കോഴിക്കോട്- ഷൊര്‍ണൂര്‍ വൈദ്യുതീകരണം മെയ് അവസാനത്തോടെ ട്രെയിനുകള്‍ ഓടും

Posted on: March 18, 2014 12:54 am | Last updated: March 18, 2014 at 6:36 pm
SHARE

കോഴിക്കോട്: കോഴിക്കോട്- ഷൊര്‍ണൂര്‍ റൂട്ടില്‍ വൈദ്യുതീകരിച്ച പാതയില്‍ മെയ് അവസാനത്തോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച ജോലികള്‍ അവസാനഘട്ടത്തിലാണ്. പോസ്റ്റുകളും മറ്റും സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി മോഷണം തടയുന്നതിനുള്ള സംവിധാനമുള്‍പ്പെടെ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനു ശേഷം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തും. ക്ലിയറന്‍സ് ലഭിച്ചാല്‍ അധികം വൈകാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നും രാകേഷ് മിശ്ര പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടത്തില്‍ എല്ലാ ട്രെയിനുകളും വൈദ്യുതീകരിച്ച പാതയിലേക്ക് മാറ്റില്ല. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചും ഈ റൂട്ടില്‍ സര്‍വീസ് നടത്തും. ഘട്ടംഘട്ടമായി സമ്പൂര്‍ണ വൈദ്യുതീകൃത റൂട്ടാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതീകരണത്തിന്റെ ഭാഗമായി ഒന്നാം റെയില്‍വേ മേല്‍പ്പാലം ഉയര്‍ത്തുന്ന പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. പാലം ഉയര്‍ത്തുന്നതോടെ അപ്രോച്ച് റോഡുകള്‍ പുനര്‍നിര്‍മിക്കേണ്ടിവരും. ഇതിനെല്ലാം കൂടി ഒന്നര മാസം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാകേഷ് മിശ്ര പറഞ്ഞു.
വെദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും മറ്റുമായാണ് ജനറല്‍ മാനേജര്‍ ഇന്നലെ കോഴിക്കോട്ടെത്തിയത്. വടകര റെയില്‍വേ സ്റ്റേഷനിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഡിവിഷനല്‍ റയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ (കൊമേഴ്‌സ്യല്‍) പി ധനഞ്ജയന്‍, ഡിവിഷനല്‍ എന്‍ജിനീയര്‍ ശ്രീകുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജനറല്‍ മാനേജര്‍ക്കൊപ്പമുണ്ടായിരുന്നു.