Connect with us

Thrissur

രാഷ്ട്രീയം മറന്ന് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും ഗുരുവായൂരില്‍

Published

|

Last Updated

ഗുരുവായൂര്‍: കണ്ണന്റെ കാരുണ്യം തേടാന്‍ കക്ഷി രാഷ്ട്രീയം മറന്ന് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും ഗുരുവായൂരിലെത്തി. ഉത്സവ തിമിര്‍പ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന ഗുരുവായൂരില്‍ രാഷ്ടീയ വൈര്യം മറന്ന് കുശലം പറഞ്ഞും ചിരിച്ചും ഹസ്തദാനം നടത്തിയും വിവിധ നേതാക്കള്‍ ഒത്തുകൂടിയത് കൗതുകമായി. ഉത്സവക്കാലത്ത് ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് ഗുരുവായൂര്‍ പത്മനാഭനും വലിയകേശവനും രാമന്‍കുട്ടിയും കൗതുകമാണെങ്കിലും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളുടെ ഒത്തുചേരലാണ് തിങ്കളാഴ്ച വിശേഷമായത്.
എം പി വീരേന്ദ്രകുമാര്‍ ആദ്യം ക്ഷേത്രത്തിലെത്തി. നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പാലക്കാട്ടേക്ക് പോയി. രണ്ടാം ഊഴം മന്ത്രി കെ പി മോഹനന്റേതായിരുന്നു. തുടര്‍ന്ന് ബി ജെ പി േനതാവ് വി മുരളീധരന്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി എന്‍ ജയദേവന്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എിവരും എത്തി. സി എന്‍ ജയദേവന്‍ ക്ഷേത്ര ദര്‍ശനം നടത്തിയില്ലെങ്കിലും പ്രസാദ ഊട്ടില്‍ പങ്കെടുത്തു. ഊട്ടുപുര പന്തലില്‍ പ്രസാദ ഊട്ട് കഴിച്ചുകൊണ്ടിരുന്ന സുധീരന് ഹസ്തദാനം നടത്തി ഒരേ ബഞ്ചിലിരുന്നാണ് സുധീരനും ജയദേവനും കഞ്ഞികുടിച്ചത്.
ഇവരെ കൂടാതെ മറ്റു വി ഐ പികളും ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. പോണ്ടിച്ചേരി ഗവര്‍ണര്‍ വീരേന്ദ്ര കട്ടാരിയ, പോണ്ടിച്ചേരി പ്രതിപക്ഷ നേതാവ് വൈദ്യ ലിംഗം, ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് കമ്മീഷണറായ ഡി ജി പി അലോക് വര്‍മ്മ എന്നിവരും ക്ഷേത്ര ദര്‍ശനം നടത്തി.

 

Latest