Connect with us

Ongoing News

ഇരു മുന്നണികളെയും വാഴിച്ച് പൂരങ്ങളുടെ നാട്

Published

|

Last Updated

തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലെയാണ് തൃശൂരുകാരുടെ മനസ്സ്. ഒരു മുന്നണിക്കൊപ്പവും സ്ഥിരമായി നിലയുറപ്പിക്കാത്തവര്‍. രാഷട്രീയ അതികായന്മാരെ വാഴിക്കുകയും വീഴ്ത്തുകയും ചെയ്ത പാരമ്പര്യമുണ്ട്. രാഷ്ട്രീയ ചാണക്യന്‍ ലീഡര്‍ കെ കരുണാകരനെയും പിതാവിനേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കച്ച കെട്ടിയിറങ്ങിയ കെ മുരളീധരനെയും പരാജയത്തിന്റെ കയ്പ്പ്‌നീര്‍ ഈ നാട്ടുകാര്‍ അറിയിച്ചു. ഒമ്പത് തവണ എല്‍ ഡി എഫിനെയും ആറ് തവണ യു ഡി എഫ് സാരഥികളെയും പാര്‍ലിമെന്റിലേക്കയച്ച ലോക്‌സഭാ മണ്ഡലത്തില്‍ സാംസ്‌കാരിക നഗരിയായ തൃശൂര്‍, ക്ഷേത്ര നഗരിയായ ഗുരുവായൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍, തീര മേഖലയായ നാട്ടിക, വ്യാവസായ മേഖലയായ പുതുക്കാട്, ഒല്ലൂര്‍ നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ്. എല്‍ ഡി എഫില്‍ സി പി ഐ സ്ഥാനാര്‍ഥികളാണ് കാലാകാലങ്ങളില്‍ ഈ സീറ്റില്‍ മത്സരിക്കുന്നത്.

2009ലെ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നോമിനിയായി ടോം വടക്കന്‍ തൃശൂരില്‍ മത്സരിക്കാന്‍ വരുന്നുവെന്ന പൊല്ലാപ്പ് ചെറുതൊന്നുമല്ല കോണ്‍ഗ്രസില്‍ ഉണ്ടാക്കിയത്. പ്രകടനവും മുദ്രാവാക്യവും പോര്‍വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുമ്പോഴാണ് പി സി ചാക്കോ മത്സരിക്കാനെത്തുന്നത്. ഏറെ വൈകിയാണ് ചാക്കോ പ്രചാരണ രംഗത്തെത്തിയതെങ്കിലും കൂട്ടിയും കിഴിച്ചും വിജയമുറപ്പിച്ചിരുന്ന ഇടതു പളയത്തെ ഞെട്ടിച്ച് പെട്ടി തുറന്നപ്പോള്‍ ചാക്കോക്ക് 25,151 വോട്ടിന്റെ ഭുരിപക്ഷമാണ് ലഭിച്ചത്. പി സി ചാക്കോ ഉള്‍പ്പെടെ പതിനൊന്ന് സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്നത്. സി പി ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവനായിരുന്നു പ്രധാന എതിരാളി. 3,84,764 വോട്ടുകള്‍ പി സി ചാക്കോക്ക് ലഭിച്ചു. ഇടത് കോട്ടകളാണ് അന്ന് തകര്‍ന്നടിഞ്ഞത്. സി പി ഐ ശക്തി കേന്ദ്രമായ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് 5,119 വോട്ടും പുതുക്കാടില്‍ 1349 വോട്ടും ലീഡ് ചെയ്തപ്പോള്‍ ലീഡ് പ്രതീക്ഷിച്ചിരുന്ന ഗുരുവായൂരില്‍ യു ഡി എഫ് 2,409 വോട്ടിന്റെ ലീഡുണ്ടാക്കി. ഇരിങ്ങാലക്കുടയില്‍ 4,845, ഒല്ലൂരില്‍ 9,803, തൃശൂരില്‍ 14,816 വോട്ടിന്റെയും ഭൂരിപക്ഷം യു ഡി എഫ് നേടിയപ്പോള്‍ സി എന്‍ ജയദേവന്റെ പതനം പൂര്‍ണമായി.
1951ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയാണ് ജയിച്ചത്. 1957ലും 62ലും സി പി ഐ യിലെ കെ കൃഷ്ണവാര്യരും തിരഞ്ഞെടുക്കപ്പെട്ടു. 1967, 71, 77, 80 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സി പി ഐ വിജയം ആവര്‍ത്തിച്ചു. എന്നാല്‍, തുടര്‍ന്ന് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. 1984ല്‍ കോണ്‍ഗ്രസിന് വേണ്ടി ആദ്യമായി പി എ ആന്റണി മണ്ഡലം പിടിച്ചെടുത്തു. സി പി ഐയിലെ വി വി രാഘവനെ 51,290 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തൃശൂരിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭുരിപക്ഷമാണിത്. 89ലും പി എ ആന്റണി വിജയം ആവര്‍ത്തിച്ചു. 91ല്‍ തൃശൂരില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ പി സി ചാക്കോ, കെ പി രാജേന്ദ്രനെ 29, 231 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. എന്നാല്‍, 96ല്‍ വി വി രാഘവനിലൂടെ സി പി ഐ ഗംഭീര തിരിച്ചു വരവ് നടത്തി. തന്റെ സ്വന്തം തട്ടകമായ തൃശൂരില്‍ ലീഡര്‍ കെ കരുണാകരന്‍ 1203 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത് മണ്ഡലത്തിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്. ലീഡര്‍ പത്രിക കൊടുത്താല്‍ മതി തൃശൂരുകാര്‍ ജയിപ്പിച്ചോളും എന്നു കരുതിയിരുന്നവര്‍ക്ക് ആഘാതമായിരുന്നു ആ തോല്‍വി. കോണ്‍ഗ്രസിലെ ചേരിപ്പോരും കുതികാല്‍ വെട്ടുമായിരുന്നു ദേശീയ നേതൃത്വത്തെ ഞെട്ടിച്ച ഈ അട്ടിമറിക്കു പിന്നിലെ കാരണം. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കരുണാകരന്‍ പറഞ്ഞത്.
പിതാവിനേറ്റ തോല്‍വിക്ക് പകരം ചോദിക്കാനായി 98ല്‍ മകന്‍ മുരളീധരന്‍ മത്സര രംഗത്തിറങ്ങിയപ്പോള്‍ 18,243 വോട്ടുകളുടെ വിത്യാസത്തില്‍ വി വി രാഘവനോട് അടിയറവ് വെക്കേണ്ടി വന്നു. 99ല്‍ വി വി രാഘവനെ കോണ്‍ഗ്രസിലെ എ സി ജോസ് പരാജയപ്പെടുത്തി. എന്നാല്‍, 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജോസിനെ തോല്‍പ്പിച്ച് സി കെ ചന്ദ്രപ്പനിലൂടെ മണ്ഡലം സി പി ഐ പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഇടതു പാളയത്തില്‍ ഉള്‍പ്പോരിന്റെ അകമ്പടിയോടെയാണ് തിരഞ്ഞടുപ്പിനെ നേരിട്ടത്. അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇത്തവണ സി എന്‍ ജയദേവനെ തന്നെയാണ് സി പി ഐ രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എം പിയായ പി സി ചാക്കോ ഇത്തവണ മണ്ഡലം മാറിയിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നുള്ള എം പിയായ ധനപാലനാണ് ഇത്തവണ തൃശൂരില്‍ മത്സരിക്കുന്നത്. മുഖ്യധാരാ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആം ആദ്മി സ്ഥാനാര്‍ഥിയായി എഴുത്തുകാരി സാറാ ജോസഫും രംഗത്തുണ്ട്. ശോഭാ സുരേന്ദ്രനാണ് ബി ജെ പി സ്ഥാനാര്‍ഥി. 12,50,635 വോട്ടര്‍മാരാണ് ഇക്കുറി തൃശൂരിലുള്ളത്. ഇതില്‍ 5,93,798 പുരുഷ വോട്ടര്‍മാരും 6,56,877 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. 95,000 പേര്‍ കന്നി വോട്ടര്‍മാരാണ്.

---- facebook comment plugin here -----

Latest