നവമാധ്യമങ്ങളുടെ കാലത്ത് ചെറുപ്പക്കാര്‍ ഇടപെടുന്ന വോട്ടെടുപ്പ്

Posted on: March 18, 2014 7:25 pm | Last updated: March 18, 2014 at 8:03 pm
SHARE

ഇ ആര്‍ ജോഷി ഇബ്ര

ഈ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ഒരു വസ്തുത ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങള്‍ വളരെ യേറെ സ്വാധീനം പുലര്‍ത്താന്‍ പോകുന്നു എന്നതായിരിക്കും. അതുകൊണ്ടു തന്നെ മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ യുവത്വം സജീവമായി ഇടപെടുന്ന തെരഞ്ഞെടുപ്പ് എന്ന സവിശേഷത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.
നമ്മുടെ നാടിന്റെ ഐക്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്ന ഒരു ഭരണകൂടം രാജ്യത്ത് അധികാരത്തില്‍ വരാന്‍ ആയിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ഐക്യം പരമ പ്രധാനമാണ്. വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി ആയിട്ടും ഭാരതം ഐക്യത്തോടെ മുന്നോട്ടു പോകുന്നത് ലോകത്തിനു തന്നെ അത്ഭുതമാണ്. രാജ്യത്തെ മതേതരത്വവും പ്രധാനപ്പെട്ടതാണ്. മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെക്കാന്‍ അനുവദിക്കരുത്. മറ്റൊന്ന് രാജ്യത്തിന്റെ വികസനമാണ്. സാമ്പത്തിക വളര്‍ച്ചയെപ്പറ്റി ഭരണാധികാരികള്‍ ഊറ്റം കൊള്ളാറുണ്ടെങ്കിലും ദരിദ്രരുടെയും പട്ടിണിക്കാരുടെയും എണ്ണം ദിനേനെ വര്‍ധിക്കുകയാണ്. വികസനത്തില്‍ ഊന്നിയ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണത്തിനായിരിക്കണം ഓരോ പൗരന്റെയും വോട്ട്.
10 വര്‍ഷമായി രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതി അതിന്റെ പരമ കോടിയില്‍ എത്തി. ലോകത്തിന്റെ മുന്നില്‍ രാജ്യം തല കുനിച്ചു നില്‍ക്കുന്നു. അഴിമതി സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കണം. മുഖ്യ പ്രതിപക്ഷം ആയ ബി ജെ പി ആണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നത് വംശീയ കലാപത്തിനു നേതൃത്വം കൊടുത്തു എന്ന് ജനങ്ങള്‍ സംശയിക്കുന്നയാളെ ആണ്. സഹിഷ്ണുത ഇല്ലാത്തവരുടെ കയ്യില്‍ ഭരണം എല്പ്പിക്കുന്നത് നമ്മളെ പോലുള്ള ഒരു രാജ്യത്തിന് ഒരിക്കലും അനുയോജ്യം അല്ല
മറ്റൊരു പ്രത്യേകത ആം ആദ്മി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സാന്നിധ്യമാണ് . കോണ്‍ഗ്രസും ബി ജെ പി യും റിലയന്‍സ് പോലുള്ള കുത്തകകളുടെ കളിപ്പാവകള്‍ ആണെന്ന അവരുടെ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു . അത് ഏറെ ക്കുറെ ശരിയുമാണ്. അഴിമതി വിരുദ്ധ പ്രസ്ഥാനം എന്നതിനും വൈകാരിക തീരുമാനങ്ങള്‍ക്കും അപ്പുറത്ത് യഥാര്‍ഥ ജനകീയ ബദല്‍ ആണ് തങ്ങള്‍ എന്ന് തെളിയിക്കാന്‍ അവര്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ട്
മൂല്യ ബോധത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കാന്‍ കഴിയുന്നതും അഴിമതിക്കും വര്‍ഗീയതക്കും എതിരായ പ്ലാറ്റ് ഫോം ഒരുക്കുന്നതും ഇന്ത്യയില്‍ ഇടതുപക്ഷമാണ്. എന്നാല്‍ ഇനിയും രാജ്യത്തിന്റെ മുഴുവന്‍ ഹൃദയ വികാരമായി മാറാന്‍ ഇടതിന് കഴിയുന്നില്ല എന്നത് ഇടതുപക്ഷം സ്വയം വിമര്‍ശനം നടത്തണം. എന്തായാലും ഒരു ബദല്‍ ഗവണ്‍മെന്റ് സാധ്യമെങ്കില്‍ അതില്‍ ഇടതു പക്ഷത്തിനു നിര്‍ണായക പങ്കു വഹിക്കാന്‍ ഉണ്ടാകും
ഒരു പ്രവാസി എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുമ്പോള്‍ രാജ്യത്തിന് വലിയ സംഭാവനകള്‍ നല്കുന്ന പ്രവാസി സമൂഹത്തിനു നേരിട്ട് തങ്ങളുടെ രാജ്യത്തിന്റെ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്നത് വേദനാജനകമാണ്. ലോകത്തെ പല രാജ്യങ്ങളും അത്തരം സംവിധാനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഒരുക്കുകയും തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനമായ സമ്മതിദാനാവകാശം പൗരന്‍മാര്‍ക്ക് നല്‍കുന്നു എന്നത് ഭരണാധികാരികള്‍ മനസിലാക്കണം. പുതിയ സര്‍ക്കാര്‍ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ കുടുംബത്തിന്റെ സുരക്ഷക്കും വേണ്ട നിലപാടുകള്‍ സ്വീകരിക്കണം.