തൊഴിലന്വേഷകരുടെ ജാലകമായി ആര്‍ എസ് സി ജോബ്‌സെല്‍ പേജ്

Posted on: March 18, 2014 7:54 pm | Last updated: March 18, 2014 at 7:57 pm
SHARE

cellമസ്‌കത്ത്: പ്രവാസികള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും സൗജന്യ സേവനവുമായി ആര്‍ എസ് സി ജോബ്‌സെല്‍ ഫേസ്ബുക്ക് പേജ് പ്രചാരം നേടുന്നു. നാലു മാസത്തിനിടെ പതിനായിരം പേര്‍ ലൈക്ക് ചെയ്ത പേജ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ ആദ്യ ‘ജോബ് സെല്‍’ റിസല്‍ട്ടുകളില്‍ ഇടം പിടിച്ചു.
ആറു ഗള്‍ഫ് നാടുകളിലെയും തൊഴിലവസരങ്ങളും തൊഴിലന്വേഷണങ്ങളും പ്രസിദ്ധപ്പെടുത്തുന്ന പേജ് പ്രതിദിനം നൂറു കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്നു. പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട അറിയിപ്പിലൂടെ ഇതിനകം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു. തൊഴിലന്വേഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴിലവസരങ്ങള്‍ തിരയാനുള്ള ജാലകം എന്ന നിലയിലാണ് ഫേസ് ബുക്ക് പേജില്‍ തൊഴിലവസരങ്ങള്‍ ഇമേജുകളായി പോസ്റ്റ് ചെയ്യുന്നതെന്ന് ജോബ് പോര്‍ട്ടര്‍ ചുമതല വഹിക്കുന്ന അഹമദ് ഉദുമ പറഞ്ഞു.
നാട്ടില്‍നിന്നും തൊഴില്‍ തേടി വിസിറ്റ് വിസയില്‍ വരുന്നവരും നിലവിലുള്ള ജോലിയില്‍നിന്നും ജോലി മാറ്റം ആഗ്രഹിക്കുന്നവരുമായവര്‍ക്ക് വിവിധ രാജ്യങ്ങളിലെ അവസരങ്ങള്‍ ഒരു പേജില്‍ പ്രദര്‍ശിപ്പിച്ച് സഹായം നല്‍കാനാണ് ഈ പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുന്നതെന്ന് ആര്‍ എസ് സി വിസ്ഡം കണ്‍വീനര്‍ കാസിം പി ടി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം സമിതികളാണ് തൊഴിലവസരങ്ങള്‍ കണ്ടെത്തി പോസ്റ്റ് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയക്കു പുറമെ ജോബ്‌സെല്‍ പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ തൊഴിലന്വേഷകര്‍ക്ക് സി വികള്‍ പോസ്റ്റു ചെയ്യുന്നതിനും തൊഴില്‍ ദാതാക്കള്‍ക്ക് അവസരങ്ങള്‍ പോസ്റ്റു ചെയ്യുന്നതിനും അവസരമുണ്ട്.
റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പതിവായി വിവരങ്ങള്‍ അറിയിക്കുന്ന സിസ്റ്റം ജനറേറ്റഡ് കമ്യൂണിക്കേഷന്‍ സംവിധാനവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് അഹമദ് ഉദുമ പറഞ്ഞു.