തെലങ്കാനയില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി; സഖ്യത്തിനില്ലെന്ന് ടി ആര്‍ എസ്

  Posted on: March 16, 2014 12:46 am | Last updated: March 16, 2014 at 12:46 am
  SHARE

  chandrashekhara raoഹൈദരാബാദ്: തെലങ്കാനയില്‍ സഖ്യമുണ്ടാക്കി മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തെലങ്കാന രൂപവത്കരിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസില്‍ ലയിക്കാമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയ തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്), കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കവും ഉപേക്ഷിച്ചു. കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് വ്യക്തമാക്കിയതിനു പുറമെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനില്ലെന്നും ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു തുറന്നടിച്ചു.
  തെലങ്കാന ബില്‍ പാര്‍ലിമെന്റ് പാസ്സാക്കുകയാണെങ്കില്‍ ടി ആര്‍ എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാമെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്റെ വാഗ്ദാനം. തൊണ്ണൂറ് ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖര റാവുവിന്റെ പിന്മാറ്റം. സഖ്യത്തിനില്ലെന്ന് ടി ആര്‍ എസ് വ്യക്തമാക്കിയതോടെ തമിഴ്‌നാടിന് സമാനമായി ആന്ധ്രയിലും ഒറ്റക്ക് മത്സരിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. തെലങ്കാന രൂപവത്കരണത്തോടെ തെലങ്കാന മേഖലയില്‍ നിന്നുള്ള പതിനേഴ് സീറ്റുകളില്‍ 11 എണ്ണമെങ്കിലും കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്നത്. സഖ്യമില്ലെന്ന് വ്യക്തമാക്കിയതോടെ തെലങ്കാനയിലെ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പ്രഖ്യാപിച്ചു.
  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസിന് ഒറ്റക്ക് 42 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ബഹുകോണ മത്സരം നടക്കുന്ന തെലങ്കാനയില്‍ മൂന്നില്‍ രണ്ട് സീറ്റും ടി ആര്‍ എസ് സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭയില്‍ ആറ് സീറ്റും ടി ആര്‍ എസ് പ്രതീക്ഷിക്കുന്നുണ്ട്. നിസാമാബാദ്, ആദിലാബാദ്, കരീംനഗര്‍, വാറങ്കല്‍ ജില്ലകള്‍ ടി ആര്‍ എസിന്റെ ശക്തികേന്ദ്രങ്ങളാണ്. മേദക്, മഹ്ബൂബ് നഗര്‍ ജില്ലകളിലും ടി ആര്‍ എസിന് കാര്യമായ സ്വാധീനമുണ്ട്.
  ഉവൈസിയുടെ നേതൃത്വത്തിലുള്ള മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിനുമായി (എം ഐ എം) ടി ആര്‍ എസ് സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്ല. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയാല്‍ എം ഐ എമ്മുമായുള്ള സഖ്യവും ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടേക്കുമെന്നത് തന്നെയാണ് ഇതിന് കാരണം. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്നാണ് എം ഐ എമ്മിന്റെ പ്രതീക്ഷ. സി പി എം, സി പി ഐ കക്ഷികളും ടി ആര്‍ എസിന് പിന്തുണ നല്‍കുന്നുണ്ട്. നിയമസഭയില്‍ അമ്പതിലധികം സീറ്റ് ലഭിക്കുകയാണെങ്കില്‍ ചെറു കക്ഷികളുടെ പിന്തുണയോടെ സംസ്ഥാനത്ത് അധികാരം പിടിക്കാമെന്ന വിശ്വാസത്തിലാണ് റാവു. ബി ജെ പി- ടി ഡി പി സഖ്യത്തിനു പുറമെ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢിയുടെ ജയ് സമൈക്യാന്ധ്രാ പാര്‍ട്ടി, തെലുങ്ക് ചലച്ചിത്ര താരവും ചിരഞ്ജീവിയുടെ സഹോദരനുമായ പവന്‍ കല്യാണിന്റെ ‘ജനസേന’ എന്നീ പാര്‍ട്ടികളും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.