കെജരിവാളിനൊപ്പം അത്താഴം: പിരിഞ്ഞത് 50 ലക്ഷം

  Posted on: March 17, 2014 8:25 am | Last updated: March 17, 2014 at 8:25 am
  SHARE

  kejriwalബംഗളൂരു: കെജ്‌രിവാളിനൊടൊപ്പം പണം നല്‍കി രാത്രി ഭക്ഷണം കഴിക്കാനുള്ള പദ്ധതിയില്‍ എ എ പിക്ക് ലഭിച്ചത് അമ്പത് ലക്ഷം രൂപ. ഒരാള്‍ക്ക് ഇരുപതിനായിരം രൂപയാണ് പാര്‍ട്ടി ഈടാക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗളൂരുവില്‍ എത്തിയ കെജ്‌രിവാളിനൊടൊപ്പം ഇരുപതിനായിരം രൂപ നല്‍കി ഭക്ഷണം കഴിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് ഇരുനൂറ് പേരാണ്.

  പാര്‍ട്ടി അനുഭാവികളാണ് ഇതില്‍ ഏറെയും. ഇന്‍ഫോസിസ് മുന്‍ ബോര്‍ഡ് അംഗവും ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ വി ബാലകൃഷ്ണനാണ് ഫണ്ട് പിരിക്കുന്നതിന് ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയില്‍ ഇരുനൂറ് പേരാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
  കര്‍ണാടകയില്‍ 28 സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. ബംഗളൂരുവില്‍ മൂന്ന് മണ്ഡലങ്ങളിലൂടെയാണ് കെജ്‌രിവാള്‍ പ്രചാരണ ജാഥ നടത്തിയത്. ബി ജെ പിക്കെതിരെ പാര്‍ട്ടി മത്സരിക്കുന്ന ബംഗളൂരു സൗത്ത്, ബംഗളൂരു സെന്‍ട്രല്‍, നോര്‍ത്ത് മണ്ഡലങ്ങളിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. എ എ പിക്ക് സംഭാവന നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക. 76.68 ലക്ഷം രൂപയാണ് കര്‍ണാടകയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിച്ചു നല്‍കിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍.
  2009ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളാണ് ബി ജെ പിക്ക് കര്‍ണാടകയില്‍ നിന്ന് ലഭിച്ചത്. കോണ്‍ഗ്രസിന് ആറും മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയുടെ ജനതാദളിന് മൂന്നും സീറ്റ് ലഭിച്ചു.