കളിക്കാന്‍ വിളിച്ചു; ഗ്യാലറിയിലിരുത്തി

Posted on: March 16, 2014 12:37 am | Last updated: March 16, 2014 at 12:37 am
SHARE

i-m-vijayanകോഴിക്കോട്: മൈതാനങ്ങളില്‍ കാല്‍പന്തു കളിയുടെ മാസ്മരികത തീര്‍ക്കുന്ന ഐ എം വിജയനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളിക്കളത്തിലേക്ക് ക്ഷണിച്ചു. അവസാനം കളത്തിലിറക്കാതെ ഗ്യാലറിയിലിരുത്തി. കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയനെ കോണ്‍ഗ്രസാണ് മോഹിപ്പിച്ച് വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ഐ എം വിജയനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ വഴിയാണ് വിജയനെ നേതാക്കള്‍ ബന്ധപ്പെട്ടത്. ആവശ്യം കേട്ട വിജയന്‍ ആലോചിക്കാമെന്ന മറുപടിയാണ് നല്‍കിയത്. എതിരാളികളുടെ വല നിറക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്റെ ആരാധകരുടെ വോട്ട് സ്വന്തം പെട്ടിയിലാക്കുകയായിരുന്നു ലക്ഷ്യം. ഗ്രുപ്പ് പോര്‍വിളിയില്‍ മുന്നിലുള്ള പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് ആര് സ്ഥാനാര്‍ഥിയായി വന്നാലും എതിരാളികളുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് നേതാക്കള്‍ വിജയനെ തേടിയെത്തിയത്.
പരമ്പരാഗത യു ഡി എഫ് വോട്ടുകള്‍ക്ക് പുറമെ പാലക്കാട്ടെ ഫുട്‌ബോള്‍ പ്രേമികളുടെയും വിജയന്റെ ആരാധകരുടെയും വോട്ട് കൊണ്ട് മണ്ഡലം സ്വന്തമാക്കാമെന്നായിരുന്നു ധാരണ. പാലക്കാട്ടെ യുവ എം പിയും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം വിജയനെ കളത്തിലിറക്കി മറികടക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വിജയന്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാല്‍ ഇതു സംബന്ധിച്ചുള്ള നീക്കങ്ങള്‍ തകൃതിയിലാകുകയും ചെയ്തു. സീറ്റ് മോഹികളെ ഭയന്ന് അതീവ രഹസ്യമായാണ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍, സോഷ്യലിസ്റ്റ് ജനത സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ സ്വന്തം സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാതിരുന്ന പാലക്കാട് കോണ്‍ഗ്രസ് അവര്‍ക്ക് വെച്ച് നീട്ടുകയായിരുന്നു.
സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോല്‍ തന്നോട് ആലോചിച്ചില്ലെന്ന പരിഭവമാണ് വിജയനുള്ളത്. വിജയന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അടുത്ത സുഹൃത്തുക്കളും കടുത്ത നിരാശയിലാണ്. പാലക്കാട് സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിരുന്നതായി ഐ എം വിജയന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍, മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിച്ചപ്പോള്‍ തന്നോട് അഭിപ്രായം ചോദിച്ചില്ല. എപ്പോഴും നിറം മാറുന്ന രാഷ്ട്രീയക്കാരില്‍ നിന്നും ഇതൊക്കെ തന്നെയെ പ്രതീക്ഷിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍മാരായ ബൈചുംഗ് ബൂട്ടിയയും പ്രസൂണ്‍ ബാനര്‍ജിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ട്. ഇവര്‍ രണ്ട് പേര്‍ക്കും വിജയാശംസകള്‍ നേരാനും ഐ എം വിജയന്‍ മറന്നില്ല.