Connect with us

Ongoing News

ചട്ടലംഘനം ലഘൂകരിച്ച് കേരളത്തിന്റെ സത്യവാങ്മൂലം

Published

|

Last Updated

തിരുവനന്തപുരം:  വേമ്പനാട് കായല്‍ തീരത്തെ വന്‍കിട കൈയേറ്റം ലഘൂകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. ഭൂമി കൈയേറുകയും ചട്ടലംഘനം നടത്തുകയും ചെയ്ത സ്ഥാപനങ്ങളേതെല്ലാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അക്കമിട്ട് നിരത്തി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയപ്പോഴാണ് കേരളത്തിന്റെ ഈ മൃദു സമീപനം. തീരദേശ നിയന്ത്രണ നിയമം ലംഘിച്ച നിര്‍മാണങ്ങളെയും കൈയേറ്റങ്ങളെയും സാധൂകരിക്കുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. വേമ്പനാട് കായലോരത്തെ കൈയേറ്റവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം, ചിലവന്നൂരിലെ ഗ്യാലക്‌സി ഡെവലപ്പേഴ്‌സ്, മറൈന്‍ ഡ്രൈവിലെ പുറവന്‍കര ഗ്രൂപ്പിന്റെ പുര്‍വ ഓഷ്യാനൊ, കുണ്ടന്നൂരിലെ എസ് ടി പി നിര്‍മാണങ്ങള്‍, വളന്തക്കാട്, താന്തോന്നി, മരട് എന്നിവിടങ്ങളിലെ വിവിധ നിര്‍മാണങ്ങള്‍, നെടിയന്‍തുരുത്തിലെ ക്യാപിറ്റോള്‍ റിസോര്‍ട്ട്, വൈറ്റില തുരുത്തിലെ ഗാമിക റിസോര്‍ട്ട്, യെശോറാം ഗ്രൂപ്പിന്റെ സ്‌കൈ സിറ്റി പദ്ധതി, കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ തുടങ്ങിയവ തീര പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം സമര്‍പ്പിച്ച് രണ്ട് മാസം കഴിഞ്ഞ ശേഷമാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ മറ്റൊരു സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ രണ്ട് കൈയേറ്റങ്ങളെക്കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. മറ്റുള്ളവ കണ്ടില്ലെന്ന് നടിക്കുകയോ സാധൂകരണം നല്‍കുകയോ ചെയ്‌തെന്ന് വേണം കരുതാന്‍.
നെടിയന്‍തുരുത്തിലെ ക്യാപിറ്റോള്‍ റിസോര്‍ട്ട് വൈറ്റില തുരുത്തിലെ ഗാമിക റിസോര്‍ട്ട് എന്നിവയുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നത്.
കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലും ഉദയംപേരൂര്‍, കുമ്പളം പഞ്ചായത്തുകളിലുമുള്ള കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്ന പരാമര്‍ശം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൈയേറ്റക്കാര്‍ ആരെല്ലാമെന്നോ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നോ വ്യക്തമാക്കുന്നില്ല. എന്നാല്‍, കൈയേറ്റം സംബന്ധിച്ച് ഭൗമശാസ്ത്ര പഠന കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് നല്‍കിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെയും ഗൂഗിള്‍ മാപ്പിന്റെയും സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.

Latest