പ്രവചനാതീതം; പോരാട്ടം കാത്ത് തലസ്ഥാനം

Posted on: March 16, 2014 12:20 am | Last updated: March 16, 2014 at 12:20 am
SHARE

Thiruvannathapuram LCഇടത് വലത് ഭരണകൂടങ്ങളെ മാറി മാറി വരിക്കുന്ന രാഷ്ട്രീയ കാഴ്ചകള്‍ക്ക് നേരിട്ട് സാക്ഷിയാകുന്ന നഗരമെന്ന ഖ്യാതി തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നത്. മാറിമറിയുന്ന മുന്നണി ബന്ധങ്ങള്‍ക്കിടെയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഇതുവരെ ഒരു രാഷ്ട്രീയ ചേരിക്കും കുത്തകയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു തന്നെയാണ് മണ്ഡലത്തിന്റെ പ്രത്യേകതയും.
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലം. തീരപ്രദേശവും ചെറുകുന്നുകളും താഴ്‌വാരങ്ങളും ചേരുന്ന ഉള്‍നാടും സമ്മേളിക്കുന്ന മണ്ഡലത്തിലെ ഭൂപ്രകൃതിയെപ്പോലെ തന്നെ വ്യത്യസ്തമാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചായ്‌വുകളും. രാഷ്ട്രീയത്തിലെ മഹാരഥന്‍മാര്‍ മുതല്‍ നവാഗതര്‍ വരെയുള്ളവരെ പാര്‍ലിമെന്റിലേക്ക് ജയിപ്പിച്ച മണ്ഡലമെന്ന നിലയില്‍ വേറിട്ടതാണ് തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍. 1957 മുതല്‍ 2009 വരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ രണ്ട് മുന്നണികള്‍ക്കും തിരുവനന്തപുരം മാറി മാറി വിജയപരാജയങ്ങള്‍ നല്‍കിയിട്ടുണ്ട്. എട്ട് തവണ കോണ്‍ഗ്രസിനെയും നാല് തവണ സി പി ഐയെയും തുണച്ച മണ്ഡലം ഒരു തവണ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും രണ്ട് തവണ സ്വന്തന്ത്രന്‍മാരേയും പിന്തുണച്ചു.
1957ല്‍ കരുത്തനായ പട്ടം താണുപിളളയെ പരാജയപ്പെടുത്തി ഈശ്വര അയ്യര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്‌സഭയിലെത്തിയപ്പോള്‍ തിരുവനന്തപുരം ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അട്ടിമറി മണ്ഡലമെന്ന ഖ്യാതി നേടി. 57ലും 62ലും സ്വതന്ത്രന്‍മാരെ വരിച്ച മണ്ഡലം രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു തുടങ്ങിയത് 1967 മുതലാണ്. 67ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ പി വിശ്വംഭരനായിരുന്നു വിജയം. രാജ്യാന്തര പ്രശസ്തി നേടി നെഹ്‌റു സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണ മേനോന്‍ 1971ല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായപ്പോള്‍ 77ല്‍ സി പി ഐ അതികായനായ എം എന്‍ ഗോവിന്ദന്‍ നായര്‍ വിജയം ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നു.
മണ്ഡലം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയില്‍ 80ല്‍ എം എന്‍ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എ നീലലോഹിതദാസന്‍ നാടാര്‍ വിജയിയായി. എന്നാല്‍, അടുത്തു നടന്ന 84ലെ തിരഞ്ഞെടുപ്പില്‍ നീലലോഹിതദാസന്‍ നാടാര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ ചാള്‍സ് എന്ന നവാഗതനായിരുന്നു ഇക്കുറി വിജയി. മണ്ഡലത്തിലെ പ്രബല സാമുദായിക വിഭാഗമായ നാടാര്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കെ കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ ബുദ്ധിയില്‍ തെളിഞ്ഞ പേരായിരുന്നു എ ചാള്‍സ്. രാഷ്ട്രീയത്തില്‍ നവാഗതനായിരുന്ന എ ചാള്‍സ് 89ലും 91ലും വിജയിച്ച് മണ്ഡലത്തില്‍ ഹാട്രിക് നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാനാര്‍ഥിയായി മാറി.
91ല്‍ സി പി ഐയുടെ പ്രബല നേതാവ് കെ വി സുരേന്ദ്രനാഥ് വിജയിച്ചതോടെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചാഞ്ഞു. മണ്ഡലം തിരികെ പിടിക്കാനായി 98ല്‍ കരുണാകരന്‍ നേരിട്ടിറങ്ങി. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ച് കേന്ദ്രത്തില്‍ ഭരണ സ്തംഭനം വന്നപ്പോള്‍ 199ല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ വി എസ് ശിവകുമാറിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 2004ല്‍ സി പി ഐയുടെ മുതിര്‍ന്ന നേതാവായ പി കെ വാസുദേവന്‍ നായരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി മത്സരം നേരിട്ടു. വിജയം സി പി ഐക്കൊപ്പം നിന്നെങ്കിലും പി കെ വിയുടെ പെട്ടെന്നുണ്ടായ മരണം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടായാക്കി. 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനായിരുന്നു സി പി ഐ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ട് കരുണാകരന്‍ ഡി ഐ സി രൂപീകരിച്ച രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തി പന്ന്യന്‍ വിജയം കുറിച്ചു.
യുനൈറ്റഡ് നാഷന്‍സില്‍ അണ്ടര്‍ സെക്രട്ടറിയെന്ന ഉന്നത പദവി വഹിക്കുകയും ഇന്ത്യന്‍ ആംഗലേയ എഴുത്തുകാരനെന്ന നിലയില്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ശശി തരൂരിനെയാണ് 2009ല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇറക്കിയത്. 9,99,998 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സി പി ഐ സ്ഥാനാര്‍ഥി അഡ്വ. പി രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തിയാണ് ആദ്യ അങ്കത്തില്‍ ശശിതരൂര്‍ വിജയിയായത്. ഇത്തവണയും സിറ്റിംഗ് എം പിയായ ശശി തരൂരിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഡോ. ബെന്നറ്റ് എബ്രഹമാനിയാണ് ഇത്തവണ സി പി ഐ രംഗത്തിറക്കിയത്. ബി ജെ പി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മത്സരാര്‍ഥികളെ നിര്‍ണയിച്ചാലും ഗ്രൂപ്പുകള്‍ക്കും പാര്‍ട്ടികള്‍ക്കും ഉപരി മറ്റു ഘടകങ്ങളാണ് പലപ്പോഴും മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ വിജയത്തിലേക്ക് നയിക്കുന്നത്. ഭരണസിരാ കേന്ദ്രമെന്ന നിലയില്‍ പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഭരണരാഷ്ട്രീയ ബോധവും വിവിധ ജില്ലകളില്‍ നിന്നെത്തി തിരുവനന്തപുരത്തുകാരായി രൂപാന്തരപ്പെട്ട ജനസഞ്ചയത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഇഴചേരുന്നിടത്താണ് തലസ്ഥാന ജില്ലയിലെ വിജയം നിര്‍ണയിക്കപ്പെടുന്നത്. നാളേറെ കഴിഞ്ഞിട്ടും ഈ വിജയ സമവാക്യത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നിഷ്പക്ഷ വോട്ടുകള്‍ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു മണ്ഡലമെന്ന നിലയിലും തിരുവനന്തപുരം മണ്ഡലം പ്രവചനാതീതമാണ്. അതു കൊണ്ടു തന്നെ ഇക്കുറി മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.