വോട്ട് തേടി ഇ അഹമ്മദ് മലപ്പുറത്തെ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു

Posted on: March 17, 2014 8:33 am | Last updated: March 17, 2014 at 8:33 am
SHARE

മലപ്പുറം: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദ് ദേവാലയങ്ങളില്‍ വോട്ടഭ്യാര്‍ഥിച്ച് എത്തി. ഇന്നലെ 12 മണിയോടെയാണ് മലപ്പുറം സെന്റ് ജോസഫ് ഫെറോന ദേവാലയത്തിലും സി എസ് ഐ പള്ളിയിലും എത്തിയത്.
സെന്റ് ഫെറോന ദേവാലയത്തിലെ തിരുപെരുന്നാള്‍ ആഘോഷ വേളയിലാണ് അതിഥിയായി സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ എത്തിയത്. അദ്ദേഹത്തെ പളളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ സ്വീകരിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം സ്ഥലത്ത് വോട്ടര്‍മാരോട് സംസാരിച്ചതിന് ശേഷം പള്ളിയില്‍ ഒരുക്കിയ ഗംഭീര സദ്യയും കഴിച്ചാണ് മടങ്ങിയത്. മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പുതുതായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കും.
വിദ്യാഭ്യാസ പുരോഗതി മുന്നില്‍ കണ്ട് ജില്ലയില്‍ എന്‍ജിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് മുന്‍ കൈ എടുക്കുമെന്നും അഹമ്മദ് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ഇന്ത്യയില്‍ ഇക്കാര്യത്തില്‍ പ്രദമ പരിഗണന. ഇത് കഴിഞ്ഞാല്‍ മലപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് പ്രവര്‍ത്തിക്കുന്ന ഇഫഌ ക്യാമ്പസില്‍ കൂടുതല്‍ കോഴ്‌സ് കൊണ്ടു വരുന്നതിനും ഗ്രാമീണ മേഖലയില്‍ കൂടുതല്‍ അടിസ്ഥാന വികസനങ്ങള്‍ കൊണ്ട് വരാനും ഊന്നല്‍ നല്‍കുമെന്നും അഹമ്മദ് അഭിപ്രായപ്പെട്ടു.
പി ഉബൈദുല്ല എം എല്‍ എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, പാണക്കാട് മുനവ്വറലി തങ്ങള്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ, ഡി സി സി സെക്രട്ടറിമാരായ വീക്ഷണം മുഹമ്മദ്, കെ എം ഗിരിജ, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി എ മജീദ് സന്നിഹിതരായിരുന്നു.