കോണ്‍ഗ്രസ് മൂന്നാം ഘട്ട പട്ടിക: കല്‍മാഡിക്കു സീറ്റില്ല

Posted on: March 18, 2014 8:15 pm | Last updated: March 19, 2014 at 10:25 am
SHARE

congressന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 58 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ജയിലിലായിരുന്ന പുനെയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി സുരേഷ് കല്‍മാഡിക്കു സീറ്റില്ല. പകരം അദേഹത്തിന്റെ ഭാര്യ പൂനെയില്‍ മത്സരിക്കും. കേന്ദ്ര മന്ത്രി കപില്‍ സിബല്‍, സി പി ജോഷി, അജയ്മാക്കന്‍, പഞ്ചാബ് മന്ത്രി സച്ചിന്‍ പൈലറ്റ്, ക്രിക്കറ്റ് താരം മൂഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ മൂന്നാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. കപില്‍ സിബല്‍ ചാന്ദ്‌നിചൗക്കില്‍ നിന്നാണ് ജനവിധി തേടുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തിലാണ് അജയ്മാക്കന്‍ സ്ഥാനാര്‍ഥിയാകുന്നത്. മധ്യോപൂരില്‍ നിന്നുമാണ് അസ്ഹറുദ്ദീന്‍ ജനവിധി തേടുന്നത്. അതേസമയം, വാരാണസി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം ഘട്ട പട്ടികയിലും പ്രഖ്യാപിച്ചിട്ടില്ല.

സച്ചിന്‍ പൈലറ്റ് അജ്മീറില്‍ നിന്ന് മത്സരിക്കും. ആദിവാസി നേതാവും മുന്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗിക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. മഹാസാമുണ്ടില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. മുതിര്‍ന്ന നേതാവ് സി പി ജോഷി റൂറല്‍ ജയ്പൂര്‍, മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സര്‍ ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കും. ഇതുവരെ 261 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.