Connect with us

Gulf

രണ്ടു ഗള്‍ഫ് രാജ്യങ്ങളില്‍ ഒരേ സമയം തൊഴില്‍ വിസ പാടില്ല

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തു ജോലി ചെയ്യുന്ന ഒരാള്‍ക്ക് മറ്റൊരു രാജ്യത്തെ തൊഴില്‍ വിസ നിലനിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വിദഗ്ധര്‍. അതു പോലെ മറ്റൊരു രാജ്യത്ത് തൊഴില്‍ വിസയുള്ളവര്‍ ഒമാനില്‍ തൊഴില്‍ വിസ തേടാന്‍ പാടില്ല. ഒരു രാജ്യത്ത് തൊഴില്‍ വിസയുള്ളവര്‍ക്ക് മറ്റൊരു ജി സി സി രാജ്യത്ത് തൊഴില്‍ വിസ ലഭിച്ചാല്‍ ആദ്യത്തേത് റദ്ദാക്കണമെന്നാണ് നിബന്ധനയെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കി.
ഇരട്ട വിസ സംബന്ധിച്ച് പൊതുജനങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ടൈംസ് ഓഫ് ഒമാന്‍ പത്രത്തിലൂടെ നല്‍കിയ വിശദീകരണത്തിലാണ് നിയമവിദഗ്ധര്‍ ഇക്കര്യം വിശദീകരിക്കുന്നത്. രണ്ടു വിസകള്‍ ഒരേ സമയം തുടരുന്ന സാഹചര്യമുണ്ടായാല്‍ അധികൃതര്‍ക്കു മുന്നില്‍ തന്റെ തൊഴില്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ കഴിയില്ലെന്നും ഇതു ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. അതേസമയം വിസ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇതു ബാധകമല്ല.
ചില രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ചാല്‍ ആ രാജ്യത്തേക്ക് വിസ ലഭിക്കാന്‍ നിലവിലുള്ള ഒമാന്‍ വിസ റദ്ദാക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. നിയമം ലംഘിക്കപ്പെടാതിരിക്കാനും തുടര്‍ന്നുള്ള ദുരുപയോഗം തടയാന്‍ വേണ്ടിയുമാണിത്. ഇപ്രകാരം വിസ റദ്ദാക്കണമെങ്കില്‍ ജോലിക്കാര്‍ രാജ്യം വിടേണ്ടതുണ്ട്. വിസ റദ്ദാക്കിയ ശേഷം രാജത്തു തുടരാനാകില്ലെന്നും മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായ നിയമമാണ് ഒമാനിലേതെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. വിസ പുതുക്കുന്നവര്‍ക്കു മാത്രമാണ് ഒരു മാസത്തെ അധിക കാലാവധി ലഭിക്കുന്നത്. വിസ റദ്ദാക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞ് ഒരു മാസംകൂടി രാജ്യത്തു തുടരാമെങ്കിലും രാജ്യത്തു നിന്നു പുറത്തു കടക്കുന്നതോടെ വിസ റദ്ദാകും. വിസ റദ്ദാക്കിയാലാകട്ടെ രാജ്യത്തു തുടരനാകുകയുമില്ല. അയല്‍ രാജ്യമായ യു എ ഇയില്‍ വിസ റദ്ദാക്കി ഒരു മാസം കൂടി രാജ്യത്തു തുടരാന്‍ അനുമതിയുണ്ട്.
രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് സേവനാനന്തര ആനുകൂല്യം ആദ്യ മൂന്നു വര്‍ഷത്തിന് പ്രതി വര്‍ഷം 15 ദിവസത്തെ ശമ്പളവും ആദ്യ മൂന്നു വര്‍ഷത്തിനു ശേഷം 30 ദിവസത്തെ ശമ്പളവുമാണ് ലഭിക്കുക. ഒരു കമ്പനിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാരനു മാത്രമേ സേവനാനന്തര ആനൂകൂല്യത്തിന് അര്‍തയുണ്ടാകൂ. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളം അനുസരിച്ചാണ് ആനുകൂല്യം കണക്കാക്കുകയെന്നും നിയമജ്ഞര്‍ വിശദീകരിക്കുന്നു.

Latest