Connect with us

Ongoing News

മെസി ഗോള്‍ മൂപ്പന്‍

Published

|

Last Updated

messi

നീയാണ് താരം;370ാം ഗോള്‍ നേടിയ മെസിയെ സഹതാരം ഇനിയെസ്റ്റ കെട്ടിപ്പുണരുന്നു

മാഡ്രിഡ്: ബ്രസീലില്‍ ലോകകപ്പ് കിക്കോഫിലേക്ക് നാളുകള്‍ എണ്ണപ്പെട്ടു വരുമ്പോള്‍ അര്‍ജന്റീനാ ക്യാപ്റ്റന്‍ തികഞ്ഞ ഫോമിലേക്ക്. സ്പാനിഷ് ലാ ലിഗയില്‍ ഒസാസുനക്കെതിരെ ബാഴ്‌സലോണക്കായി ഹാട്രിക്ക് നേടിയ മെസി ക്ലബ്ബിനായി 370 ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ചരിത്രപുരുഷനായി.
ബാഴ്‌സലോണക്കായി പൗളിഞ്ഞോ അല്‍കന്റാരനേടിയ 369 ഗോളുകളുടെ റെക്കോര്‍ഡാണ് മെസി തകര്‍ത്തത്. ബാഴ്‌സക്കായി മെസിയുടെ പതിനെട്ടാം ഹാട്രിക്ക് കൂടിയാണിത്. സ്പാനിഷ് ക്ലബ്ബ് ഫുട്‌ബോളില്‍ റയലിനായി പത്തൊമ്പത് ഹാട്രിക്ക് നേടി ക്രിസ്റ്റ്യാനോ മെസിക്ക് തൊട്ടുമുന്നിലുണ്ട്. മുന്‍ഡോയ്ക്കും പത്തൊമ്പത് ഹാട്രിക്ക്. 22 ഹാട്രിക്കുകള്‍ പേരിലുള്ള റയലിന്റെ ഇതിഹാസം ആല്‍ഫ്രെഡോ ഡിസ്റ്റെഫാനോയുടെയും ടെല്‍മോ സാറയുടെയും സ്പാനിഷ് റെക്കോര്‍ഡ് മെസിക്കും ക്രിസ്റ്റ്യാനോക്കും മുന്നില്‍ ഭദ്രമല്ല. മെസിയുടെ വിശ്വരൂപം കണ്ട മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഒസാസുന തകര്‍ന്നടിഞ്ഞത്. രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ റുമാനിയക്കെതിരെ അര്‍ജന്റീന ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ മെസിയുടെ അനാരോഗ്യം വലിയ ചര്‍ച്ചയായി. ലോകകപ്പില്‍ അര്‍ജന്റീനയുടെ ഭാവി വരെ ഇതോടനുബന്ധിച്ച് ചര്‍ച്ച ചെയ്തു കളഞ്ഞു. എന്നാല്‍, അനായാസ സ്‌കോറിംഗ് പാടവം വീണ്ടെടുത്ത് മെസി മറുപടി നല്‍കിയിരിക്കുന്നു. ഞായറാഴ്ച എല്‍ ക്ലാസികോയില്‍ റയല്‍മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ബാഴ്‌സക്ക് ഒസാസുനക്കെതിരെ നേടിയ വലിയ വിജയം ആത്മവിശ്വാസമേകും. ഹാട്രിക്കും റെക്കോര്‍ഡും നേടിയ മെസി എല്‍ ക്ലാസികോയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീസണില്‍ ബാഴ്‌സയുടെ സുപ്രധാന മത്സരം ഞായറാഴ്ചയാണ്. കിരീട സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന് മെസി.
പതിനെട്ടാം മിനുട്ടില്‍ മെസിയാണ് ഒസാസുനയുടെ വലയില്‍ ആദ്യ ഗോളെത്തിച്ചത്. സാഞ്ചസ് (22), ഇനിയെസ്റ്റ (34), മെസി (63), ക്രിസ്റ്റ്യന്‍ ടെല്ലോ (78), ലയണല്‍ മെസി (88), പെഡ്രോ (90+1) എന്നിങ്ങനെയാണ് സ്‌കോറിംഗ്.വിജയത്തോടെ 28 മത്സരങ്ങളില്‍ 66 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത്. 70 പോയിന്റുള്ള റയലാണ് മുന്നില്‍. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 67.
എല്‍ ക്ലാസികോ ജയിച്ചാല്‍ 69 പോയിന്റോടെ റയലുമായുള്ള അകലം ഒരു പോയിന്റായി കുറയ്ക്കാന്‍ ബാഴ്‌സക്ക് സാധിക്കും. മറിച്ചായാല്‍ റയലിന്റെ കിരീടവഴി എളുപ്പമാകും.