സംസ്ഥാനത്ത് പാന്‍മസാല ഉപഭോഗം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Posted on: March 18, 2014 12:59 am | Last updated: March 18, 2014 at 12:59 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടും ഇത് ഫലം കാണാത്ത സാഹചര്യത്തില്‍ പുകയില ഉള്‍പ്പെടെ പാന്‍ മസാലകളുടെയും ഗുഡ്കകളുടെയും ഉപഭോഗവും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരോധം മറികടന്ന് പാന്‍ ഉത്പന്നങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് ഒഴുകുന്ന സാഹചര്യത്തിലാണ് പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന പാന്‍ ഉത്പന്നങ്ങളുടെ ഉപയോഗവും നിയമം മൂലം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ പാന്‍മസാല വില്‍പ്പന നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും ഇത് ഫലം കാണുന്നില്ലെന്നാണ് ഇടക്കിടെ പാന്‍ ഉത്പന്നങ്ങള്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിക്കോട്ടിനും പുകയിലയുമടങ്ങിയ പാന്‍ മസാലയും ഗുട്കയും വ്യാപകമായി കേരളത്തിലേക്കു ഒഴുകുന്നുണ്ട്. 2011ലെ ഭക്ഷ്യ സുരക്ഷ മാനകീകരണ ചട്ടങ്ങള്‍ (വില്‍പ്പന നിരോധവും നിയന്ത്രണവും) പ്രകാരം പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന ഗുഡ്കയുടെയും പാന്‍ മസാലയുടെയും ഉത്പാദനം, സംഭരണം, വില്‍പ്പന, വിതരണം എന്നിവ നിരോധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ മധ്യപ്രദേശാണ് ആദ്യം ഈ നിരോധം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
അതേസമയം അസമില്‍ പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന പാന്‍ മസാലകളും ഗുഡ്കയുമെല്ലാം ഉപയോഗിക്കുന്നതടക്കം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഓങ്കോളജിസ്റ്റുമാര്‍ ഉള്‍പ്പെടെയുള്ള വൈദ്യസമൂഹം അര്‍ബുദബാധിതരെ രക്ഷിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അസമിലേതുപോലെ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ആര്‍ സി സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ രാമദാസ് പറഞ്ഞു.
പുകയിലയോ നിക്കോട്ടിനോ ചേര്‍ന്ന സര്‍ദ, ഗുഡ്ക, പാന്‍ മസാല തുടങ്ങിയവയും വിവിധ തരത്തിലുള്ള വലിക്കാനാകാത്തതും ചവക്കുന്നതുമായ പുകയിലയുടെയോ അവയുടെ ഏതെങ്കിലും രൂപത്തിലുള്ള മറ്റ് ഉത്പന്നങ്ങളുടെയോ കൈവശം വെക്കലും ഉപയോഗവും അസമില്‍ ഈ നിയമത്തിലൂടെ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ ആയിരം രൂപയും പിന്നീട് ഓരോ തവണയും 2,000 രൂപയും പിഴശിക്ഷ ലഭിക്കും. ഇവയുടെ പരസ്യങ്ങളും നിരോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ഉപഭോഗമൊഴികെയുള്ള നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ.