Connect with us

Editorial

തൊഴിലിടങ്ങളിലെ സ്ത്രീകള്‍

Published

|

Last Updated

ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന തൊടുപുഴ സ്വദേശിനി മോളി സിബിച്ചന്റെ ആത്മഹത്യ, തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങളളെയും പീഡനങ്ങളെയും കൂടുതല്‍ അനാവൃതമാക്കിയിരിക്കയാണ്. ജോലിസ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് മോളി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഐ സി യുവില്‍ ജോലി ചെയ്തിരുന്ന മോളിയെ ജനറല്‍ വാര്‍ഡിലേക്കും അവിടെ നിന്ന് സ്വകാര്യ ന്യൂറോ വാര്‍ഡിലേക്കുമായി നിരന്തരം സ്ഥലം മാറ്റിയിരുന്നു. കുട്ടികളുടെ പരീക്ഷയായതിനാല്‍ അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിച്ചതുമില്ല.
ഒറ്റപ്പെട്ട സംഭവമല്ലിത്. സ്ത്രീകള്‍ എവിടെയും അരക്ഷിതരാണ്. ബസ്സിലും തീവണ്ടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം. വിശിഷ്യാ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ പല വിധ പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന മലയാളി സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ മുമ്പും ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാനഹാനി ഭയന്നും കിട്ടിയ ജോലി നഷ്ടപ്പെടുമോ എന്ന ചിന്തയിലും പുറത്തു പറായാതെ പരമാവധി സഹിക്കുന്നവരും സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്നവരും നിരവധിയാണ്. എയിംസില്‍ പതിനേഴ് വര്‍ഷമായി ജോലി ചെയ്തു വരുന്ന മോളി ജോലിഭാരത്തെക്കുറിച്ചല്ലാതെ മറ്റു പരാതികളൊന്നും തങ്ങളുടെ മുമ്പാകെ ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രയാസങ്ങളില്ലാത്തതു കൊണ്ടല്ല, വീട്ടുകാരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതി എല്ലാം സഹിക്കുകയായിരുന്നു അവര്‍. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യയുടെ മാര്‍ഗം തിരഞ്ഞെടുത്തത്.
ഡല്‍ഹിയിലെ വനിതാ ജീവനക്കാര്‍ക്കിടയില്‍ “പി എച്ച് ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി” ഈയിടെ നടത്തിയ സര്‍വേ, നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത വനിതാ ജീവനക്കാരിലേറെ പേരും നഗരം വിടാന്‍ ആഗ്രഹിക്കുന്നവരാണ്. വേതനം കുറവാണെങ്കില്‍ പോലും നഗരത്തിന് പുറത്തു ജോലി ലഭിക്കുകയാണെങ്കില്‍ അവിടേക്ക് മാറാനാണ് പകുതിയോളം പേര്‍ക്ക് താത്പര്യം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍ പീഡനമേല്‍ക്കേണ്ടിവരുന്നത്. 80 ശതമാനവും പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നതെന്നും സുരക്ഷാ പ്രശ്‌നങ്ങളാണ് സ്ത്രീജീവനക്കാര്‍ നേരിടുന്ന മുഖ്യവിഷയമെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
സ്ത്രീ സംരക്ഷണത്തിന് നിയമങ്ങള്‍ ധാരാളമുള്ള നാടാണ് ഇന്ത്യ. വീട്ടിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ സുരക്ഷിതമായിരിക്കണമെന്ന് നിയമങ്ങള്‍ അനുശാസിക്കുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് നിയമം കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുമുണ്ട്. എല്ലാം ഏട്ടിലെ പശുവായി അവശേഷിക്കുന്നു. നിയമങ്ങളുടെ അപര്യാപ്തതയല്ല , നേരെ ചൊവ്വെ അവ നടപ്പാക്കാനുള്ള സാഹചര്യവും മനസ്സും ഇല്ലാത്തതാണ് പ്രശ്‌നം. കുടുംബഭാരത്തിനൊപ്പം ഔദേ്യാഗിക ഭാരം കൂടി വഹിക്കുന്ന സ്ത്രീസമൂഹത്തിന്, സ്വന്തം ശരീരം സംരക്ഷിക്കാനുള്ള ബധ്യതയും ഏല്‍ക്കേണ്ട ദയനീയാവസ്ഥയാണ് നിലവിലുള്ളത്.സത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുരുഷ ഭരണ കേന്ദ്രീകൃത വ്യവസ്ഥിതിക്ക് സാധിക്കില്ലെന്ന വിലയിരുത്തലില്‍, ഭരണ രംഗത്ത് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യപടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സംവരണം നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഇവിടെയും അവര്‍ക്ക് രക്ഷയില്ല. ലിംഗപരമായ നിരവധി വിവേചനങ്ങള്‍ ഭരണരംഗത്തും നേരിടേണ്ടി വരുന്നതായി ഡല്‍ഹി നഗരസഭയിലെ വനിതാ പ്രതിനിധികള്‍ അടുത്തിടെ പരാതിപ്പെട്ടിരുന്നു.
നിയമം കൊണ്ടോ ഭരണ മേഖലകളില്‍ പ്രാതിനിധ്യം കൈവന്നതുകൊണ്ടോ സ്ത്രീകളുടെ സുരക്ഷിത്വം ഉറപ്പാക്കാനാകില്ലെന്നാണ് അനുഭവസാക്ഷ്യം. സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള ജീവിത രീതി, പുരുഷന്മാരുടെ ദുര്‍ബല വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന മാധ്യമ സംസ്‌കാരം, സ്ത്രീയെ ഒരു ഭോഗവസ്തു മാത്രമായി കാണുന്ന പ്രവണത തുടങ്ങിയ ഘടകങ്ങള്‍ നിയന്ത്രിക്കുന്നതോടൊപ്പം സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ യഥാവിധി നിറവേറ്റുക കൂടി ചെയ്‌തെങ്കിലേ പ്രശ്‌നം ഒരളവോളമെങ്കിലും പരിഹൃതമാകുകയുള്ളൂ.

---- facebook comment plugin here -----

Latest