Connect with us

Malappuram

കുടിവെള്ളം കിട്ടാക്കനി; കല്‍പകഞ്ചേരിയില്‍ മുടങ്ങി കിടക്കുന്നത് നിരവധി പദ്ധതികള്‍

Published

|

Last Updated

കല്‍പകഞ്ചേരി: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും കല്‍പകഞ്ചേരി പഞ്ചായത്തില്‍ പ്രവര്‍ത്തനം നിലച്ച ശുദ്ധജല പദ്ധതികള്‍ നിരവധി.
പദ്ധതി ആരംഭിച്ച് ഏറെ കാലം പ്രവര്‍ത്തിച്ച് മുടങ്ങിക്കിടക്കുന്നവയും ഭാഗികമായി പ്രവര്‍ത്തിക്കുന്നവയും പേരിന് മാത്രമായി പദ്ധതി ആരംഭിച്ചുവെന്നല്ലാതെ തീരെ പ്രവര്‍ത്തിക്കാതെ നോക്കുകുത്തിയായി കിടക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. 14ാ-ം വാര്‍ഡിലെ മണ്ടായപ്പുറം പടി പദ്ധതി രണ്ട് വര്‍ഷത്തിലേറെയായി മുടങ്ങി കിടക്കുകയാണ്. ഇതിനായി നിര്‍മിച്ച കുഴല്‍ കിണറില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നതിനിടെ സാമൂഹ്യ വിരുദ്ധര്‍ കല്ല് പോലുള്ളവ കിണറ്റിലേക്ക് എറിഞ്ഞതോടെ വെള്ളം നിലച്ചു. പിന്നീട് ഈ പദ്ധതിക്കായി അല്‍പം അകലെ മറ്റൊരു കുഴല്‍ കിണര്‍ നിര്‍മിച്ചെങ്കിലും വെള്ളം ലഭിക്കാതെ വന്നതോടെ 100 ല്‍ പരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിരുന്ന പദ്ധതി പരാജയപ്പെടുകയായിരുന്നു. മറ്റൊരു പദ്ധതിയുള്ള നടയാല്‍ പറമ്പില്‍ കുഴല്‍ കിണറിന്റെ തകരാര്‍ കാരണം ഒരു വര്‍ഷത്തിലേറെ കാലമായി പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. 60 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് വെള്ളം ലഭിച്ചിരുന്നു.
കുഴല്‍ കിണറിലെ തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേ സമയം ഈ പദ്ധതി സ്വാകാര്യ വ്യക്തിയുടെ സന്നദ്ധതയോടെ പുനരാരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 13-ാം വാര്‍ഡിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനായി 2007 വര്‍ഷത്തില്‍ കടുങ്ങാത്തുകുണ്ട് പദ്ധതിക്കായി ചാലിപ്പാടത്ത് കുളം നിര്‍മിച്ചെങ്കിലും കുടിവെള്ളത്തിനായി ഇത് ഉപയോഗപ്പെടുത്താനായില്ല. ഏഴ്, എട്ട് വാര്‍ഡുകളിലെ ഏതാനും കുടുംബങ്ങള്‍ക്ക് ആശ്രയമാകുമായിരുന്ന 2006 -07 വര്‍ഷത്തെ പുത്തനത്താണി കുടിവെള്ള പദ്ധതിക്കായി ടൗണില്‍ ടാങ്ക് സ്ഥാപിച്ചു എന്നല്ലാതെ മറ്റൊരു പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. തവളംചിന ശുദ്ധജല പദ്ധതിയും മുടങ്ങിക്കിടക്കുകയാണ്. പൊറ്റേത്ത്പടി കുടിവെള്ള പദ്ധതി പ്രവര്‍ത്തനവും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ.
വേനല്‍ കാഠിന്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള പദ്ധതികള്‍ ഭൂരിഭാഗവും നിലച്ചതോടെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ശുദ്ധജല വിതരണമാണ് ചില ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസകരമാകുന്നത്. പുത്തനത്താണി മുതല്‍ കടുങ്ങാത്തുകുണ്ട് വരെയുള്ള ഭാഗങ്ങളിലാണ് പഞ്ചായത്തില്‍ കടുത്ത ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നത്. വിവിധ വര്‍ഷങ്ങളില്‍ പഞ്ചായത്ത് ഭരിച്ച അധികൃതരുടെ അനാസ്ഥയും ദീര്‍ഘ വീക്ഷണമില്ലായ്മയും അസൂത്രണത്തിലെ പിഴവ് തുടങ്ങിയ കാരണങ്ങളാണ് പദ്ധതികള്‍ ഭൂരിഭാഗവും പരാജയപ്പെടാന്‍ ഇടയാക്കിയത്. എന്നാല്‍ തിരുന്നാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

Latest