Connect with us

Ongoing News

പുതുച്ചേരിയില്‍ പ്രചാരണരംഗം ഉണര്‍ന്നില്ല: എന്‍ ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എക്കൊപ്പം

Published

|

Last Updated

പുതുച്ചേരിയിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എക്കൊപ്പം. പ്രധാനമായും ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി വി നാരായണ സ്വാമി ഒരുവട്ടം കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി പഴയ സഹപ്രവര്‍ത്തകനും മുന്‍ സ്പീക്കറുമായ ആര്‍ രാധാകൃഷ്ണന്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ എന്‍ രംഗസ്വാമിയുടെ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവാണ് രാധാകൃഷ്ണന്‍.
പാട്ടാളിമക്കള്‍ കക്ഷി സ്ഥാനാര്‍ഥിയായ മുന്‍ എം എല്‍ എ. ആര്‍ കെ ആര്‍ ആനന്ദരാമന്‍ രംഗത്തുണ്ടെങ്കിലും ഇദ്ദേഹത്തിന് നോമിനേറ്റഡ് എം എല്‍ എ സ്ഥാനം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രംഗസ്വാമി ശ്രമം തുടങ്ങിയിട്ടുണ്ട്. പാട്ടാളിമക്കള്‍ കക്ഷിക്ക് പുതുച്ചേരിയില്‍ വോട്ട് ബേങ്കുകളുണ്ട്. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ ഡി എം കെ സ്ഥാനാര്‍ഥിയായി കാരിക്കാലില്‍ നിന്നുള്ള മുന്‍മന്ത്രിയും നിലവില്‍ എം എല്‍ എയുമായ എ എം എച്ച് നസീമും മത്സര രംഗത്തുണ്ട്.
മുന്‍ നിയമസഭാംഗം വി ഓമലിംഗത്തെയാണ് എ ഐ എ ഡി എം കെ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. സി പി എം പിന്തുണയോടെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ ആര്‍ വിശ്വനാഥനും രംഗത്തുണ്ട്. മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുടെ പാര്‍ട്ടിക്ക് മാഹിയില്‍ യൂനിറ്റില്ലെങ്കിലും എന്‍ ഡി എ ഘടക കക്ഷിയായ ബി ജെ പിക്ക് വോട്ടുകളുണ്ട്. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ പലവഴിക്ക് ഭിന്നിക്കപ്പെടുമ്പോള്‍ ജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമന്ത്രി വി നാരായണസ്വാമി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം രംഗസ്വാമിയടക്കമുള്ളവര്‍ ഒപ്പം നിന്നതു കൊണ്ട് ലഭിച്ചതാണ്. ഇതില്‍ എത്രമാത്രം വോട്ടുകള്‍ അട്ടിമറിക്കപ്പെടുമെന്നതിനെ ആശ്രയിച്ചായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സ്ഥാനാര്‍ഥികളായെങ്കിലും പ്രചാരണരംഗം ഉണരാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ഏപ്രില്‍ 24 നാണ് ഇവിടെ വോട്ടെടുപ്പ്. അതേസമയം, യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. 1985 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പുതുച്ചേരിയെ മാറി മാറി പ്രതിനിധാനം ചെയ്യുന്ന കേന്ദ്രമന്ത്രി വി നാരായണ സ്വാമിയെ വീണ്ടും വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കലാപത്തിന് കോപ്പ് കൂട്ടുന്നത്. നാരായണ സ്വാമിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസം കാരണം പാര്‍ട്ടി വിട്ട് എന്‍ ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച് സംസ്ഥാന ഭരണം പിടിച്ചെടുത്ത രംഗസ്വാമിക്കെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി വെട്രിശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള അമ്പതോളം ഭാരവാഹികളും അനുയായികളും രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest