Connect with us

Kozhikode

വോട്ട് കേന്ദ്ര പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്: രാഘവന്‍, ചര്‍ച്ചയാകേണ്ടത് ദേശീയ രാഷ്ട്രീയം: പത്മനാഭന്‍

Published

|

Last Updated

കോഴിക്കോട്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ ഗുജറാത്ത് കലാപത്തിന്റെ പകര്‍പ്പ് രാജ്യത്ത് ആവര്‍ത്തിക്കുമെന്ന് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍. കോഴിക്കോടിന് വേണ്ടി കൊണ്ടുവന്ന കേന്ദ്ര പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും വികസന തുടര്‍ച്ചക്കുമാണ് വോട്ട് ചോദിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു. എന്നാല്‍ ദേശീയ രാഷ്ട്രീയവും കേന്ദ്രം ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ നയങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന് ബി ജെ പി സ്ഥാനാര്‍ഥി സി കെ പത്മനാഭന്‍. ഒരു മണ്ഡലത്തിന്റെ വികസനകാര്യം മാത്രം തിരഞ്ഞെടുപ്പില്‍ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായുള്ള മുഖാമുഖം “ദില്ലി ചലോ” പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു ഇരുവരും. മണ്ഡലത്തില്‍ പര്യടനത്തിലായതിനാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍ എത്തിയില്ല.
റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര പദവി നേടിയെടുത്തത് കോഴിക്കോടിന് ചരിത്രനേട്ടമാണെന്ന് എം കെ രാഘവന്‍ പറഞ്ഞു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റ് സൗകര്യമുള്ള ഏക റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറി. എസ്‌കലേറ്റര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. ഇംഹാന്‍സിന് മികവിന്റെ കേന്ദ്രം പദവിയും 30 കോടി രൂപയും നേടിയെടുത്തു. ഇ എസ് ഐ കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കോഴിക്കോട് ഡിവിഷനല്‍ ഓഫീസ് യാഥാര്‍ഥ്യമായത് മലബാറിലെ ആറ് ലക്ഷത്തോളം പേര്‍ക്ക് ഗുണമാകും. ചെറുവണ്ണൂര്‍ ഇ എസ് ഐ ഹോസ്റ്റലിന്റെ പുനരുദ്ധാരണത്തിന് 88 ലക്ഷം രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കി. സ്റ്റീ ല്‍ കോംപ്ലക്‌സ് ലിമിറ്റഡിന്റെ റീ റോളിംഗ് മില്ലിന് കേരള സര്‍ക്കാറിന്റെ 13 കോടി രൂപ ലഭ്യമാക്കി.
മോണോ റെയിലിന് പച്ചക്കൊടി കാണിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ ഒന്നാംകിട ചെരുപ്പ് നിര്‍മാണ സംരംഭമായ ഫുട്ട്‌വെയര്‍ ഡിസൈനിംഗ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്യാമ്പസ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനെ അത്യന്താധുനിക സൗകര്യങ്ങളോടു കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ അനുവദിപ്പിക്കാന്‍ സാധിച്ചു. പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ നവീകരണത്തിന് നാഷനല്‍ ഫിഷറിസ് ഡെവലപ്‌മെന്റ് ബോര്‍ഡില്‍ ആദ്യഘട്ടമായി 3.40 കോടി രൂപയും രണ്ടാം ഘട്ടമായി എട്ട് കോടി രൂപയും ലഭ്യമാക്കാന്‍ സാധിച്ചെന്നും രാഘവന്‍ അവകാശപ്പെട്ടു.
അഴിമതിയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ എം പി ഒന്നും പറയാത്തതെന്തന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഞാന്‍ വളരെ ചെറിയ ഒരാളാണ്. ദേശീയ രാഷ്ട്രീയമൊക്കെ വലിയ നേതാക്കള്‍ പറയു”മെന്ന മറുപടിയാണ് രാഘവന്‍ നല്‍കിയത്.
എന്നാല്‍ രാഘവന്‍ അവകാശപ്പെട്ട നേട്ടങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ നടപ്പാകുന്ന ചെറിയ കാര്യങ്ങളാണെന്നും ഇതിനു വേണ്ടി മാത്രം ഒരു എം പിയുടെ ആവശ്യമില്ലെന്നും സി കെ പത്മാനാഭന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് മുഖ്യം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വികസനനയം എന്താണോ അതിന്റെ ഭാഗമാകും കോഴിക്കോട് മണ്ഡലത്തിന്റെയും വികസനം. അഴിമതിയും വിലക്കയറ്റവും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുമൊക്കെ ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങളാണ്. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം ഈ തിരഞ്ഞെടുപ്പോടെ നടപ്പാകാന്‍ പോകുകയാണ്. രാജ്യത്ത് മോഡി തരംഗമാണുള്ളത്. വികസനത്തിനായി അംബാനി ഉള്‍പ്പെടെയുള്ളവരുടെ പണം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
മുമ്പ് പത്മനാഭന്‍ തിരുവനന്തപുരത്തെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ വോട്ടുമറിച്ച കാര്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അന്ന് എനിക്ക് കിട്ടേണ്ടതെല്ലാം കിട്ടി” എന്ന മറുപടിയാണ് പത്മനാഭന്‍ നല്‍കിയത്.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എ വി ഷെറിന്‍, വൈസ് പ്രസിഡന്റ് എം പി രാമചന്ദ്രന്‍ സംബന്ധിച്ചു.