ജില്ലയില്‍ 13,000 പേര്‍ക്ക് തിരഞ്ഞെടുപ്പ് ജോലി

Posted on: March 18, 2014 8:08 am | Last updated: March 18, 2014 at 8:08 am
SHARE

കോഴിക്കോട്: ജില്ലയില്‍ 13,000 പേരെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചു. ഇതില്‍ 10,615 ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 20 മുതല്‍ 26 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പുറമെ മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ വീതമുണ്ടാകും. ജില്ലയില്‍ 1883 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ലിസ്റ്റിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട നിരീക്ഷണം, ചെലവ് നിരീക്ഷണം, സഹവരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും സെല്ലുകളിലെ ചുമതല തുടങ്ങിയവക്കെല്ലാം ശേഷിക്കുന്ന ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ജില്ലാ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാര്‍ രണ്ടാഴ്ചയോളം ഇടതടവില്ലാതെ ഡാറ്റാ എന്‍ട്രി നടത്തിയാണ് ഡ്യൂട്ടി ലിസ്റ്റ് തയ്യാറാക്കിയത്. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷിന്റെ മേല്‍നോട്ടത്തിലാണ് ഡ്യൂട്ടി ലഭിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നത്. നിയമനം ലഭിച്ച ആരെയും പോളിംഗ് ഡ്യൂട്ടിയില്‍ നിന്നും പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഈ വിഷയത്തില്‍ അര്‍ഹതയുള്ള അപേക്ഷകളുടെ പരിശോധനക്ക് ഡി എം ഒയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ട ഏറ്റവും അര്‍ഹതയുള്ള കേസുകള്‍ മാത്രമാകും പരിഗണിക്കുക.
ജീവനക്കാരന്റെ വാസസ്ഥലവും ഓഫീസും നിലനില്‍ക്കുന്ന അസംബ്ലി മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടി ലഭിക്കില്ല. ഏത് അസംബ്ലി മണ്ഡല പരിധിയിലാകും ഡ്യൂട്ടിയെന്നറിയാന്‍ അതത് സഹവരണാധികാരി നേതൃത്വം നല്‍കുന്ന രണ്ടാം ഘട്ട പരിശീലനം വരെ കാത്തിരിക്കണം. പൊതു നിരീക്ഷകന്‍ വന്നതിന് ശേഷമാണ് ഇതിനുള്ള ലിസ്റ്റ് തയ്യാറാക്കുക. എന്നാല്‍ ഡ്യൂട്ടി ലഭിക്കുന്ന പോളിംഗ് സ്റ്റേഷന്‍ ഏതെന്ന് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വിതരണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ.
പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള ഒന്നാം ഘട്ട പരിശീലനം കോഴിക്കോട് ടൗണ്‍ഹാള്‍, തളി കണ്ടംകുളം ജൂബിലി ഹാള്‍, വെള്ളിമാട്കുന്ന് ഗവ. ലോ-കോളജ് ഓഡിറ്റോറിയം, വെസ്റ്റ്ഹില്‍, ഗവ. പോളിടെക്‌നിക് ഓഡിറ്റോറിയം, വടകര ടൗണ്‍ഹാള്‍, മടപ്പള്ളി ഗവ. കോളജ്, പയ്യോളി, മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.