിയത് ആരോഗ്യ മേഖലയില്‍ തൊഴിലവസരവും പ്രവര്‍ത്തനവും വര്‍ധിക്കാന്‍ ഇടയാക്കി. ടെലികോം റീട്ടെയില്‍ മേഖലക്കാണ് രണ്ടാം സ്ഥനം.
ഹോസ്പിറ്റാലിറ്റി, റീട്ടെല്‍ മേഖലിയാണ് ഗള്‍ഫില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. ഹോസ്പിറ്റാലിറ്റി മേഖലയിലെ 61 ശതമാനം കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റീട്ടെയില്‍ മേഖലിയില്‍ 57 ശമതാനം തൊഴില്‍ വളര്‍ച്ചയുണ്ടാകും. ഗള്‍ഫ് നാടുകളില്‍ സ്വദേശികളും വിദേശികളുമായവരുടെ ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ചാണ് ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലയില്‍ വളര്‍ച്ച കൈവരുന്നത്.
ഗള്‍ഫില്‍ ഏറ്റവും പ്രിയമേറിയതും ശ്രദ്ധേ നേടുന്നതുമായ രാജ്യം യു എ ഇയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദേശികള്‍ കൂടുതല്‍ വരുന്നതും വരാന്‍ ആഗ്രഹിക്കുന്നതും യു എ ഇയിലാണ്. എക്‌സ്‌പോ 2020ന് വേദി അനുദിച്ചു കിട്ടിയ സാഹചര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന വികസനം മുന്‍നിര്‍ത്തി യു എ ഇ കൂടുതല്‍ ശ്രദ്ധയില്‍ വരുന്നു. വിദേശികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വമുള്ള രാജ്യമായി കരുതുന്നതും യു എ ഇയാണ്. ദുബൈയും അബുദാബിയുമാണ് ഗള്‍ഫിലെ ആകര്‍ഷിക്കപ്പെടുന്ന നഗരങ്ങളില്‍ മുന്നില്‍. തുടര്‍ന്ന് ഖത്തര്‍ ആസ്ഥാനമായ ദോഹയും തുടര്‍ന്ന് ബഹ്‌റൈനും.
800 കമ്പനികള്‍, 34,000 പ്രഫഷനലുകള്‍ എന്നിവരില്‍ നിന്നുമാണ് ഗള്‍ഫ് ടാലന്റ് വിവരങ്ങള്‍ ശേഖരിച്ചത് എച്ച് ആര്‍ എക്‌സിക്യുട്ടീവുകളും പ്രൊഫഷനലുകളുമായ 60 പേരെ ഇന്റര്‍വ്യൂ നടത്തി. സര്‍വേയുടെ വിശദമായ രൂപം ഗള്‍ഫ്ടാലന്റ് ഡോട് കോമില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ 6,000 കമ്പനികളിലായി 40 ലക്ഷം പേരാണ് തൊഴില്‍ അന്വേഷിക്കുന്നതെന്ന് സര്‍വേ പറയുന്നു.