Connect with us

Ongoing News

വിവാദ പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്: സുധീരന്‍

Published

|

Last Updated

ആലപ്പുഴ: രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളതെന്ന പി സി ചാക്കോയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കേരളത്തില്‍ യു ഡി എഫ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയും സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബിന്റെ ജനവിധി 2014 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത തെളിഞ്ഞുനില്‍ക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തില്‍ നിന്ന് പരമാവധി എം പിമാരെ യു പി എ ചേരിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സംവിധാനത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. കേന്ദ്ര ഭരണത്തിനൊപ്പം ഓരോ സംസ്ഥാനത്തെയും ഭരണത്തിന്റെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പിലുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തവണ ഒരു സമുദായ നേതാവിന്റെയും ഇടപെടലുമുണ്ടായിട്ടില്ല. പി ടി തോമസിന് സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് എല്ലാവര്‍ക്കും എല്ലാ കാലത്തും സീറ്റ് ലഭിക്കണമെന്നില്ലെന്നായിരുന്നു സുധീരന്റെ മറുപടി.
വയനാട്ടില്‍ എം ഐ ഷാനവാസിനെതിരെ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. യു ഡി എഫിന് മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെ എസ് എസിനെ യു ഡി എഫിലെടുക്കുന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest