Connect with us

International

ലോകാവസാനം ആസന്നമെന്ന് പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍: അമിതമായ വിഭവ ചൂഷണവും നിയന്ത്രണാതീതമായ ഉപഭോഗവും ആധുനിക ലോകത്തെ അതിവേഗം സര്‍വ നാശത്തിലേക്ക് നയിക്കുന്നുവെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനം.
ലോകത്തിലെ ഏറ്റവും പുരോഗമനപരമായിരുന്ന മൂന്ന് സംസ്‌കാരങ്ങളെ ആധാരമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ഗുപ്ത, യൂറോപ്പിലെ റോമന്‍, ചൈനയിലെ ഹാന്‍ കാലഘട്ടങ്ങളാണ് പഠനവിധേയമാക്കിയത്. സംസ്‌കാരങ്ങളുടെ ഉദയവും പതനവും പ്രത്യേകമായ ഇടവേളകളിലാണ് സംഭവിക്കുന്നതെന്നും ഈ മാതൃക പരിഗണിക്കുമ്പോള്‍ ഈ നൂറ്റാണ്ടില്‍ തന്നെ ആധുനിക ലോകം ആത്യന്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഗവേഷകര്‍ പറയുന്നു. വളര്‍ച്ചയും തളര്‍ച്ചയും സംസ്‌കാരങ്ങളുടെ കാര്യത്തില്‍ സ്വാഭാവികമാണ്. വരാന്‍ പോകുന്നത് തളര്‍ച്ചയുടെ കാലമാണ്. ഇത് ചരിത്രപരമായ കാര്യമാണെന്നും ഗണിതശാസ്ത്ര മോഡലുകളെ അവലംബിച്ചു നടത്തിയ സാമൂഹികശാസ്ത്രീയ പഠനത്തില്‍ പറയുന്നു.
ഭൂമിയുടെ വിഭവചോര്‍ച്ച സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചാണ് സമ്പന്ന രാജ്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പഠനവിധേയമായ മൂന്ന് സാമ്രാജ്യങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇതിന്റെ ഫലമായുണ്ടാകുന്ന കടുത്ത കാലാവസ്ഥാ മാറ്റം സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അശാന്തിയും സൃഷ്ടിക്കും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും ഇത് ലോകത്തിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സഫാ മുത്തശ്അരി പറയുന്നു.
സുസ്ഥിര വികസനത്തിനുവേണ്ടി പരിമിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. സമ്പത്ത് വിരലിലെണ്ണാവുന്നവരുടെ കൈകളില്‍ കുമിഞ്ഞു കൂടുകയാണ്. ഈ വരേണ്യ വര്‍ഗം അമിതമായി ഉപഭോഗം ചെയ്യുമ്പോള്‍ സാധാരണക്കാരന് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമല്ലാതെ വരും. ഈ സാഹചര്യം വന്‍ കലാപത്തിന് വഴിവെക്കും. ഇത്തരം ഏറ്റുമുട്ടലുകളായിരിക്കും ലോകത്തിന്റെ നാശത്തിന് വഴിതെളിക്കുക. മുന്നറിയിപ്പ് അവഗണിക്കുന്ന പ്രവണതയാണ് ഭൂതകാല സംസ്‌കാരങ്ങളുടെയും തകര്‍ച്ചക്ക് കാരണമായതെന്നും സഫാ മുത്തശ്അരി വിശദീകരിക്കുന്നു. ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലും ലോകത്തിന്റെ തകര്‍ച്ച ആസന്നമാണെന്ന് കണ്ടെത്തിയിരുന്നു.