Connect with us

International

ക്രിമിയന്‍ ഹിതം റഷ്യക്കൊപ്പം; സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

Published

|

Last Updated

17IN_TH_CRIMEA_VOT_1793091f

റഷ്യക്കൊപ്പം ചേരാനുള്ള ഹിതപരിശോധനയുടെ ഫലം പുറത്തുവന്നതോടെ ക്രിമിയയില്‍ ആഹ്ലാദ പ്രകടനം നടത്തുന്നവര്‍

സിംഫെര്‍പോള്‍: യൂറോപ്യന്‍ യൂനിയന്റെയും അമേരിക്കയുടെയും സഹായത്തോടെ നടന്ന അട്ടിമറിയില്‍ ഉക്രൈനില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ ഉക്രൈനിന്റെ ഭാഗമായി തുടരാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ക്രിമിയന്‍ സര്‍ക്കാറിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ. ഉക്രൈനുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യക്കൊപ്പം ചേരാനുള്ള ഹിതപരിശോധനയില്‍ സര്‍ക്കാര്‍ വിജയിച്ചു. പാശ്ചാത്യ ശക്തികളുടെ കനത്ത എതിര്‍പ്പും ഭീഷണിയും മറികടന്ന് ഞായറാഴ്ച നടത്തിയ ഹിതപരിശോധനയില്‍ 97 ശതമാനം വോട്ടര്‍മാരും ഉക്രൈനുമായുള്ള ബന്ധം വിച്ഛേദിച്ച് റഷ്യക്കൊപ്പം ചേരുന്ന നിലപാടില്‍ ഉറച്ച് നിന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു.
റഷ്യക്കൊപ്പം ചേരുന്നതിന്റെ ആദ്യപടിയെന്നോണം ക്രിമിയന്‍ മേഖലയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്രിമിയന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് പുറപ്പെടും.
റഷ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെതിരെ ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെതിരെ നടന്ന പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് നയിച്ചതോടെയാണ് റഷ്യന്‍ അനുഭാവികള്‍ക്കും യാനുക്കോവിച്ചിന്റെ അനുയായികള്‍ക്കും ഭൂരിപക്ഷമുള്ള ഉക്രൈനിന്റെ കിഴക്കന്‍ ഉപദ്വീപായ ക്രിമിയ റഷ്യക്കൊപ്പം ചേരാനുള്ള തീരുമാനമെടുത്തത്.
പാശ്ചാത്യ രാജ്യങ്ങളുടെയും ഉക്രൈന്‍ സൈന്യത്തിന്റെയും ഇടപെടല്‍ ഭീതിയെ തുടര്‍ന്ന് റഷ്യന്‍ അര്‍ധ സൈന്യത്തിന്റെ സഹായത്തോടെയാണ് ഹിതപരിശോധനയും മറ്റും സംഘടിപ്പിച്ചത്. ക്രിമിയയില്‍ തങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ നടന്നിട്ടില്ലെന്നും റഷ്യന്‍ അനുഭാവികളായ സ്വയം പ്രതിരോധ സേനയാണ് ക്രിമിയന്‍ സര്‍ക്കാറിനെ സഹായിച്ചതെന്നും റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.