ഡി എം കെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു: എ കെ ശെല്‍വരാജ് എം പി

Posted on: March 17, 2014 8:43 am | Last updated: March 17, 2014 at 8:43 am
SHARE

ഗൂഡല്ലൂര്‍: ഡി എം കെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ് എ രാജയെ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുന്നതെന്ന് മുന്‍ മന്ത്രിയും നിലവിലെ എം പിയുമായ എ കെ ശെല്‍വരാജ് പറഞ്ഞു.
ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുണാനിധി രാജക്ക് വീണ്ടും സീറ്റ് നല്‍കിയിരിക്കുകയാണ്.
സീറ്റ് നല്‍കിയിട്ടില്ലെങ്കില്‍ കരുണാനിധിയുടെ കുടുംബത്തെ രാജ ഒറ്റികൊടുക്കുമെന്ന ഭയത്താലാണ് രാജക്ക് വീണ്ടും സീറ്റ് നല്‍കാന്‍ കാരണം. കനിമൊഴിയുമായുള്ള ബന്ധവും രാജക്ക് തുണയായിട്ടുണ്ട്. അഞ്ച് വര്‍ഷം നീലഗിരി എം പിയായിരുന്നിട്ടും രാജ നീലഗിരിയിലെ ജനങ്ങള്‍ക്ക് ഒന്നും ചെയ്തിട്ടില്ല. രാജക്ക് ജയിലില്‍പോകാനെ സമയമുണ്ടായിരുന്നുള്ളു. കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ഗൂഡല്ലൂരില്‍ വന്ന് പ്രസംഗിച്ചപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും അധികാരം ലഭിച്ചിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഗൂഡല്ലൂരിലെ സെക്ഷന്‍ 17-വിഭാഗം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഡി എം കെ അധികാരത്തിലേറി കാലാവധി പൂര്‍ത്തിയാക്കി പുറത്ത് പോയെങ്കിലും ഒരു പരിഹാരവും ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. എ ഐ എ ഡി എം കെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗൂഡല്ലൂരിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണും. എ ഐ എ ഡി എം കെ തമിഴ്‌നാട്ടില്‍ നാല്‍പ്പത് സീറ്റ് പിടിച്ച് ലോക്‌സഭയില്‍ നിര്‍ണായക ശക്തിയാകും. ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് പോലും എ ഐ എ ഡി എം കെയായിരിക്കും. എ ഡി എം കെ സ്ഥാനാര്‍ഥിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.