Connect with us

Ongoing News

താളം മാറാതെ തുളുനാട്

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളെ അധികമൊന്നും മാറി പരീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട്. കഴിഞ്ഞ കാലങ്ങളിലെ മണ്ഡല ചരിത്രം നോക്കുമ്പോള്‍ വ്യക്തമാകുന്നതും അതാണ്. രൂപവത്കരണം മുതല്‍ ഇന്നു വരെയുള്ള മണ്ഡലത്തിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ 1971ലും 1977ലും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയും 1984ല്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഐ രാമറൈയും മാത്രമാണ് വിജയിച്ചതെന്നതൊഴിച്ചാല്‍ ഇന്നുവരെ മണ്ഡലം സി പി എമ്മിനെ കൈവിട്ടിട്ടില്ല. എന്നാല്‍, ഈ മൂന്ന് തവണയും സി പി എമ്മിന്റെ കരുത്തുറ്റവരും പ്രഗത്ഭരുമായ ഇ കെ നായനാര്‍, എം രാമണ്ണ റൈ, ഇ ബാലാനന്ദന്‍ എന്നിവരാണ് മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികൂലമായ വിധി നിര്‍ണയത്തിന് പാത്രമായത്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം. മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വരുന്നതിന് മുമ്പ് മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, ഹോസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നീ കാസര്‍കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതായിരുന്നു.
1967ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച എ കെ ഗോപാലനാണ് മണ്ഡലത്തില്‍ നിന്ന് കൂടിയ ഭൂരിപക്ഷത്തിന് ജയിച്ചത്. 1,18,510 വോട്ടുകള്‍ നേടിയ എ കെ ജി, കോണ്‍ഗ്രസിലെ ടി വി സി നായരെയാണ് പരാജയപ്പെടുത്തിയത്. 1971ല്‍ സി പി എമ്മിലെ ഇ കെ നായനാരെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചത.് 28,404 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. 1977ല്‍ സി പി എമ്മിലെ രാമണ്ണ റൈക്കെതിരെ കടന്നപ്പള്ളി നേടിയ 5,042 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമെങ്കില്‍ കോണ്‍ഗ്രസിലെ ഐ രാമറൈക്കെതിരെ 1989ല്‍ മത്സരിച്ച ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ എം രാമണ്ണ റൈ നേടിയ 1,546 വോട്ടിന്റെ ഭുരിപക്ഷമാണ് സി പി എമ്മിന് ലഭിച്ച ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലുള്ള വിജയം. മറ്റുള്ള തിരഞ്ഞെടുപ്പുകളില്‍ മിക്കതിലും താരതമ്യേന നല്ല ഭൂരിപക്ഷമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മത്സരിച്ചവര്‍ക്ക് ലഭിച്ചത്.
എന്‍ഡോസള്‍ഫാന്‍, മറാഠി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തല്‍, കടലാടിപ്പാറയിലെ കരിമണല്‍ ഖനനം, ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്നത്. മണ്ഡലത്തിലെ അരലക്ഷത്തില്‍പരം മറാഠി വോട്ടുകള്‍ നിര്‍ണായകമാണ്. 75,000 വോട്ടുകള്‍ മറാഠി സമുദായത്തിന്റെതായി ഉണ്ടെന്നാണ് കരുതുന്നത്. ഇതില്‍ അമ്പതിനായിരം വോട്ടുകള്‍ ഇടത്, വലത് മുന്നണികള്‍ക്ക് പലപ്പോഴും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും നിര്‍ണായകമാകുന്നത് ഇത്തരം വോട്ടുകളായിരിക്കും.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം പിയായ പി കരുണാകരനെത്തന്നെയാണ് സി പി എം രംഗത്തിറക്കിയിരിക്കുന്നത്. സി പി എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി കരുണാകരന്‍ മൂന്നാമൂഴത്തിന് ഇറങ്ങുമ്പോള്‍ ടി സിദ്ദീഖാണ് യു ഡി എഫിനുവേണ്ടി രംഗത്തുള്ളത്. കെ സുരേന്ദ്രനാണ് ബി ജെ പി സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ 64,427 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കരുണാകരന്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചത്. ഇത്തവണ മൂന്നാമങ്കത്തിന് ഇറങ്ങിയ പി കരുണാകരന് മുന്‍കാല പ്രവര്‍ത്തനത്തിലെ ആത്മവിശ്വാസം ഏറെയാണ്. യു ഡി എഫ് സ്ഥാനാര്‍ഥിയായ ടി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സംഘങ്ങള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. യു ഡി എഫിന്റെ വികസന നേട്ടങ്ങളായി കാസര്‍കോട് മെഡിക്കല്‍ കോളജ്, കേന്ദ്രസര്‍വകലാശാല, ചെറുവത്തൂര്‍, കാസര്‍കോട്, മഞ്ചേശ്വരം ഹാര്‍ബറുകള്‍, രണ്ട് പുതിയ താലൂക്കുകള്‍, എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് കോടികളുടെ പദ്ധതികള്‍, പ്രഭാകരന്‍ കമ്മീഷന്‍ തുടങ്ങിയവയാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്നത്.
അതേസമയം, ബി ജെ പിയും വിജയ പ്രതീക്ഷ കൈവിടുന്നില്ല. ഈ പ്രതീക്ഷയില്‍ തന്നെയാണ് കേരളത്തിലെ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കെ സുരേന്ദ്രനെ തന്നെ അവര്‍ കാസര്‍കോട്ട് രംഗത്തിറക്കിയിരിക്കുന്നത്.

Latest