Connect with us

Ongoing News

ഫേസ്ബുക്കില്‍ അങ്കം മുറുകി

Published

|

Last Updated

facebook-logoചുമരെഴുത്തുകളും ഉച്ചഭാഷിണിയിലൂടെയുമുള്ള വോട്ടഭ്യര്‍ഥനയും പോസ്റ്റര്‍ പ്രചാരണവുമൊക്കെയായിരുന്നു കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ പ്രചാരണ മാധ്യമങ്ങളെങ്കില്‍ ന്യൂ ജനറേഷന്‍ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ “കളം” മാറ്റിച്ചവിട്ടുന്നു. നവ മാധ്യമങ്ങളിലൂടെ പ്രചാരണം കൊഴുപ്പിക്കാനാണ് പ്രധാന പാര്‍ട്ടികളുടെ തീരുമാനം. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ പ്രചാരണം തകൃതിയായി ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ഫേസ്ബുക്ക് രംഗം മുറുകിക്കഴിഞ്ഞു.

ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നതില്‍ സി പി എം തന്നെയാണ് മുന്നില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി പി എം ഫേസ്ബുക്ക് പ്രചാരണത്തിനായി അണിയറ ഒരുക്കം തുടങ്ങിയിരുന്നു. സംസ്ഥാനതലത്തിലും ജില്ലാ, നിയോജക മണ്ഡലം, ബൂത്ത് തലം വരെ അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരംഭിച്ചു കഴിഞ്ഞു. ബൂത്ത് തലത്തില്‍ നേരത്തെ ഫേസ്ബുക്ക് കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജില്ലാ തലങ്ങളിലും താഴെ തട്ടിലേക്കുമുള്ള ഡാറ്റ നല്‍കുന്നത്. സംസ്ഥാനതലത്തില്‍ ഇതിനായി നേരത്തെ തന്നെ ചുമതലക്കാരനെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. പാര്‍ട്ടി പേരുകളില്‍ തുടങ്ങുന്ന പ്രൊഫൈലുകള്‍ക്ക് പുറമെ മറ്റ് പേരുകളിലും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്കൗണ്ടുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സസ്‌നേഹം, നാട്ടുകൂട്ടം തുടങ്ങി ആകര്‍ഷകങ്ങളായ പല പേരുകളിലുമുണ്ട് അക്കൗണ്ടുകള്‍. പാര്‍ട്ടിയുടെയോ പോഷക സംഘടനയുടെയോ സജീവ പ്രവര്‍ത്തനത്തിലുള്ളവരല്ല ഇവ കൈകാര്യം ചെയ്യുന്നത്. ഡി വൈ എഫ് ഐക്കാണ് സംഘടിപ്പിക്കുന്നതിന്റെ പ്രധാന ചുമതല. ഐ ടി പ്രൊഫഷനലുകളെയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നു. പാര്‍ട്ടിയുമായി നല്ല ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് കൈകാര്യം ചെയ്യുക. പാര്‍ട്ടിയുടെ പേരില്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയുടെ നവമാധ്യമ പ്രചാരണങ്ങളുടെ ചുമതലക്കാരില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമായിരിക്കും. സി പി എമ്മിന് പുറമെ ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങിയ സംഘടനകളും ഇടതു മുന്നണി പ്രചാരണത്തിന് സജീവമായുണ്ട്. സി പി ഐയും എ ഐ വൈ എഫും ഫേസ്ബുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
കോണ്‍ഗ്രസിന് സംഘടിതമായ ഫേസ്ബുക്ക് കൂട്ടായ്മകളില്ലെങ്കിലും ഇപ്പോള്‍ തന്നെ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് ചിലര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകള്‍ വഴി പ്രചാരണം നടത്തിയത് നേതൃത്വത്തിന് തലവേദനയായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ഫേസ്ബുക്കിലും പടരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫേസ്ബുക്ക് ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസും തയ്യാറെടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗും ബി ജെ പിയും ആം ആദ്മിപാര്‍ട്ടിയും ഫേസ്ബുക്കിലൂടെ രംഗത്തുണ്ട്.
സ്ഥാനാര്‍ഥികളുടെ പേരില്‍ എല്ലാ മുന്നണികളും പേജും തുടങ്ങിയിട്ടുണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ത്തവരുടെ എണ്ണം ഏഴ് ലക്ഷത്തോളം വരും. ഒരു മണ്ഡലത്തില്‍ ശരാശശര 35000 ഓളം പുതിയ വോട്ടര്‍മാരുണ്ടാകും. അതുകൊണ്ട് തന്നെ പുതിയ വോട്ടര്‍മാരെ പിടിക്കാന്‍ ഫേസ്ബുക്കും നവ മാധ്യമങ്ങളുമാണ് ഗുണകരമെന്ന് രാഷ്ട്രീയ നേതൃത്വവും ചിന്തിക്കുന്നു.

Latest