Connect with us

Wayanad

സ്ഥാനാര്‍ഥികള്‍ ചെലവുചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം: കേന്ദ്ര നിരീക്ഷകന്‍

Published

|

Last Updated

കല്‍പ്പറ്റ: സ്ഥാനാര്‍ഥികള്‍ ചെലവുകള്‍ സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് നിയുക്തരായ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ചുമതലയുള്ള കേന്ദ്ര നിരീക്ഷകന്‍ ബി ശ്രീനിവാസ്‌കുമാര്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ഇലക്ഷന്‍ ഓഡിറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍ സാമ്പത്തിക ശേഷിയുള്ള കക്ഷികള്‍ക്കും ചെറിയ കക്ഷികള്‍ക്കും പരമാവധി സമത്വമാര്‍ന്ന പശ്ചാത്തലത്തില്‍ മത്സരിക്കുവാനും പണംകൊണ്ട് ഇലക്ഷന്‍ പ്രക്രിയയുടെ നിഷ്പക്ഷത നഷ്ടപ്പെടാതിരിക്കാനുമാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുതരത്തിലാണ് കമ്മീഷന്‍ ചെലവുകള്‍ തരം തിരിക്കുന്നത്.
ഒന്ന് : നിയമപരമായി സാധുവായ ചെലവുകള്‍, പൊതുസമ്മേളനങ്ങള്‍, ചുവരെഴുത്ത്, പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങി സാധാരണ ചെലവുകളാണിത്. ഇത് പരിധിക്കപ്പുറം പോവുന്നില്ല എന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും. രണ്ട് : നിയമപരമല്ലാത്തവ. പണം, മദ്യം, സമ്മാനങ്ങള്‍ തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കല്‍ മുതലായ ചെലവുകളാണ് ഈ ഗണത്തില്‍പ്പെടുന്നത്. ഇത്തരം ചെലവുകള്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിലൂടെ കണ്ടെത്തി സ്ഥാനാര്‍ഥിക്കെതിരായ നടപടികളിലേക്ക് നീങ്ങണം.
തിരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കാന്‍ അതിവിപുലമായ സംവിധാനമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ജില്ലയിലും ഒരു കേന്ദ്രനിരീക്ഷകന്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. നിയമസഭാ മണ്ഡലതലത്തില്‍ ഓരോ അസി. എക്‌സ്‌പെന്‍ഡീച്ചര്‍ ഓഫീസര്‍മാര്‍ ഉണ്ടാവും. ഇവര്‍ക്ക് വാഹനവും ആശയവിനിമയ സംവിധാനങ്ങളും പോലീസ് സംരക്ഷണവും ലഭിക്കും. സ്ഥാനാര്‍ത്ഥികളുടെ ഓരോ പരിപാടിയും വീഡിയോയില്‍ പകര്‍ത്താന്‍ വീഡിയോ സര്‍വൈലന്‍സ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഈ വീഡിയോകള്‍ പരിശോധിക്കുന്നതിനും സിഡിയില്‍ പകര്‍ത്തുന്നതിനും വീഡിയോ വ്യൂയിങ്ങ് ടീമുമുണ്ട്. ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൂന്നിലധികം ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവ കടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ചെക്ക്‌പോസ്റ്റുകളും മറ്റും കേന്ദ്രീകരിച്ച് സ്ഥിരം സര്‍വൈലന്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പെയ്ഡ് വാര്‍ത്തകളും പരസ്യങ്ങളും മറ്റും മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതി നിരീക്ഷിക്കും.
നാമനിര്‍ദേശ പത്രിക കൊടുക്കുന്ന അന്നുമുതല്‍ റിസല്‍ട്ടു പ്രഖ്യാപനം വരെ ഓരോ ദിവസത്തെയും ചെലവു വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേകം സൂക്ഷിക്കണം. നിരീക്ഷകര്‍ ശേഖരിക്കുന്ന വിവരങ്ങളുമായി ഇതു താരതമ്യം ചെയ്യപ്പെടും. ഓരോ വസ്തുവിന്റെയും സേവനത്തിന്റെയും അംഗീകൃത നിരക്കുകളുടെ പട്ടിക ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.
•ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ പൂര്‍ണ്ണമായ കണക്കുകള്‍ കമ്മീഷന് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം അയോഗ്യരാക്കപ്പെടും.പ്രിന്റ് ചെയ്യുന്ന പോസ്റ്ററുകളിലും നോട്ടീസുകളിലും മറ്റും പ്രസ്സ്, കോപ്പികളുടെ എണ്ണം എന്നിവയ്ക്ക് പുറമെ പ്രസാധകന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.•പ്രത്യേകം പാസ്സുകള്ള വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. വാഹനത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തുന്നുവെങ്കില്‍ ആര്‍.ടി.ഒ.യുടെ അനുമതി വാങ്ങിയിരിക്കണം.അനധികൃത സ്ഥലങ്ങളില്‍ വെക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും മറ്റും എടുത്തുമാറ്റുന്നതിനുള്ള ചെലവുകള്‍ കൂടി സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തും.ചെലവുകള്‍ സംബന്ധിച്ച് പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇലക്ഷന്‍ ഏജന്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. നാമ നിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ 22ന് ശേഷമാവും പരിശീലനം. ഫൈനാന്‍സ് ഓഫീസര്‍ എന്‍. ജയകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നാരായണന്‍കുട്ടി തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.