മായാത്ത മഷിയെത്തുന്നത് മൈസൂരില്‍ നിന്ന്

    Posted on: March 18, 2014 5:10 am | Last updated: March 18, 2014 at 1:11 am
    SHARE

    mashi,,പൊതുതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് വോട്ടര്‍മാര്‍ ബുത്തിലെത്തുമ്പോള്‍ അവരുടെ കൈവിരലില്‍ പുരട്ടാനുള്ള മഷിയെത്തുന്നത് മൈസൂരില്‍ നിന്ന്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നത് തടയാനാണ് വോട്ട് ചെയ്തയാളുടെ കൈവിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയത്. ഈ മഷിയാണ് മൈസൂരില്‍ നിന്നെത്തുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിനോളം പ്രാധാന്യമുള്ള ഈ പ്രത്യേക തരം മഷി നിര്‍മിക്കുന്നത് മൈസൂരിലെ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷിംഗ് കമ്പനിയാണ്. നഖത്തില്‍ പുരട്ടുന്ന ഈ മഷി സാധാരണ ഇരുപത് ദിവസം വരെ മായാതെ നില്‍ക്കുമെന്നതാണ് പ്രത്യേകത. 1,300 കോടി രൂപ ചെലവിട്ടു നടത്തുന്ന പൊതുതിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് കോടി രൂപയാണ് മഷിക്ക് വേണ്ടി മാത്രം ചെലവഴിക്കുന്നത്. കെമിക്കലുകളും സില്‍വര്‍ നൈട്രേറ്റും മണമുള്ള മറ്റു ചായക്കൂട്ടുകളും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്താണ് ഈ മഷി നിര്‍മിക്കുന്നത്.

    അഫ്ഗാനിലെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും 2008ലെ കമ്പോഡിയന്‍ തിരഞ്ഞെടുപ്പിലും മൈസൂരില്‍ നിന്ന് നിര്‍മിക്കുന്ന ഈ മഷിയാണ് ഉപയോഗിച്ചിരുന്നത്. പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി മഷി നിര്‍മിക്കുന്ന ലോകത്തെ തന്നെ പ്രധാന കമ്പനിയും ഇന്ത്യയിലെ ഏക കമ്പനിയുമാണ് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷിംഗ് കമ്പനി. കര്‍ണാടക സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 1937ല്‍ മൈസൂര്‍ രാജാവായിരുന്ന മെല്‍പാടി കൃഷ്ണരാജ വൊഡയാറാണ് കമ്പനി തുടങ്ങിയത്. 1940ലാണ് കമ്പനി പൊതുമേഖലാ സ്ഥാപനമായി മാറിയത്. 1962ലെ പൊതുതിരഞ്ഞെടുപ്പിലാണ് രാജ്യത്ത് ആദ്യമായി മഷി ഉപയോഗിച്ച് തുടങ്ങിയത്.
    തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, നൈജീരിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും മഷി കയറ്റി അയക്കുന്ന മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷിംഗ് കമ്പനിക്ക് വര്‍ഷം തോറും കോടികളുടെ വിറ്റുവരവാണ് ഉള്ളത്. തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം മഷിക്ക് പുറമെ പ്രൈമര്‍, ഡിസ്റ്റംബര്‍, സീലിംഗ് വാക്‌സ് എന്നിവയും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.