Connect with us

Kozhikode

പ്രചാരണ ചെലവ് 70 ലക്ഷത്തില്‍ കൂടുതല്‍ അനുവദിക്കില്ല

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 70 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രചാരണത്തിനായി ചെലവഴിക്കുന്നത് അനുവദിക്കില്ലെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ചെലവ് നിരീക്ഷന്‍ വി ശ്രീനിവാസന്‍, വടകര ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകന്‍ പി വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു. ചെലവ് നിരീക്ഷിക്കാന് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ള ഫഌയിംഗ് സ്‌ക്വാഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം, ബാനര്‍, മറ്റ് പ്രചാരണ സാമഗ്രികള്‍, സ്ഥാനാര്‍ഥിയുടെ സാന്നിധ്യം എന്നിവയില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുപ്രചാരണത്തിന് പരിധിയില്ലാതെ തുക ചെലവഴിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റാര്‍ നേതാക്കളുടെ പ്രചാരണച്ചെലവും സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തില്ല. എന്നാല്‍ ഇത്തരം നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ സാന്നിധ്യമുണ്ടെങ്കില്‍ പരിപാടിയുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ആനുപാതികമായി ഉള്‍പ്പെടുത്തും. സ്റ്റാര്‍ നേതാക്കളുടെ യാത്രാച്ചെലവ് ഒഴികെയുള്ളത് മാത്രമേ പ്രചാരണച്ചെലവായി പരിഗണിക്കൂ.
ജില്ലാ കേന്ദ്രങ്ങളിലും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ വരുന്നവര്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം വാഹനങ്ങളില്‍ പതിക്കുകയോ സ്ഥാനാര്‍ഥിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ വാഹനത്തിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ പ്രചാരണച്ചിലവില്‍ ഉള്‍പ്പെടുത്തും.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അനുമതിയില്ലാതെ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
മാധ്യമങ്ങളില്‍ പോളിംഗിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണ പരസ്യങ്ങള്‍ പാടില്ല. പ്രചാരണച്ചെലവ് പരിശോധിക്കുന്ന ഫഌയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും വിഡിയോഗ്രാഫര്‍മാരും പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണമെന്നും പരിശോധനയില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ അപ്പപ്പോള്‍തന്നെ ബന്ധപ്പെട്ടവരെ മൊബൈല്‍ ഫോണിലോ എസ് എം എസിലോ അറിയിക്കണമെന്നും കലലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ നിരീക്ഷകര്‍ വ്യക്തമാക്കി.