ഫോര്‍വേഡ് ബ്ലോക്ക് മല്‍സരത്തില്‍ നിന്ന് പിന്‍മാറി

  Posted on: March 16, 2014 12:12 am | Last updated: March 16, 2014 at 1:06 am
  SHARE

  തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം എല്‍ ഡി എഫിലെടുക്കുന്ന കാര്യം സജീവമായി പരിഗണിക്കാമെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്ക് മല്‍സരരംഗത്തു നിന്ന് പിന്‍മാറി. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്.
  കൊല്ലം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. കണ്‍വെന്‍ഷനുകളിലും യോഗങ്ങളിലും പാര്‍ട്ടിയെ പങ്കെടുപ്പിക്കാമെന്ന് സി പി എം സംസ്ഥാന നേതൃത്വം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  ആര്‍ എസ് പി മുന്നണി വിട്ടതിനു പിന്നാലെ കേരളത്തില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ ഫോര്‍വേഡ് ബ്ലോക്കെടുത്ത തീരുമാനം ദേശീയതലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായി പാര്‍ട്ടി മല്‍സരിക്കുന്ന പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ കേരളത്തിലെ തീരുമാനത്തിന് വലിയ പ്രചാരണമാണ് ലഭിച്ചത്. ദേശീയമാധ്യമങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നല്‍കിയതോടെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ദേബപ്രതാ ബിശ്വാസിനെ വിളിച്ച് തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.
  എല്‍ ഡി എഫ് പ്രവേശം പരിഗണിക്കാമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചെങ്കിലും ഇക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്ന് പാര്‍ട്ടി കേരള ഘടകം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാംമോഹന് പിണറായി വിജയന്‍ കത്ത് നല്‍കുകയായിരുന്നുവെന്ന് ദേവരാജന്‍ പറഞ്ഞു. ഒരു സീറ്റിന് വേണ്ടി രാഷ്ട്രീയ പ്രത്യയശാസ്ത്രം പണയം വെക്കാനുള്ള ആര്‍ എസ് പിയുടെ തീരുമാനം അനീതിയാണെന്നും തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ഫോര്‍വേഡ് ബ്ലോക്ക് യോഗം കുറ്റപ്പെടുത്തി.