ഉക്രൈനിലും റഷ്യയിലും പ്രക്ഷോഭങ്ങള്‍

Posted on: March 16, 2014 2:06 am | Last updated: March 16, 2014 at 2:06 am
SHARE

ukrainമോസ്‌കോ: ഉക്രൈനില്‍ നിന്ന് സ്വതന്ത്രമായി റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകാനുള്ള ക്രിമിയന്‍ മേഖലയിലെ ഹിതപരിശോധന നാളെ നടക്കാനിരിക്കെ, ക്രിമിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഉക്രൈനില്‍ വ്യാപക പ്രക്ഷോഭങ്ങള്‍. ക്രിമിയയെ റഷ്യന്‍ ഫെഡറേഷനിലെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ക്രിമിയയിലെ ഹിത പരിശോധന നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യു എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ റഷ്യ ഒറ്റപ്പെട്ടു. പ്രമേയത്തെ റഷ്യ മാത്രമാണ് എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്ന് ചൈന വിട്ടുനിന്നു.
റഷ്യന്‍ തീരുമാനത്തില്‍ അനുകൂലിച്ചും മോസ്‌കോ നഗരത്തില്‍ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കോവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ അനുഭാവികളും റഷ്യന്‍വിരുദ്ധരും നടത്തിയ പ്രക്ഷോഭമാണ് അക്രമാസക്തമായ ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗത്തിലും പെട്ട നിരവധി പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ, നാളെ നടക്കാനിരിക്കുന്ന ഹിത പരിശോധനക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ക്രിമിയയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ വ്യക്തമാക്കി. ക്രിമിയയിലെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത പോലീസ് സന്നാഹത്തില്‍ ബാലറ്റ് പേപ്പറുകളും മറ്റും വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍വിരുദ്ധ പ്രക്ഷോഭകരുടെയും ഉക്രൈന്‍ സൈന്യത്തിന്റെയും ആക്രമണം തടയാന്‍ റഷ്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കനത്ത സൈനിക സന്നാഹം തന്നെയാണ് ക്രിമിയന്‍ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ മുന്നറിയിപ്പ് അവഗണിച്ച് ക്രിമിയയിലെ ഇടപെടലില്‍ ഉറച്ച് നില്‍ക്കുന്നതായി കഴിഞ്ഞ ദിവസം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഖാര്‍കിവിലടക്കം രാജ്യത്ത് നടക്കുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ റഷ്യയും മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചുമാണെന്ന് ഉക്രൈന്‍ ഇടക്കാല പ്രധാനമന്ത്രി അവാകൊവ് വ്യക്തമാക്കി. യാനുക്കോവിച്ചിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്‍ വിഷയത്തിലെ റഷ്യന്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുന്ന അമേരിക്ക അന്താരാഷ്ട്ര പിന്തുണക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധമടക്കമുള്ള നടപടിക്ക് പിന്തുണ തേടി യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ പോളണ്ട്, ലിതുവാനിയ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഉക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മെഡിറ്റേറിയന്‍ കടലിലേക്ക് അമേരിക്ക സൈന്യത്തെ അയച്ചിട്ടുണ്ട്.