കോണ്‍ഗ്രസിന് തിരിച്ചടിയാകും ചാക്കോ; തിരുത്തുമായി നേതാക്കള്‍

  Posted on: March 16, 2014 1:54 am | Last updated: March 16, 2014 at 1:54 am
  SHARE

  pc-chackoകൊച്ചി: രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന് കോണ്‍ഗ്രസ് വക്താവും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് ‘നിലപാട് ‘ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോണ്‍ഗ്രസായിരിക്കും കൂടൂതല്‍ സീറ്റ് നേടുന്ന കക്ഷിയെന്ന് മാത്രമേ അവകാശപ്പെടുന്നുള്ളു. ഒറ്റക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് കരുതുന്നില്ല. ഏകകക്ഷി ഭരണത്തിന്റെ കാലം മാറി. ഇനിയുള്ള 25 ദിവസങ്ങളില്‍ എന്തുണ്ടാകുമെന്ന് പറയാനാകില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തും. ഇതാണ് ചരിത്രമെന്നും ചാക്കോ അവകാശപ്പെട്ടു.
  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ അസാധ്യമാക്കുന്ന തരത്തിലാണ് രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുന്നത്. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്ര സര്‍ക്കാറും പരാജയപ്പെട്ടു. അതേസമയം സര്‍ക്കാറിനെതിരായ നിഷേധപ്രചാരണങ്ങളെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രതിപക്ഷവും മാധ്യമങ്ങളും വിജയിച്ചുവെന്നും ടു ജി കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച ജെ പി സിയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന ചാക്കോ പറഞ്ഞു.
  സര്‍ക്കാറിനെതിരായ ആരോപണങ്ങളെ നല്ല നിലയില്‍ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാര്‍ നേതൃത്വവും പരാജയപ്പെട്ടുവെന്നും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ശരിയായി ജനങ്ങളിലെത്തിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെ മാധ്യമപ്രവര്‍ത്തകരെ കാണുന്ന സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെട്ട നരേന്ദ്ര മോദി ഇപ്പോള്‍ പിന്നിലേക്ക് പോകുകയാണെന്നും അതേ സമയം രാഹുല്‍ഗാന്ധിക്ക് പുതിയ ശബ്ദമെന്ന നിലയില്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുടുതല്‍ ശക്തമാക്കുന്നതിനായി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുന്നതിനുള്ള താത്പര്യമാണ് താന്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് പ്രതിപക്ഷ നിരയിലിരിക്കേണ്ടി വന്നാല്‍ മികച്ച പാര്‍ലമെന്റേറിയന്‍മാരുണ്ടാകണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
  ഭരിക്കുന്നതിനേക്കാല്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണെന്ന് പറഞ്ഞ പി സി ചാക്കോ, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു തലമുറ മാറ്റത്തിനുള്ള സമയമായെന്ന സൂചനകളും നല്‍കി.
  മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷവും താന്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായ സാഹചപര്യത്തിലാണ് ചാലക്കുടിയും തൃശൂരും പരസ്പരം മാറുകയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും പരസ്പര ധാരണയോടെയാണ് ഈ വെച്ചുമാറലെന്നും അദ്ദേഹം പറഞ്ഞു.