ക്രീമിയ റഷ്യയിലേക്ക്; ഹിത പരിശോധന പൂര്‍ത്തിയായി

Posted on: March 17, 2014 7:44 am | Last updated: March 17, 2014 at 7:44 am
SHARE

crimiaസിംഫെറോപോള്‍ (ഉക്രൈന്‍): റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകുന്നതിന് ഉക്രൈനിലെ കിഴക്കന്‍ ഉപദ്വീപായ ക്രിമിയയില്‍ നടന്ന ഹിത പരിശോധന വിജയകരമായി അവസാനിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദവും ഉക്രൈനിന്റെ വെല്ലുവിളികളും അതിജീവിച്ച് റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടന്ന ഹിതപരിശോധന സമാധാനപരമായിരുന്നുവെന്ന് പ്രവിശ്യാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു. റഷ്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇ യു പിന്തുണയോടെ പ്രതിപക്ഷ പ്രക്ഷോഭകര്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിയിലൂടെ പുറത്താക്കിയതോടെയാണ് റഷ്യന്‍ അനുഭാവികള്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ റഷ്യക്കൊപ്പം ചേരാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഹിതപരിശോധന നിയമവിരുദ്ധമാണെന്നാണ് ഉക്രൈന്‍ സര്‍ക്കാറിന്റെ വാദം. ഹിതപരിശോധന നടത്തിയാല്‍ റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ക്രിമിയന്‍ ജനതയുടെ അവകാശം മാനിക്കുമെന്ന നിലപാടില്‍ റഷ്യ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് വോട്ടിംഗ് നടന്നത്. ഉച്ചയോടെ 44 ശതമാനം വോട്ടര്‍മാരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. രണ്ട് ചോദ്യങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്താനാണ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. സോവിയറ്റ് യൂനിയന്റെ അംഗമായിരുന്ന ക്രമിയ വീണ്ടും റഷ്യക്കൊപ്പം ചേരണമോ എന്ന ചോദ്യമാണ് ബാലറ്റ് പേപ്പറിലെ ആദ്യത്തേത്. സ്വയം ഭരണാധികാരത്തിന് പ്രാമുഖ്യം നല്‍കിയിരുന്ന 1992ലെ ഭരണഘടനയിലേക്ക് ക്രിമിയ മാറണമോയെന്നതാണ് രണ്ടാമത്തെ ചോദ്യം.
2001ല്‍ ഉക്രൈന്‍ സര്‍ക്കാര്‍ നടത്തിയ സന്‍സെസ് അനുസരിച്ച് ക്രിമിയയിലെ അറുപത് ശതമാനത്തോളം ജനങ്ങളും റഷ്യന്‍ അനുഭാവികളാണ്. കൂടാതെ ശക്തമായ റഷ്യന്‍വിരുദ്ധരായ 12 ശതമാനത്തോളം വരുന്ന ടാറ്റേഴ്‌സ് വിഭാഗം ഹിതപരിശോധന ബഹിഷ്‌കരിച്ചു. ഈ സാഹചര്യത്തില്‍ ഹിതപരിശോധനയില്‍ റഷ്യക്കൊപ്പം ചേരുന്ന അഭിപ്രായമാണ് വിജയിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിതപരിശോധനയുടെ ഔദ്യോഗിക ഫലം ഇന്ന് പുറത്തുവരും.