അനധികൃത ടാര്‍ കടത്ത്: കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം

Posted on: March 18, 2014 12:19 pm | Last updated: March 18, 2014 at 12:19 pm
SHARE

ചാലക്കുടി: അതിരപ്പിള്ളിയിലേക്ക് അനധികൃതമായി ടാര്‍ കടത്തിയ ലോറി പിടികൂടി ഒരാഴ്ച പിന്നിട്ടിട്ടും കുറ്റക്കാര്‍ ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം. ഒരാഴ്ച മുമ്പാണ് വെറ്റിലപ്പാറ ചെക്ക് പോസ്റ്റില്‍ വെച്ച് പ്രത്യേക വിജിലന്‍സ് സംഘം അനധികൃതമായി ടാര്‍ കയറ്റി പോയ ലോറി പിടികൂടിയത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അസി. എക്‌സി. എന്‍ജിനിയറുടെ പേരിലുള്ള ബില്ല് ഉപയോഗിച്ചായിരുന്നു ടാര്‍ കടത്തല്‍. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും അതിരപ്പിള്ളി പ്രദേശത്ത് നടക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടേക്ക് ടാര്‍ കൊണ്ടുവന്നതെന്ന ചോദ്യത്തിനും ലോറി ജീവനക്കാര്‍ക്ക് വ്യക്തമായ മറുപടി നല്‍്കാനായില്ല. 51 വീപ്പ ടാറെന്ന് ബില്ലില്‍ കാണിക്കുമ്പോള്‍ ലോറിയില്‍ 29 വീപ്പ ടാര്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കി ടാര്‍ എവിടെയെന്ന ചോദ്യത്തിനും വ്യക്തതയില്ല. അനധികൃതമായി ടാര്‍ കയറ്റിവന്നതിനെ തുടര്‍ന്ന് വിജിലന്‍സ് പിടികൂടിയ ലോറി വിട്ടയക്കണമെന്നാവശ്യപ്പെട്ട് അതിരപ്പിള്ളി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഭരണകക്ഷിയിലെ ഒരംഗവുമായ നേതാവ് രംഗത്തെത്തിയതും വിവാദമായിരിക്കുകയാണ്. അതിരപ്പിള്ളി മേഖലയിലെ രണ്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നും ഭീഷണി മുഴക്കിയും ഗുണ്ടായിസം കാട്ടിയും നിരവധി തവണ ഈ നേതാവിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ അനധികൃതമായി കടത്തികൊണ്ടു പോയതായും പറയുന്നു. ആദിവാസികളുടെ പേരിലാണത്രെ ചെക്ക് പോസ്റ്റുകളില്‍ നിന്നും വാഹനങ്ങള്‍ കടത്തികൊണ്ടു പോകുന്നത്. എറണാകുളത്തെ ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നാണ് ടാര്‍ കൊണ്ടുവന്നിട്ടുള്ളത്. പിടികൂടിയ വിജിലന്‍സ് സംഘം ചെറിയൊരു പിഴ ഈടാക്കിയതൊഴിച്ചാല്‍ മറ്റൊരന്വേഷണവും ഇതുവരേയും ഉണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം.