Connect with us

Ongoing News

ആധുനിക മുഖമണിഞ്ഞ് പോളിംഗ് ബൂത്ത്‌

Published

|

Last Updated

വോട്ട് ചെയ്യാന്‍ പോളിംഗ് സ്റ്റേഷന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്ന് വീഴുന്ന വാര്‍ത്തകള്‍ ഇനി പഴങ്കഥ. ആധുനിക സംവിധാനങ്ങളെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കിയതിനൊപ്പം പോളിംഗ് സ്റ്റേഷനുകളിലും എല്ലാവിധ സംവിധാനങ്ങളുമൊരുക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് സ്റ്റേഷന് മുന്നില്‍ തണലൊരുക്കുന്നതില്‍ തുടങ്ങി വികലാംഗര്‍ക്കും പ്രായം ചെന്നവര്‍ക്കും ബൂത്തില്‍ കയറാനുള്ള റാംപ് വരെ വോട്ടര്‍മാര്‍ക്കായി ഒരുക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, മൂത്രപ്പുര, നിലവാരമുള്ള വോട്ടിംഗ് കംപാര്‍ട്‌മെന്റുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടാകും. ബൂത്തുകള്‍ക്ക് മുന്നിലെല്ലാം ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. കേരളത്തിലെ എല്ലാബൂത്തുകളിലും ഈ സംവിധാനങ്ങളെല്ലാം ഒരുക്കും. ലഭ്യമല്ലാത്ത സ്ഥലങ്ങളുടെ വിവരം ശേഖരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഫോട്ടോ പതിച്ച സ്ലിപ്പാണ് മറ്റൊരു ആകര്‍ഷണം. ജനാധിപത്യവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ക്ഷണക്കത്തായാണ് ഈ സ്ലിപ്പിനെ കാണുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ പറയുന്നു. സ്റ്റൈപന്റ് നല്‍കി കമ്മീഷന്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഉപയോഗിച്ചാണ് സ്ലിപ്പ് വിതരണം ചെയ്യുക. ഏപ്രില്‍ ആദ്യ വാരം മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കും. വീടുകളില്‍ ലഭിക്കാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി സ്ലിപ്പ് നല്‍കും. രാഷ്ട്രീയ കക്ഷികള്‍ അവരുടെ ചിഹ്നം ഉള്‍പ്പെടുത്തി സ്ലിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും വോട്ടറുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളോടെയാകും കമ്മീഷന്റെ സ്ലിപ്പ്.
ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നേരത്തെ മുതല്‍ കമ്മീഷന്‍ തുടങ്ങിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലകള്‍ തോറും ഹെല്‍പ് ലൈനുകള്‍ സ്ഥാപിച്ചും ഇന്റര്‍നെറ്റും എസ് എം എസും വഴി വോട്ടര്‍ പട്ടിക പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയും വോട്ടര്‍മാര്‍ക്കുള്ള സഹായ കേന്ദ്രങ്ങള്‍ തുറന്നും പരമാവധി പേരെ ഇതിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് 2011 മുതല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ വോട്ടര്‍ ദിനമായി ആചരിക്കുന്നു. ദേശീയ വോട്ടര്‍ ദിനത്തോടനുബന്ധിച്ച് എട്ടു ലക്ഷം കേന്ദ്രങ്ങളില്‍ പുതിയ വോട്ടര്‍മാരെ കമ്മിഷന്‍ അനുമോദിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചു. വോട്ടര്‍മാരെ പ്രചോദിപ്പിക്കാന്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രശസ്തരായവരെ തിരഞ്ഞെടുപ്പ് പ്രതീകങ്ങളായി നിയോഗിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം, എം എസ് ധോണി, സൈന നെഹ്‌വാള്‍, എം സി മേരികോം തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും.
നാടന്‍ കലാസാംസ്‌കാരിക സംഘടനകള്‍, കേബിള്‍ ശൃംഖല, മാരത്തണ്‍, റാലികള്‍, മനുഷ്യച്ചങ്ങല, പ്രദര്‍ശനങ്ങള്‍, പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സിനിമാ സ്ലൈഡുകള്‍, തെരുവു നാടകങ്ങള്‍, മാജിക് പരിപാടികള്‍ തുടങ്ങിയവയും തിരഞ്ഞെടുപ്പിന് പ്രചാരണം നല്‍കാന്‍ കമ്മീഷന്‍ സംഘടിപ്പിച്ചിരുന്നു.

 

Latest