പാക്കിസ്ഥാനില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി

Posted on: March 18, 2014 7:01 am | Last updated: March 18, 2014 at 8:02 am
SHARE

aapഇസ്‌ലാമാബാദ്: അരവിന്ദ് കെജരിവാളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാക്കിസ്ഥാനില്‍ രണ്ടാമതൊരു ആം ആദ്മി പാര്‍ട്ടി കൂടി രജിസ്റ്റര്‍ ചെയ്തു. ഗുജരാന്‍വാലയില്‍നിന്നുള്ള അര്‍സലന്‍ ഉല്‍ മുല്‍കിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയതിരുന്നു. ഇതിന് പിറകെയാണ് 34കാരനായ മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥനും അഭിഭാഷകനുമായ അദ്‌നാന്‍ രണ്‍ധാവ, കെജരിവാളിന്റെ പാത പിന്തുടരുന്നത്.
തന്റെ പാര്‍ട്ടിക്ക് പ്രാഥമിക രജിസ്‌ട്രേഷനായി രണ്‍ധാവ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇമ്രാന്‍ ഖാന്റെ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറികൂടിയാണ് രണ്‍ധാവ. ഈ മാസം മൂന്നിന് ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനമാണത്രേ ആം ആദ്മി രൂപവത്കരിക്കാന്‍ ഇദ്ദേഹത്തിന് പ്രേരണയായത്. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ തെഹ്‌രീകെ ഇന്‍സാഫിനാകില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിവിട്ട് പുതിയ ആം ആദ്മി രൂപവത്കരിക്കുന്നത്. റയ്മണ്ട് ഡേവിസ് കേസില്‍ പാക്കിസ്ഥാന്റെ പ്രോട്ടോകോള്‍ ഓഫീസറായി രണ്ട് വര്‍ഷം മുമ്പ് ചൈനയില്‍ സേവനമനുഷ്ഠിച്ചിരുന്നു.