Connect with us

Thrissur

സൂര്യാഘാതം: മുന്‍കരുതല്‍ സ്വീകരിക്കണം

Published

|

Last Updated

തൃശൂര്‍: വേനല്‍ചൂട് കനക്കുന്നതിനാല്‍ സൂര്യാഘാതം തടയുന്നതിന് മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് ലഘുലേഖകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്. സൂര്യാഘാതം മൂലം 104 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ടുപോകുക, ശ്വസന പ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാകുക, തലവേദന, മസില്‍ പിടുത്തം എന്നിവയുണ്ടാകുക, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണം.
ചൂടിന്റെ ആധിക്യം മൂലം ക്ഷീണം, തളര്‍ച്ച, മസില്‍ പിടുത്തം, ഓക്കാനം , ഛര്‍ദ്ദി, കുറഞ്ഞ – കൂടിയ നാഡിമിടുപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞനിറമാകുക, വയറിളക്കം എന്നീ ലക്ഷണങ്ങളുമുണ്ടാകാം. കൂടിയ നാഡിമിടുപ്പ്, ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന്റെ അഭാവം (വിയര്‍ക്കാതിരിക്കുക) ചര്‍മ്മം ചുവന്ന് തടിക്കുക, പൊള്ളലേല്‍ക്കുക, മാനസിക പിരിമുറക്കം എന്നിവയും ലക്ഷണങ്ങളാണ്.
കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദിവസത്തില്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക, ദാഹം തോന്നാതെതന്നെ വെള്ളം കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടക്കുക, ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരികാധ്വാനം ഉള്ള പ്രവൃത്തികള്‍ ഒഴിവാക്കുക, പുറംവാതില്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക, ഇതോടൊപ്പം ഇടക്കിടെ വിശ്രമിക്കുക, എല്ലാ പ്രവൃത്തികളും ചൂടുകുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, ശാരീരികാധ്വാനമുള്ള പ്രവൃത്തികള്‍ ഉച്ച സമയത്ത് ചെയ്യാതിരിക്കുക, കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക തുടങ്ങിയമുന്‍കരുതലുകള്‍ എടുക്കണം. കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കാലാവസ്ഥക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

 

Latest